ചൈന അതിദാരിദ്ര്യം ഇല്ലാതാക്കിയത് എങ്ങനെ?
വങ്ജിയയിലേയ്‌ക്ക് താമസം മാറിയ സ്‌ത്രീകൾ ഗ്വെയ്ജോ പ്രവിശ്യയിലെ തൊങ്വെൻ നഗരത്തിലുള്ള കമ്മ്യൂണിറ്റി സെന്ററിൽ നടക്കുന്ന ഒരു പ്രാദേശിക പരിപാടിയിൽ പങ്കെടുക്കുന്നു. 2021 ഏപ്രിൽ.
ചൈനയുടെ ലക്ഷ്യകേന്ദ്രീകൃതമായ ദാരിദ്ര്യനിർമാർജന പദ്ധതിയുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കാണാനും അതുമായി ബന്ധമുള്ള ആളുകളെ സന്ദർശിക്കാനുമായി ഗ്വെയ്ജോ പ്രവിശ്യയിലേയ്‌ക്കു നടത്തിയ ഒരു യാത്രയിൽ വച്ചെടുത്തതാണ് ഈ പഠനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചിത്രങ്ങൾ. ചിത്രങ്ങളുടെ മുകളിലേയ്‌ക്കു നീണ്ടു നിൽക്കുന്ന രീതിയിൽ വരച്ചിരിക്കുന്ന രേഖകൾ ആർക്കിറ്റെക്റ്റുകൾ ഉപയോഗിക്കുന്ന സ്കെച്ചുകളെ ഓർമിപ്പിക്കുന്ന തരത്തിലുള്ളവയാണ്. തുടർച്ചയായുള്ള കെട്ടിപ്പടുക്കൽ സോഷ്യലിസത്തിലേയ്‌ക്കുള്ള പ്രയാണത്തിന്റെ അഭേദ്യമായ ഭാഗമാണല്ലോ. സോഷ്യലിസം കെട്ടിപ്പടുക്കുന്നതിനെപ്പറ്റിയുള്ള പഠനങ്ങളുടെ പരമ്പരയിൽ ആദ്യത്തേതാണ് ഈ പഠനം. ഈ പരമ്പരയ്‌ക്ക് ചേർന്ന ഒരു ദൃശ്യഭാഷയാണ് ഈ പഠനത്തിൽ ഉപയോഗിച്ചിരിക്കുന്നത് എന്നു ഞങ്ങൾ കരുതുന്നു.
ഉള്ളടക്കം
- ഭാഗം 1: ആമുഖം
- ഭാഗം 2: ചരിത്ര പശ്ചാത്തലം
- ഭാഗം 3: ദാരിദ്ര്യ നിർമാർജനത്തിന്റെ സിദ്ധാന്തവും പ്രയോഗവും
- ഭാഗം 4: ലക്ഷ്യകേന്ദ്രീകൃതമായ ദാരിദ്ര്യനിർമാർജനം
- ഭാഗം 5: കേസ് സ്റ്റഡീസ്
- ഭാഗം 6: വെല്ലുവിളികളും ചക്രവാളങ്ങളും
- ഭരതവാക്യം
പങ് ലാൻഹ്വാ മുത്തശ്ശി ഗ്വെയ്ജോ പ്രവിശ്യയിലെ താന്യാങ്ങിലുള്ള തന്റെ 200 വർഷം പഴക്കമുള്ള വീട്ടിൽ. വീട് പുതുക്കിപ്പണിത് അവിടെ വൈദ്യുതിയും പൈപ്പിലൊഴുകുന്ന വെള്ളവും സാറ്റലൈറ്റ് ടെലിവിഷനും ലഭ്യമാക്കിയിട്ടുണ്ട്. 2021 ഏപ്രിൽ.
ഭാഗം 1: ആമുഖം ⤴
ഗ്വെയ്ജോ പ്രവിശ്യയിലെ ഒരു വിദൂര ഗ്രാമത്തിൽ ഇരുനൂറ് വർഷം പഴക്കമുള്ള വീട്ടിലാണ് പങ് ലാൻഹ്വാ എന്നുപേരുള്ള മുത്തശ്ശി താമസിക്കുന്നത്. 1935-ൽ ജനിച്ച അവർ ജാപ്പനീസ് അധിനിവേശത്തിനു കീഴിലായിരുന്ന ചൈനയിൽ വളർന്നു. ചൈനീസ് വിപ്ലവകാലത്ത് കൗമാരത്തിലേയ്‌ക്ക് പ്രവേശിച്ചു.
മരം കൊണ്ടുണ്ടാക്കിയ വീട് പൊളിഞ്ഞുവീഴാറായ അവസ്ഥയിലാണ്. വീട് വാസയോഗ്യമല്ലെന്ന് സർക്കാർ പരിശോധനയിൽ കണ്ടെത്തിയിട്ടും സർക്കാരിന്റെ ദാരിദ്ര്യനിർമാർജന പദ്ധതിയുടെ ഭാഗമായി സ്ഥലം മാറാൻ ആഗ്രഹിക്കാത്ത ചുരുക്കം ചിലരിൽ ഒരാളാണ് പങ്. 2013 മുതൽ, ഈ ഗ്രാമത്തിലെ 86 കുടുംബങ്ങളെ ഒരു മണിക്കൂർ യാത്ര ചെയ്‌ത് എത്താവുന്ന സ്ഥലത്ത് പുതുതായി സ്ഥാപിച്ച പാർപ്പിടമേഖലയിലേയ്‌ക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. വീടുകൾ അപകടനിലയിലാണെന്നോ പ്രാദേശികമായി അവർക്കായി തൊഴിലുകൾ ഉത്പാദിപ്പിക്കാനാകില്ലെന്നോ സർക്കാർ കണക്കാക്കിയവരായിരുന്നു ഇവർ. പക്ഷെ പങ്ങിന് തന്റെ വീട്ടിൽ നിന്നും മാറാതിരിക്കാൻ കാരണങ്ങളുണ്ട്. പങ്ങിന് 86 വയസ്സുണ്ട്, അവർ അൽറ്റ്ഷൈമേഴ്‌സ് രോഗിയുമാണ്. കുറഞ്ഞ വരുമാനക്കാർക്കുള്ള ഇൻഷുറൻസും ചെറിയൊരു പെൻഷനും അവർക്ക് ലഭിക്കുന്നുണ്ട്. കൂടാതെ, അവരുടെ കുടുംബത്തിന്റെ ഭൂമി പാട്ടത്തിനെടുത്ത ഒരു പുതിയ ചെറുമധുരനാരങ്ങാ കമ്പനിയിൽ നിന്നും അവർക്ക് അനുബന്ധ വരുമാനവും ലഭിക്കുന്നു. പ്രാദേശിക കാർഷിക വ്യവസായം വികസിപ്പിക്കുന്നതിനായി സ്ഥാപിച്ച ഈ കമ്പനിയുടെ ലാഭവിഹിതം, ദേശീയ ദാരിദ്ര്യ നിർമാർജന പരിപാടിയുടെ ഭാഗമായി പങ്ങിനെപ്പോലെയുള്ള ഗ്രാമീണർക്ക് വിതരണം ചെയ്യുന്നു. തൊട്ടടുത്ത് സർക്കാർ സബ്‌സിഡി ഉപയോഗിച്ചു നിർമിച്ച രണ്ടുനില വീട്ടിൽ പങ്ങിന്റെ മകളും മരുമകനും താമസിക്കുന്നുണ്ട്. പങ്ങിന്റെ മക്കൾക്ക് ജോലിയുണ്ട്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, അവരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് ബുദ്ധിമുട്ടില്ല, സ്ഥലംമാറ്റം നിർബന്ധവുമല്ല.
“മാറിത്താമസിക്കാൻ ഞങ്ങൾക്ക് ആരെയും നിർബന്ധിക്കാൻ കഴിയില്ല. എന്നിരുന്നാലും ഞങ്ങൾ നൽകേണ്ട “മൂന്ന് ഗ്യാരന്റികളും രണ്ട് ഉറപ്പുകളും” ഉണ്ട്,” തീവ്രദാരിദ്ര്യത്തിൽ നിന്നും എല്ലാ കുടുംബങ്ങളും കരകയറുന്നു എന്ന് ഉറപ്പ് വരുത്തുന്നതിനായി ആ ഗ്രാമത്തിൽ താമസിച്ച് പ്രവർത്തിക്കാൻ അയയ്‌ക്കപ്പെട്ട പാർട്ടി പ്രവർത്തകനായ ല്യോ യുവൻഷുവെ പറയുന്നു. സർക്കാരിന്റെ ദാരിദ്ര്യ നിർമാർജന പദ്ധതി ഗ്യാരന്റി ചെയ്യുന്ന സുരക്ഷിതമായ പാർപ്പിടം, ആരോഗ്യ പരിരക്ഷ, വിദ്യാഭ്യാസം എന്നിവയും, ഭക്ഷണവും വസ്‌ത്രവും ലഭ്യമാക്കുമെന്ന ഉറപ്പും ആണ് അദ്ദേഹം പരാമർശിക്കുന്നത്. ല്യോ എല്ലാ മാസവും പങ്ങിന്റേത് ഉൾപ്പെടെ ഗ്രാമത്തിലെ എല്ലാ കുടുംബങ്ങളെയും സന്ദർശിക്കുന്നു. ഈ സന്ദർശനങ്ങളിലൂടെ, ഓരോ വ്യക്തിയുടെയും ജീവിതത്തെപ്പറ്റിയുള്ള വിശദാംശങ്ങൾ അദ്ദേഹം മനസ്സിലാക്കുന്നു.
“നിലം വൃത്തികേടായി കിടക്കുകയാണ്,” മരം കൊണ്ട് നിർമിച്ച വലിയ വീട്ടിലേയ്‌ക്ക് പ്രവേശിക്കുമ്പോൾ ല്യോ തമാശയായി പങ്ങിന്റെ മരുമകളെ ശാസിച്ചു. അവരും കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈന അംഗമാണ്. ചെയർമാൻ മാവോയുടെയും പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെയും ചിത്രങ്ങൾ ചുമരിൽ തൂക്കിയിട്ടിരിക്കുന്നു — പങ്ങിന്റെ ജീവിതത്തിന്റെ ആദ്യകാലത്തെയും പിന്നെ ഇപ്പോഴത്തെയും ചൈനയിലെ രണ്ട് സോഷ്യലിസ്റ്റ് നേതാക്കളുടെ ചിത്രങ്ങൾ. ചിത്രങ്ങൾക്കു താഴെയായി പഴയ ഒരു മേശയും കുടിവെള്ളം സൂക്ഷിക്കാൻ ഉപയോഗിക്കുന്ന പൊടി പിടിച്ച ഒരു ടെറാക്കോട്ട ജഗ്ഗും. അവയ്‌ക്കരികെ വച്ചിരിക്കുന്ന ഇന്റർനെറ്റ് റൗട്ടറിൽ പച്ച വെളിച്ചം കത്തി നിൽക്കുന്നു. ഈഥർനെറ്റ് കേബിളുകളും കുറെ വയറുകളും വീടിന്റെ വിവിധ കോണുകളിലേയ്‌ക്ക് നീണ്ടുകിടക്കുന്നു (രജിസ്റ്റർ ചെയ്‌ത എല്ലാ ദരിദ്ര കുടുംബങ്ങൾക്കും ഇന്റർനെറ്റ് കണക്ഷനും സിസിടിവി സാറ്റലൈറ്റ് ടെലിവിഷനും ആദ്യ മൂന്ന് വർഷത്തേയ്‌ക്ക് സൗജന്യമായും പിന്നീട് സബ്‌സിഡി നിരക്കിലും കൊടുക്കുന്നുണ്ട്). ഓരോ മുറിയിലും കുറഞ്ഞ വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ബൾബുകളുണ്ട്. ടെറസിൽ തുണി വിരിച്ചിടുന്നയിടത്തിനടുത്ത് സാറ്റലൈറ്റ് ഡിഷും കാണാം. സൗരോർജം ഉപയോഗിച്ച് ചൂടാക്കുന്ന വെള്ളം ലഭിക്കുന്ന ഷവറോട് കൂടിയ ഒരു കുളിമുറി വീടിനോട് കൂട്ടിച്ചേർത്ത് പണിതിട്ടുണ്ട്. അതിന്റെ മണ്ണുകൊണ്ടുള്ള തറയ്‌ക്കുമേലെ കോൺക്രീറ്റ് കോരിയൊഴിച്ചാണ് പണിതിരിക്കുന്നത്. ലെനിന്റെ പ്രശസ്‌തമായ വാചകമുണ്ട്: “കമ്മ്യൂണിസം എന്നത് സോവിയറ്റ് ശക്തിയും രാജ്യവ്യാപകമായ വൈദ്യുതീകരണവുമാണ്”. ഗ്രാമങ്ങളിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതും ജനങ്ങളുടെ മൂർത്തമായ ആവശ്യങ്ങൾ നിറവേറ്റുന്നതും ദാരിദ്ര്യത്തിനെതിരായിട്ടുള്ള ചൈനയുടെ പോരാട്ടത്തിന്റെ നെടുംതൂണുകളാണ്. പങ്ങിന്റെ വീട്ടിലേയ്‌ക്കുള്ള ല്യോയുടെ സന്ദർശനം ആ പ്രക്രിയയുടെ ഭാഗമായിട്ടുള്ള ഒരു ദൈനംദിന കാഴ്‌ച മാത്രമാണ്.
അരനൂറ്റാണ്ടുകാലമായി ഈ വീട്ടിൽ പങ് ജീവിക്കുന്നു എന്നതും വിപ്ലവത്തിന്റെ ഫലമായി സംഭവിച്ചതാണ്. 1970-കളിൽ സാംസ്‌കാരിക വിപ്ലവത്തിന്റെ സമയത്ത് ഒരു സമ്പന്ന ജന്മിയുടെ പക്കൽ നിന്ന് പിടിച്ചെടുത്ത് പങ്ങിന്റേത് അടക്കം മൂന്നു പാവപ്പെട്ട കർഷക കുടുംബങ്ങൾക്കായി പുനർവിതരണം ചെയ്‌തതാണ് ഈ വീട്. ല്യോയെപ്പോലെയുള്ള പാർട്ടി പ്രവർത്തകർ അവരെ മാസത്തിൽ ഒരിക്കൽ സന്ദർശിക്കുന്നതും വീട് വാസയോഗ്യമാക്കുന്നതിനായി പുതുക്കി പണിയുന്നതും, ഉൾഗ്രാമങ്ങളിലെ ഏറ്റവും പാവപ്പെട്ട ജനങ്ങൾക്കടക്കം ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കുന്നതും ഈ വിപ്ലവചരിത്രത്തിന്റെ തുടർച്ചയാണ്. രാജ്യത്ത് പങ്ങിനെപ്പോലെയുള്ള കർഷകർക്കും തൊഴിലാളികൾക്കും പാർപ്പിടം, ഭക്ഷണം, വസ്‌ത്രം, പരിചരണം എന്നിവ ഉറപ്പ് വരുത്തുക എന്നത് ദാരിദ്ര്യത്തിനെതിരായിട്ടുള്ള ചൈനയുടെ ദീർഘകാല പോരാട്ടത്തിന്റെ ഭാഗമാണ്. സോഷ്യലിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുന്നതിന്റെ ഒരു പ്രധാനപ്പെട്ട ഘട്ടം കൂടിയാണിത്.
ചരിത്രത്തിൽ ദാരിദ്ര്യത്തിനെതിരായിട്ടുള്ള ഏറ്റവും വലിയ വിജയം
140 കോടി ജനസംഖ്യയുള്ള ചൈനയിൽ നിന്നും അതിദാരിദ്ര്യം നിർമാർജനം ചെയ്തതായി 2021 ഫെബ്രുവരി 25-ന് ചൈനീസ് സർക്കാർ പ്രഖ്യാപിച്ചു. 1949-ലെ ചൈനീസ് വിപ്ലവത്തോടെ ആരംഭിച്ച ഏഴു പതിറ്റാണ്ട് നീണ്ടു നിന്ന പ്രക്രിയയുടെ ഫലമാണ് ഈ ചരിത്രവിജയം. സോഷ്യലിസത്തിലേയ്‌ക്കുള്ള പാതയിലെ ആദ്യ പതിറ്റാണ്ടുകൾ ഇതിന് അടിത്തറയിടുകയും പരിഷ്‌കാരകാലഘട്ടത്തിൽ ഈ പ്രവർത്തനങ്ങൾ ദൃഢീകരിക്കപ്പെടുകയും ചെയ്‌തു. ഈ കാലഘട്ടത്തിൽ 85 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും കരകയറി. അതായത്, ലോകത്ത് 1978 മുതൽ 2020 വരെ നടന്ന മൊത്തം ദാരിദ്ര്യനിർമാർജനത്തിൽ 70 ശതമാനവും ചൈനയിൽ ആണ് നടന്നത്. 2013-ൽ ആരംഭിച്ചതാണ് അതിദാരിദ്ര്യനിർമാർജനത്തിന്റെ ഏറ്റവും ഒടുവിലത്തെ, ലക്ഷ്യത്തിലൂന്നിയ (“targeted”) ഘട്ടം. ഈ ഘട്ടത്തിൽ ചൈനീസ് സർക്കാർ ഗ്രാമങ്ങളിൽ 11 ലക്ഷം കിലോമീറ്റർ റോഡുകൾ നിർമിച്ചു. ദരിദ്ര ഗ്രാമങ്ങളിൽ 98 ശതമാനത്തിലും ഇന്റർനെറ്റ് ലഭ്യമാക്കി, 2.57 കോടി ജനങ്ങളുടെ വീടുകൾ പുതുക്കിപ്പണിതു, 96 ലക്ഷം പേർക്ക് പുതുതായി വീടുകൾ നിർമിച്ചു. ഈ പ്രവർത്തനങ്ങൾക്കെല്ലാമായി സർക്കാർ 1.6 ലക്ഷം കോടി യുവാൻ അഥവാ 24,600 കോടി യു.എസ്. ഡോളർ ചെലവഴിച്ചു. 2013-ൽ അതീവദാരിദ്ര്യം അനുഭവിച്ചിരുന്നവർ 9 കോടി 89 ലക്ഷം പേരായിരുന്നു. 832 കൗണ്ടികളിലും 128,000 ഗ്രാമങ്ങളിലും ആയി ജീവിച്ചിരുന്ന ഈ ജനങ്ങൾ അതിദാരിദ്ര്യത്തിൽ നിന്നും കരകയറുന്നതിനായി ദശലക്ഷക്കണക്കിനു ജനങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ സ്ഥാപനങ്ങളും സമൂഹത്തിലെ നാനാ വിഭാഗങ്ങളും ഒത്തുചേർന്നു. ഇടയ്‌ക്ക് കോവിഡ്-19 മഹാമാരി ഉണ്ടായിട്ടുകൂടി, അതിദാരിദ്ര്യം നിർമാർജനം ചെയ്യപ്പെടാൻ ഈ പ്രയത്നം ഇടയാക്കി.1
2019-ൽ, ചൈന ദാരിദ്ര്യനിർമാർജന പദ്ധതിയുടെ അവസാന ഘട്ടത്തിലേയ്‌ക്ക് കടന്നതോടെ ഐക്യരാഷ്ട്ര സഭയുടെ സെക്രട്ടറി ജനറൽ അന്തോണിയോ ഗുത്തേരെസ് പറഞ്ഞു, “ഓരോ തവണയും ചൈന സന്ദർശിക്കുമ്പോൾ ചൈനയുടെ പുരോഗതിയുടെ വേഗതയും മുന്നേറ്റവും എന്നെ ആശ്ചര്യപ്പെടുത്തുകയാണ്. 80 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്നും കരകയറാൻ സഹായിക്കുകയും അതോടൊപ്പം ലോകത്ത് ഏറ്റവും ചലനാത്മകമായ സമ്പദ്‌വ്യവസ്ഥകളിലൊന്ന് കെട്ടിപ്പടുക്കുകയും ചെയ്‌തു എന്നത് ചരിത്രത്തിൽ ദാരിദ്ര്യത്തിനെതിരായ ഏറ്റവും മഹത്തരമായ നേട്ടമാണ്.”2
ചൈന ദാരിദ്ര്യത്തിനെതിരായി പോരാടുമ്പോൾ ലോകം, പ്രത്യേകിച്ച് ആഗോള ദക്ഷിണ (Global South) രാജ്യങ്ങൾ, കൂടുതൽ ദാരിദ്ര്യത്തിലേയ്‌ക്ക് കൂപ്പു കുത്തുകയാണ് ഉണ്ടായത്. ഐക്യരാഷ്ട്ര സഭയുടെ ഏജൻസികളുടെ റിപ്പോർട്ടുകൾ, ചൈനയൊഴികെയുള്ള ലോകരാജ്യങ്ങളിൽ ദാരിദ്ര്യനിർമാർജന പദ്ധതികൾക്ക് വലിയ പ്രഹരമേറ്റതായാണ് കാണിക്കുന്നത്. 2020-ൽ 7.1 കോടി ജനങ്ങൾ — അവരിൽ ഭൂരിഭാഗവും സബ്-സഹാറൻ ആഫ്രിക്കയിലും ദക്ഷിണേഷ്യയിലും ആണ് — ദാരിദ്ര്യത്തിലേയ്‌ക്ക് വീണു പോയതായും ഈ റിപ്പോർട്ടുകൾ പറയുന്നു. ആഗോളതലത്തിൽ ദാരിദ്ര്യം 1998-നു ശേഷം ആദ്യമായിട്ടാണ് വർധിക്കുന്നത്.3
കോവിഡ്-19 മഹാമാരി ആക്കം കൂട്ടിയ സാമ്പത്തിക പ്രതിസന്ധി 2030-ഓടെ 25.1 കോടി ജനങ്ങളെ അതിദാരിദ്ര്യത്തിലേയ്‌ക്ക് തള്ളിവിടുമെന്ന് കണക്കാക്കപ്പെടുന്നു.4 അതുവഴി ലോകത്ത് അതിദാരിദ്ര്യത്തിൽ ജീവിക്കുന്ന ജനങ്ങളുടെ എണ്ണം 100 കോടി കവിയും. ഇത്തരമൊരു സാഹചര്യത്തിൽ ചൈന ദാരിദ്ര്യത്തിനെതിരായി പോരാടി വിജയിച്ചു എന്നത് ഒരു അദ്‌ഭുതപ്രതിഭാസമോ യാദൃച്‌ഛികതയോ അല്ല, മറിച്ച് സോഷ്യലിസത്തോട് ചൈനയ്‌ക്കുള്ള പ്രതിബദ്ധതയെയാണ് അത് കാണിക്കുന്നത്. മഹാമാരിക്കാലത്ത് കൂടുതൽ ദുരിതത്തിലേയ്‌ക്ക് വീണു പോയ ദരിദ്രവിഭാഗങ്ങളുടെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും ആവശ്യങ്ങളോട് മുതലാളിത്ത സമൂഹങ്ങൾ കാണിക്കുന്ന നിസ്സംഗതയ്‌ക്ക് നേർവിപരീതമാണ് ഈ സമീപനം.
സോഷ്യലിസം കെട്ടിപ്പടുക്കുന്നതിന്റെ ഒരു അടിസ്ഥാന ഘട്ടമായി അതിദാരിദ്ര്യം ചൈന എങ്ങനെ തുടച്ചു നീക്കി എന്നത് ഈ പഠനം പരിശോധിക്കുന്നു. നിരവധി ചൈനീസ്, ഇംഗ്ലീഷ് സ്രോതസ്സുകളുടെ അടിസ്ഥാനത്തിൽ നടത്തിയിരിക്കുന്ന ഈ പഠനത്തിന് അഞ്ചുഭാഗങ്ങളാണുള്ളത്: ചരിത്രപരമായ സന്ദർഭം, ദാരിദ്ര്യ നിർമാർജനത്തിന്റെ സിദ്ധാന്തവും പ്രയോഗവും, ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജനം, കേസ് സ്റ്റഡികൾ, മുന്നിലുള്ള വെല്ലുവിളികളും ചക്രവാളങ്ങളും. ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച്, പ്രമുഖ ചൈനീസ്, അന്തർദ്ദേശീയ വിദഗ്ധരുമായി അഭിമുഖങ്ങൾ നടത്തുകയും, ഏറ്റവും അവസാനം ദാരിദ്ര്യത്തിൽ നിന്ന് കരകയറിയ ഒമ്പത് കൗണ്ടികൾ സ്ഥിതിചെയ്യുന്ന ഗ്വെയ്ജോ പ്രവിശ്യയിലെ ദാരിദ്ര്യ നിർമാർജന പ്രദേശങ്ങൾ സന്ദർശിക്കുകയും ചെയ്തു. അവിടെ ഞങ്ങൾ ദരിദ്രഗ്രാമങ്ങൾ, വ്യവസായ പദ്ധതികൾ, ജനങ്ങളെ മാറ്റിത്താമസിപ്പിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവ സന്ദർശിച്ചു. ദാരിദ്ര്യനിർമാജനപദ്ധതിയുടെ ഗുണഫലങ്ങൾ നേരിട്ട് അനുഭവിച്ചവരോ അതിൽ പങ്കെടുത്തവരോ ആയ കർഷകർ, പാർട്ടി പ്രവർത്തകർ, ബിസിനസ് ഉടമകൾ, തൊഴിലാളികൾ, യുവാക്കൾ, സ്ത്രീകൾ, മുതിർന്നവർ എന്നിവരുമായി ഞങ്ങൾ നേരിട്ട് സംസാരിച്ചു. ചരിത്രപ്രാധാന്യമുള്ള ഈ പ്രക്രിയയ്‌ക്ക് സംഭാവന നൽകിയ ദശലക്ഷക്കണക്കിന് ആളുകളിൽ ചിലരുടെ മാത്രം കഥകളാണ് ഇതിൽ ഇഴചേർത്തിട്ടുള്ളത്.
മാവോ റ്റ്സേ-തോങ്ങിന്റെ ഒരു ചുവർചിത്രം, ഗ്വെയ്ജോ പ്രവിശ്യയിലെ വാൻഷാൻ ജില്ലയിലുള്ള ഒരു ഗ്രാമത്തിൽ. “ചുവപ്പൻ ടൂറിസ“’ത്തിൽ താത്പര്യമുള്ള സഞ്ചാരികളെ ആകർഷിക്കുന്ന ഒരു കേന്ദ്രം കൂടിയാണ് ഈ ഗ്രാമം.
ഭാഗം 2: ചരിത്ര പശ്ചാത്തലം ⤴
മെച്ചപ്പെട്ട ജീവിതത്തിനായി ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നത് എങ്ങനെ?
“എന്റെ അമ്മയ്ക്ക് രണ്ടു പെൺമക്കളും ഇപ്പോൾ ക്വാങ്ജോയിൽ (Guangzhou) ജോലി ചെയ്യുന്ന ഒരു ഇളയ മകനും ഏഴ് പേരക്കുട്ടികളുമുണ്ട്. തന്റെ മൂന്നു മക്കളുടെ വിദ്യാഭ്യാസം സാധ്യമാക്കാൻ അവർ വളരെയധികം അദ്ധ്വാനിച്ചിരുന്നു. രണ്ടാം ക്ലാസ് പഠനം പൂർത്തിയാക്കാനേ അവർക്ക് കഴിഞ്ഞുള്ളൂ. അതിനു ശേഷം അധികകാലം കഴിയും മുമ്പേ അവർ ജോലി ചെയ്‌തു തുടങ്ങി. അതിരാവിലെ വീട്ടിൽ നിന്നും ഇറങ്ങി പച്ചക്കറി വിൽക്കുകയും രാത്രി വൈകി വീട്ടിൽ തിരിച്ചെത്തുകയുമാണ് അവർ ചെയ്‌തുകൊണ്ടിരുന്നത്. ഞാൻ ചെറുപ്പമായിരുന്നപ്പോൾ ജീവിതം കഷ്ടപ്പാട് നിറഞ്ഞതായിരുന്നു. നുറുക്കിയ ചോളം ആയിരുന്നു ഞങ്ങൾ കഴിച്ചിരുന്നത്. ഒരിക്കലും ചോറ് കഴിച്ചിരുന്നില്ല. അമ്മ ഇപ്പോൾ ഇവിടെയുണ്ട്. അവർ കുട്ടികൾക്കു വേണ്ടി ഭക്ഷണം പാകം ചെയ്യുന്നു, അവശ്യ സാധനങ്ങൾ വാങ്ങാൻ പോകുന്നു, ഇടയ്‌ക്ക് നടക്കാൻ പോകുന്നു. അമ്മ ഒറ്റയ്‌ക്ക് പഴയ വീട്ടിൽ താമസിക്കുകയായിരുന്നെങ്കിൽ ഞങ്ങൾക്ക് ആധി ആകുമായിരുന്നു. വീട്ടിലേയ്‌ക്ക് പോകണമെങ്കിൽ ഇപ്പോൾ രണ്ടുമൂന്ന് മണിക്കൂറുകൾ മാത്രമേ എടുക്കുകയുള്ളൂ. അതുകൊണ്ട് തിരിച്ചുപോകാൻ അമ്മയ്‌ക്ക് എളുപ്പമാണ്. വിശേഷാവസരങ്ങളിൽ അമ്മ പഴയ വീട്ടിലേയ്‌ക്ക് പോകും. അച്ഛന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഇവിടം സന്ദർശിക്കണം എന്നത്. പക്ഷേ അതുസാധിക്കുന്നതിനു മുമ്പേ അദ്ദേഹം മരിച്ചു. രണ്ടുവർഷം മുമ്പ് തലച്ചോറിലെ രക്തസ്രാവം മൂലമായിരുന്നു മരണം.”
— ഹ് യിങ്. (ഓൾ ചൈനാ വിമൻസ് ഫെഡറേഷന്റെ ചെയർപേഴ്‌സണും തൊങ്വെൻ നഗരത്തിലെ വാൻഷാൻ ജില്ലയിലുള്ള വങ്ജിയയിലുള്ള പാർപ്പിട സമൂഹത്തിലെ പാർട്ടി ബ്രാഞ്ചിന്റെ ഡെപ്യൂട്ടി സെക്രട്ടറിയും ആണ് ഹ് യിങ്.)
വങ്ജിയയിലേയ്‌ക്ക് മാറ്റിപ്പാർപ്പിക്കപ്പെട്ടവരിൽ ഒരാളായ ഹ് യിങ് അവിടെ പാർട്ടി നേതാവായി വളർന്നു. അവരുടെ അമ്മയ്‌ക്ക് 69 വയസ്സുണ്ട് — ചൈനീസ് വിപ്ലവത്തെക്കാൾ മൂന്നു വയസ്സു മാത്രം കുറവ്. ദാരിദ്ര്യത്തിനെതിരായി രാജ്യം ഏറ്റെടുത്ത തലമുറകൾ നീണ്ടു നിൽക്കുന്ന പോരാട്ടത്തെ അവരുടെ ജീവിതകാലം അടയാളപ്പെടുത്തുന്നു. 1949 ഒക്ടോബർ 1-ന് ജനകീയ ജനാധിപത്യ ചൈനയുടെ സ്ഥാപനം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് ഏതാനും ദിവസങ്ങൾക്കു മുമ്പ് ചെയർമാൻ മാവോ റ്റ്സേ-തോങ് പറഞ്ഞു, “ചൈനീസ് ജനത — മനുഷ്യരാശിയുടെ നാലിലൊന്ന് — ഇതാ എഴുന്നേറ്റു നിന്നിരിക്കുന്നു.”5 ചൈനയുടെ ദേശീയ വിമോചനം ആഗതമായത്, യൂറോപ്യൻ കൊളോണിയൽ ശക്തികൾ അടിച്ചേൽപ്പിച്ച “അപമാനത്തിന്റെ നൂറ്റാണ്ടി”നും, ദേശീയവാദി ശക്തികളുമായുള്ള രക്തരൂഷിതമായ ആഭ്യന്തരയുദ്ധത്തിനും, മൂന്നരക്കോടി ചൈനക്കാരുടെ ജീവനെടുത്തതും 14 വർഷം നീണ്ടു നിന്നതുമായ ജാപ്പനീസ് ഫാഷിസത്തിനെതിരായ ചെറുത്തുനിൽപ്പിനും ഒടുവിലാണ്.6 ക്വോമിൻതാങ്ങും (ദേശീയവാദി കക്ഷി) യുദ്ധപ്രഭുക്കളും (warlords) ജന്മികളും രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിനു പകരം തങ്ങളുടെ വർഗതാത്പര്യങ്ങൾക്കായിരുന്നു മുൻഗണന നൽകിയത്.
ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തി എന്ന നിലയിൽ നിന്നും ചൈന ഈ കാലഘട്ടത്തിൽ ലോകത്തെ ഏറ്റവും ദരിദ്രരാജ്യങ്ങളിലൊന്നായി മാറി. രാജ്യത്തിന്റെ ആഭ്യന്തര ഉത്പാദനം (Gross Domestic Product, GDP) പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഗോള സമ്പദ്‌വ്യവസ്ഥയുടെ മൂന്നിലൊന്ന് എന്നതിൽ നിന്ന് ജനകീയ ജനാധിപത്യ ചൈനയുടെ സ്ഥാപനത്തിന്റെ സമയത്ത് അഞ്ചു ശതമാനത്തിൽ താഴെയായി. രണ്ട് ഏഷ്യൻ രാജ്യങ്ങൾക്കും എട്ട് ആഫ്രിക്കൻ രാജ്യങ്ങൾക്കും — മ്യാൻമർ, മംഗോളിയ, ബോത്‌സ്വാന, ബുറുണ്ടി, എത്യോപ്യ, ഗിനി, ഗിനി ബിസ്സൗ, ലെസോത്തോ, മലാവി, ടാൻസാനിയ എന്നിവ — മാത്രമാണ് 1950-ൽ ചൈനയെക്കാൾ കുറവ് ആളോഹരി ആഭ്യന്തര ഉത്പാദനം (per capita GDP) ഉണ്ടായിരുന്നത്.7 അതായത്, ലോകത്തെ ഏറ്റവും ദരിദ്രമായ പതിനൊന്നാമത്തെ രാജ്യമായിരുന്നു 1950-ൽ ചൈന. കമ്മ്യൂണിസ്റ്റുകാർ അധികാരത്തിൽ വരുന്ന സമയത്ത്, രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക-സാമൂഹിക അധഃപതനത്തിനു തടയിടുക എന്ന വെല്ലുവിളിയാണ് അവർക്കു മുമ്പിലുണ്ടായിരുന്നത്. രാജ്യത്തെ ദരിദ്രരായ കർഷകരുടെയും തൊഴിലാളികളുടെയും അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുക എന്നതായിരുന്നു ഈ വെല്ലുവിളി ഏറ്റെടുക്കുന്നതിന്റെ ഭാഗമായി ആദ്യം ചെയ്യാനുണ്ടായിരുന്നത്.
1949 മുതൽ 1976 വരെയുള്ള കാലഘട്ടത്തിൽ ചൈനയുടെ ജനസംഖ്യ 54.2 കോടിയിൽ നിന്നും 93.7 കോടിയായി വളർന്നു. മാവോയുടെ നേതൃത്വത്തിലുള്ള ചൈനീസ് സർക്കാർ ഇക്കാലയളവിൽ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിൽ ശ്രദ്ധ ചെലുത്തി.8 ഈ കാലഘട്ടത്തിന്റെ ആദ്യ വർഷങ്ങളിൽ ചൈന ദാരിദ്ര്യത്തെ നേരിട്ടത്, സ്വകാര്യ ഉടമസ്ഥതയിലായിരുന്ന ഉത്‌പാദനോപാധികൾ പൊതു ഉടമസ്ഥതയിലേയ്‌ക്ക് മാറ്റുകയും ജന്മികളുടെയും യുദ്ധപ്രഭുക്കളുടെയും കയ്യിൽ നിന്നും പിടിച്ചെടുത്ത ഭൂമി പാവപ്പെട്ട കർഷകർക്ക് പുനർവിതരണം ചെയ്യുകയും ചെയ്‌തുകൊണ്ടാണ്. ദാരിദ്ര്യം വർഗസമരവുമായി ബന്ധപ്പെട്ട വിഷയമാണ്. 1956 ആയപ്പോഴേയ്‌ക്കും രാജ്യത്തെ 90 ശതമാനം കർഷകർക്കും കൃഷി ചെയ്യാൻ ഭൂമി ലഭിച്ചു, 10 കോടി കർഷകർ കാർഷിക സഹകരണ സംഘങ്ങളിൽ സംഘടിപ്പിക്കപ്പെട്ടു, സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യവസായങ്ങൾ എന്ന സമ്പ്രദായം തന്നെ അവസാനിപ്പിച്ചു. ജനങ്ങളുടെ കമ്മ്യൂണുകൾ ഭൂമിയുടെയും ഉത്പാദനോപാധികളുടെയും കൂട്ടായ ഉടമസ്ഥാവകാശം ഏറ്റെടുക്കുകയും പൊതുസമ്പത്ത് വിതരണം ചെയ്യുകയും ചെയ്തു. ഇതുവഴി കാർഷിക മേഖലയിലുണ്ടാകുന്ന മിച്ചം (agricultural surplus) വ്യാവസായിക വികസനത്തിനും സാമൂഹ്യ ക്ഷേമത്തിനുമായി നിക്ഷേപിക്കാൻ സാധിച്ചു.9
സാമ്പത്തിക പരിഷ്‌കാരങ്ങൾ ആരംഭിക്കുന്നതിനു മുമ്പുള്ള 29 വർഷക്കാലത്ത് (1949-1978) ചൈനയിൽ ജനങ്ങളുടെ ശരാശരി ആയുർദൈർഘ്യം 32 വർഷം വർദ്ധിച്ചു. അതായത്, വിപ്ലവത്തിനുശേഷം ഓരോ വർഷവും ഒരു ശരാശരി ചൈനീസ് വ്യക്തിയുടെ ആയുർദൈർഘ്യം ഒരുവർഷത്തിലധികം വർദ്ധിച്ചു. 1949-ൽ രാജ്യത്തെ ജനസംഖ്യയിൽ 80 ശതമാനവും നിരക്ഷരരായിരുന്നു. മൂന്ന് പതിറ്റാണ്ടിനുള്ളിൽ നിരക്ഷരരുടെ എണ്ണം നഗരപ്രദേശങ്ങളിൽ 16.4 ശതമാനമായും ഗ്രാമപ്രദേശങ്ങളിൽ 34.7 ശതമാനമായും കുറഞ്ഞു; വിദ്യാലയങ്ങളിൽ പ്രവേശനം നേടുന്ന കുട്ടികളുടെ എണ്ണം 20 ശതമാനമായിരുന്നത് 90 ശതമാനമായി ഉയർന്നു; ആശുപത്രികളുടെ എണ്ണം മൂന്നിരട്ടിയായി. ആരോഗ്യരക്ഷാ-വിദ്യാഭ്യാസ സംവിധാനങ്ങൾ വരേണ്യ നഗരപ്രദേശങ്ങളിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നത് ദരിദ്ര ഗ്രാമപ്രദേശങ്ങളിലേയ്‌ക്ക് വികേന്ദ്രീകരിക്കപ്പെട്ടു. തൊഴിലാളികൾക്കും കർഷകർക്കുമായി മിഡിൽ സ്‌കൂളുകൾ (അപ്പർ പ്രൈമറി സ്‌കൂളുകൾ) സ്ഥാപിക്കുക, ദശലക്ഷക്കണക്കിന് നഗ്നപാദ ഡോക്ടർമാരെ (അടിസ്ഥാനപരമായ വൈദ്യപരിശീലനം കൊടുത്ത് ഗ്രാമങ്ങളിൽ സേവനമനുഷ്‌ഠിക്കാൻ നിയോഗിക്കപ്പെട്ട കർഷകരും മറ്റു സാധാരണക്കാരും) നാട്ടിൻപുറങ്ങളിലേയ്‌ക്ക് അയയ്‌ക്കുക എന്നിവ ഈ പ്രക്രിയയുടെ ഭാഗമായിരുന്നു. പുരുഷാധിപത്യപരമായ വിവാഹ ആചാരങ്ങൾ നിർത്തലാക്കുകയും വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ, ശിശു സംരക്ഷണം എന്നിവ സ്‌ത്രീകൾക്ക് കൂടുതലായി ലഭ്യമാക്കുകയും ചെയ്‌തതോടെ സമൂഹത്തിൽ സ്‌ത്രീകളുടെ പങ്കാളിത്തത്തിൽ ഗണ്യമായ മുന്നേറ്റമുണ്ടായി.10 1952 മുതൽ 1977 വരെ വ്യാവസായിക ഉത്പാദനത്തിന്റെ ശരാശരി വാർഷിക വളർച്ചാനിരക്ക് 11.3 ശതമാനമായിരുന്നു.11 ഉത്‌പാദനശേഷിയുടെയും സാങ്കേതികവിദ്യയുടെ വികാസത്തിന്റെയും കാര്യം നോക്കിയാൽ, 1949-ൽ ഒരു കാർ പോലും ആഭ്യന്തരമായി നിർമിക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്ന ചൈന, 1970-ൽ തങ്ങളുടെ ആദ്യത്തെ ഉപഗ്രഹം ബഹിരാകാശത്തേയ്‌ക്ക് വിക്ഷേപിച്ചു. ഇരുപത്തിയെട്ട് ദിവസം ഭ്രമണപഥത്തിൽ ആയിരുന്ന സമയത്ത് തൊങ്ഫാങ്ഹൊങ് (“കിഴക്ക് ചുവപ്പാണ്” എന്നർത്ഥം) എന്ന ഈ ഉപഗ്രഹം അതേ പേരിലുള്ള വിപ്ലവഗാനം നിരന്തരം ആലപിച്ചുകൊണ്ടിരുന്നു.12 മാവോയുടെ കീഴിൽ സോഷ്യലിസത്തിലേയ്‌ക്കുള്ള പരിവർത്തനത്തിന്റെ ഭാഗമായി വ്യാവസായിക, സാമ്പത്തിക, സാമൂഹ്യ മേഖലകളിൽ കൈവരിച്ച നേട്ടങ്ങൾ 1978-ന് ശേഷമുള്ള കാലഘട്ടത്തിന്റെ അടിത്തറയായി മാറി.
1970-കളോടെ, ചൈനയുടെ സമ്പദ്‌വ്യവസ്ഥയ്‌ക്ക് കൂടുതൽ സാങ്കേതികവിദ്യയും മൂലധനവും ആവശ്യമാണെന്നും ലോക വിപണിയിൽ ഒറ്റപ്പെട്ട അവസ്ഥയിൽ നിന്നും പുറത്തുകടക്കേണ്ടതുണ്ടെന്നും വ്യക്തമായി. ചൈനയുടെ നേതാവ് തങ് ഷ്യാവോപിങ് പിന്നീട് എഴുതി, “ദാരിദ്ര്യം സോഷ്യലിസമല്ല, കമ്മ്യൂണിസം ഒട്ടുമല്ല.”13 അങ്ങനെ സമ്പദ്‌വ്യവസ്ഥയെ ലോകവിപണിക്കായി തുറന്നു കൊടുക്കുന്നത് ഉൾപ്പെടെ നിരവധി സാമ്പത്തിക പരിഷ്‌കാരങ്ങൾ സർക്കാർ കൊണ്ടുവന്നു. എന്നാൽ ചൈന ഒരു സോഷ്യലിസ്റ്റ് രാജ്യമായി തുടർന്നതിനാൽ പൊതുമേഖലയുടെ ആധിപത്യം തുടർന്നു. പൊതുമേഖല വിദേശ മേൽക്കോയ്‌മയിൽ നിന്നും മുക്തമായിത്തന്നെ നിലകൊള്ളുകയും ചെയ്‌തു.
ഈ കാലയളവിൽ, ചൈനയുടെ സമ്പദ്‌വ്യവസ്ഥ മനുഷ്യചരിത്രം മുമ്പൊരിക്കലും കണ്ടിട്ടില്ലാത്ത, സുസ്ഥിരമായ വേഗതയിൽ വളർന്നു. 1978-നും 2017-നും ഇടയിൽ, ചൈനയുടെ ശരാശരി സാമ്പത്തിക വളർച്ച പ്രതിവർഷം 9.5 ശതമാനം ആയിരുന്നു. സമ്പദ്‌വ്യവസ്ഥയുടെ വലിപ്പം 35 മടങ്ങോളം വർദ്ധിച്ചു.14 സാമ്പത്തിക വളർച്ച അതിൽത്തന്നെ അവസാനിക്കുന്ന ഒരു ലക്ഷ്യമല്ല; മറിച്ച്, ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗമാണ്. 1978-നും 2011-നും ഇടയിൽ സമ്പൂർണ്ണദാരിദ്ര്യത്തിൽ കഴിയുന്നവരുടെ എണ്ണം 77 കോടിയിൽ (ജനസംഖ്യയുടെ 80 ശതമാനം) നിന്ന് 12.2 കോടി (9.1 ശതമാനം) ആയി കുറഞ്ഞു. പ്രതിവർഷം 2,300 യുവാൻ വരെ വരുമാനമുള്ളവരെയാണ് ദാരിദ്ര്യരേഖയ്‌ക്കു താഴെയുള്ളവരായി കണക്കാക്കുന്നത്.15
അതേസമയം, ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയ്‌ക്ക് പാരിസ്ഥിതികവും സാമൂഹികവുമായി വലിയ വില കൊടുക്കേണ്ടി വന്നു. നഗരങ്ങളിലേയ്‌ക്ക് നടന്ന വലിയ തോതിലുള്ള കുടിയേറ്റം, ഗ്രാമങ്ങളും നഗരങ്ങളും തമ്മിലുള്ള വികസന അസമത്വം പിന്നെയും വർദ്ധിക്കാനിടയാക്കി. കിഴക്കൻ തീരദേശത്തുള്ള വ്യവസായങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചതുമൂലം പടിഞ്ഞാറൻ, മധ്യ മേഖലകൾ വളരെയധികം അവികസിതമായി തുടരാൻ ഇടയായി. ലോകബാങ്കിന്റെ കണക്കനുസരിച്ച്, ചൈനയുടെ ജിനി സൂചകം (Gini coefficient — വരുമാനത്തിലുള്ള അസമത്വത്തിന്റെ അളവ്) 1981-ൽ 29 ശതമാനം ആയിരുന്നത് 2007-ൽ 49 ശതമാനമായി ഉയർന്നു; 2012 ആയപ്പോഴേയ്‌ക്കും 47 ശതമാനമായി കുറഞ്ഞു.16 സാമൂഹ്യ മേഖലയിൽ, പെൻഷൻ, സാമൂഹിക ഇൻഷുറൻസ്, വിദ്യാഭ്യാസം, ആരോഗ്യ പരിരക്ഷ മുതലായ പൊതുസേവനങ്ങളുടെ ലഭ്യതയിൽ അസമത്വം സൃഷ്ടിക്കപ്പെടുന്നതിനാണ് ഇക്കാലയളവ് സാക്ഷ്യം വഹിച്ചത്. അതിവേഗത്തിലുള്ള വികസനം പാരിസ്ഥിതിക പ്രത്യാഘാതങ്ങളുണ്ടാക്കി — അത് രാജ്യത്തിന്റെ വായു, ജലം, ഭൂമി എന്നിവയെ സാരമായി ബാധിച്ചു.
അസമത്വത്തെ അഭിസംബോധന ചെയ്യുന്നത് പ്രസിഡന്റ് ഷിയുടെ കാലത്ത് (2013 മുതൽ ഇന്നുവരെ) ഒരു പ്രധാന ദൗത്യമായി മാറിയതിൽ അതിശയമില്ല. ദേശീയ നയലക്ഷ്യങ്ങളുടെ നിർണയവും ഉന്നത നേതൃത്വത്തിന്റെ തെരഞ്ഞെടുപ്പും നടക്കുന്ന, അഞ്ചുവർഷത്തിലൊരിക്കൽ നടക്കുന്ന സമ്മേളനമാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ (സിപിസി) ദേശീയ കോൺഗ്രസ്. 2017-ൽ നടന്ന സിപിസിയുടെ പത്തൊമ്പതാമത് ദേശീയ കോൺഗ്രസിൽ, സോഷ്യലിസത്തിന്റെ പുതു യുഗത്തെപ്പറ്റിയും അതോടൊപ്പം ചൈനീസ് സമൂഹം നേരിടുന്ന പ്രധാന വൈരുദ്ധ്യത്തിന്റെ പരിണാമത്തെപ്പറ്റിയും ഷി സംസാരിച്ചു:
“ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസം ഒരു പുതിയ യുഗത്തിലേയ്‌ക്ക് കടന്നിരിക്കുകയാണ്. ഈ പുതിയ യുഗത്തിന്റെ ആവിർഭാവത്തോടെ ചൈനീസ് സമൂഹം നേരിടുന്ന ഏറ്റവും പ്രധാനപ്പെട്ട വൈരുദ്ധ്യത്തിലും മാറ്റമുണ്ടായിട്ടുണ്ട്. അസന്തുലിതവും അപര്യാപ്‌തവുമായ വികസനവും മെച്ചപ്പെട്ട ജീവിതത്തിനായി ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങളും തമ്മിലുള്ള വൈരുദ്ധ്യമാണ് നമ്മൾ ഇപ്പോൾ അഭിമുഖീകരിക്കുന്നത്. ചൈന നൂറു കോടിയിലധികം ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റിയിട്ടുണ്ട്. ആളുകൾക്ക് മാന്യമായ ജീവിതം നയിക്കുക സാധ്യമാക്കിയിട്ടുണ്ട്. താമസിയാതെ തന്നെ മിതമായ തോതിൽ സമൃദ്ധിയുള്ള ഒരു സമൂഹത്തിന്റെ നിർമാണം വിജയകരമായി പൂർത്തീകരിക്കും. ജനങ്ങൾക്ക് മെച്ചപ്പെട്ട ജീവിതം നയിക്കാൻ നിറവേറ്റേണ്ട ആവശ്യങ്ങൾ കൂടുതൽ വിപുലമാവുകയാണ്. ജനങ്ങളുടെ ഭൗതികവും സാംസ്‌കാരികവുമായ ആവശ്യങ്ങൾ വളർന്നു എന്ന് മാത്രമല്ല; ജനാധിപത്യം, നിയമവാഴ്‌ച, നീതിയും ന്യായവും, സുരക്ഷ, മെച്ചപ്പെട്ട പരിസ്ഥിതി എന്നിവയ്‌ക്കായുള്ള ആവശ്യങ്ങളും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതേസമയം, ചൈനയിൽ മൊത്തത്തിലുള്ള ഉത്പാദന ശക്തികൾ ഗണ്യമായി മെച്ചപ്പെട്ടിട്ടുണ്ട്; പല മേഖലകളിലും ഉത്പാദനശേഷിയുടെ കാര്യത്തിൽ നമ്മൾ ലോകത്തിന്റെ മുൻപന്തിയിലാണ്. കൂടുതൽ പ്രധാനപ്പെട്ട പ്രശ്നം, നമ്മുടെ വികസനം അസന്തുലിതവും അപര്യാപ്‌തവുമാണ് എന്നതാണ്. ഇതാണ് മെച്ചപ്പെട്ട ജീവിതത്തിനായി ജനങ്ങളുടെ വർദ്ധിച്ചുവരുന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനെ പരിമിതപ്പെടുത്തുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകം.”17
അതിനാൽ, ചൈനയിൽ പരിഷ്‌കാരങ്ങളുടെ കാലം ഒരു ആധുനിക സോഷ്യലിസ്റ്റ് രാജ്യം കെട്ടിപ്പടുക്കുന്നതിനുള്ള ഒരു ചുവടുവെപ്പായിട്ടാണ് കാണുന്നത്. ചൈന മൂന്ന് തന്ത്രപരമായ ലക്ഷ്യങ്ങളായി ഔദ്യോഗികമായി കണക്കാക്കുന്നവയിൽ രണ്ടെണ്ണം ഈ കാലയളവിൽ കൈവരിച്ചിട്ടുണ്ട്. ജനങ്ങൾക്ക് മാന്യമായ ജീവിതനിലവാരമുണ്ടെന്നും, അവരുടെ അടിസ്ഥാന ആവശ്യങ്ങൾ നിറവേറുന്നുണ്ട് എന്നും ഉറപ്പുവരുത്തുന്നതാണ് ഈ രണ്ടു ലക്ഷ്യങ്ങൾ. ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ തുടരുകയും ജനങ്ങൾ “സാമാന്യം അഭിവൃദ്ധിയുള്ള ഒരു സമൂഹത്തി”ലേയ്‌ക്ക് (ഷ്യാവൊകാങ്) പ്രവേശിക്കുന്നുവെന്ന് ഉറപ്പാക്കുകയും ചെയ്യുന്നതാണ് ഈ കാലഘട്ടത്തിലെ അവസാനത്തെ പടികളിൽ ഒന്ന്. ഷിയുടെ പ്രസംഗത്തിനുശേഷമുള്ള വർഷങ്ങളിൽ, ചൈന തങ്ങളുടെ ജനങ്ങളെയും — പ്രത്യേകിച്ചും ദരിദ്രരെത്തന്നെയും — സർക്കാരിനെയും കമ്പോളത്തെയും അതിദാരിദ്ര്യം ഇല്ലാതാക്കുന്ന ദൗത്യത്തിനായി അണിനിരത്തി. സോഷ്യലിസത്തിലേയ്‌ക്കുള്ള പരിവർത്തനത്തിന്റെ ഒരു പ്രധാന ഘട്ടമായി അടയാളപ്പെടുത്താവുന്ന പ്രയത്നമാണിത്.
ഒരു ജൈവ മുളക്കൂൺ കമ്പനിയുടെ ഭൂമിയിൽ ജോലി ചെയ്യുന്ന കർഷകത്തൊഴിലാളികൾ. ഗ്വെയ്ജോ പ്രവിശ്യയിലെ വാൻഷാൻ ജില്ലയിലുള്ള ലോങ്മെന്നാഒ എന്ന ഗ്രാമം പാവപ്പെട്ട ഗ്രാമമായി ഔദ്യോഗികമായി രജിസ്‌റ്റർ ചെയ്യപ്പെട്ട ഒന്നായിരുന്നു. ഗ്രാമത്തെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാനായി സ്ഥാപിക്കപ്പെട്ടതാണ് ഈ മുളക്കൂൺ കമ്പനി. 2021 ഏപ്രിൽ.
ഭാഗം 3: ദാരിദ്ര്യ നിർമാർജനത്തിന്റെ സിദ്ധാന്തവും പ്രയോഗവും ⤴
ഒരു വരുമാനം, രണ്ട് ഉറപ്പുകൾ, മൂന്ന് ഗ്യാരന്റികൾ
ചൈനയുടെ അതിദാരിദ്ര്യ നിർമാർജനം സുസ്ഥിര വികസനത്തിനായുള്ള യുഎൻ 2030 അജണ്ടയുടെ സമയപരിധിക്ക് ഒരു പതിറ്റാണ്ട് മുമ്പേ പൂർത്തിയായി. “കടുത്ത ദാരിദ്ര്യം അടക്കം എല്ലാ രൂപങ്ങളിലും മാനങ്ങളിലുമുള്ള ദാരിദ്ര്യത്തെ തുടച്ചുനീക്കുക” എന്നത് പ്രധാന ലക്ഷ്യമായിട്ടുള്ളതാണ് സുസ്ഥിര വികസനത്തിനായുള്ള യുഎൻ 2030 അജണ്ട.18 ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയുടെ ഘട്ടത്തിലാണ് ചൈനയിലെ കോടിക്കണക്കിനു ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയത് എങ്കിലും സാമ്പത്തിക ശാസ്‌ത്രത്തിനു മാത്രമായി ഈ നേട്ടം വിശദീകരിക്കാൻ കഴിയില്ല.
ഈ പഠനത്തിന്റെ ഭാഗമായി, ലോക ബാങ്കിന്റെ മുൻ ചീഫ് ഇക്കോണമിസ്റ്റും (ഗ്ലോബൽ സൗത്തിൽ നിന്നുള്ള ആദ്യത്തെ ലോകബാങ്ക് ചീഫ് ഇക്കോണമിസ്റ്റ്) ന്യൂ സ്‌ട്രക്ചറൽ ഇക്കണോമിക്‌സിന്റെ ഉപജ്ഞാതാവുമായ ജസ്റ്റിൻ ലിൻ യിഫുവുമായി ഞങ്ങൾ സംസാരിച്ചു. ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഗ്രസ് നാഷണൽ കമ്മിറ്റിയുടെ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗവും പീക്കിംഗ് സർവകലാശാലയിലെ പ്രൊഫസറുമാണ് ലിൻ. ദാരിദ്ര്യം കുറച്ചുകൊണ്ടുവരുന്നതിനെ സംബന്ധിച്ച സമീപനങ്ങളെ ലിൻ രണ്ടായി തരംതിരിക്കുന്നു. ഒന്ന്, രക്തം കയറ്റൽ (blood transfusion); രണ്ട്, രക്തം സൃഷ്‌ടിക്കൽ (blood generation). അടിസ്ഥാന ആവശ്യങ്ങൾ നിറവേറുന്നു എന്ന് ഉറപ്പുനൽകുന്നതിനുള്ള മാനുഷിക സഹായമോ ക്ഷേമ സംവിധാനങ്ങളോ ഉൾപ്പെടുന്ന മാതൃകയാണ് ആദ്യത്തേത്. പാശ്ചാത്യ ലോകത്ത് പൊതുവിൽ മുൻതൂക്കമുള്ള മാതൃകയാണിത്. അതേസമയം, തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുകയും ദരിദ്രരുടെ വരുമാനം വർദ്ധിപ്പിക്കുകയും ചെയ്യുന്ന, വികസനത്തെ അടിസ്ഥാനമാക്കിയുള്ള ദാരിദ്ര്യ നിർമാർജനം ആണ് രണ്ടാമത്തേത്. എന്നാൽ ഈ രണ്ട് സമീപനങ്ങൾക്കും മാത്രമായി ചൈനയിലെ ഏറ്റവും ദരിദ്രമായ ഇടങ്ങളിലെ ദാരിദ്ര്യം ഇല്ലാതാക്കാൻ കഴിഞ്ഞില്ല. ലിൻ പറയുന്നു, “പ്രകൃതിവിഭവങ്ങളുടെ ദൗർലഭ്യം നേരിടുന്ന, വിപണിയിൽ നിന്ന് വളരെ അകലെ സ്ഥിതി ചെയ്യുന്ന, മോശം ഗതാഗത സൗകര്യങ്ങളും മോശം അടിസ്ഥാന സൗകര്യങ്ങളും ഉള്ള പ്രദേശങ്ങളിൽ (“മൂന്ന് പ്രദേശങ്ങളും മൂന്ന് പ്രിഫെക്‌ചറുകളും”19 എന്ന് വിളിക്കപ്പെടുന്നവ ഉദാഹരണം), ലക്ഷ്യകേന്ദ്രീകൃത (targeted) സഹായം ആവശ്യമാണ്.
ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജനം എന്ന സമഗ്രമായ ആശയം, പതിറ്റാണ്ടുകളുടെ ദേശീയ, അന്തർദേശീയ അനുഭവങ്ങളെ അടിസ്ഥാനമാക്കിയാണ് വികസിപ്പിക്കുകയും നവീകരിക്കുകയും ചെയ്‌തിട്ടുള്ളത്. ഈ പരിപാടി 2015-ൽ ഔദ്യോഗികമായി നടപ്പിലാക്കിത്തുടങ്ങി, 2020-ൽ പൂർത്തിയാക്കി. “ചൈനയുടെ ദാരിദ്ര്യ നിർമാർജനം, വളർച്ചയിൽ ഊന്നിയതും സർക്കാർ നയിക്കുന്നതുമായ ഒരു തന്ത്രമാണ് ഉപയോഗിക്കുന്നത്. അത് സാമൂഹ്യ പിന്തുണയും കർഷകരുടെ സ്വന്തം പരിശ്രമവും സംയോജിപ്പിക്കുന്ന ഒന്നാണ്. “രക്തം സൃഷ്‌ടിക്കുന്ന”, അഥവാ വികസന കേന്ദ്രീകൃതമായ ഈ പരിപാടി, സാമൂഹ്യ സുരക്ഷയിലൂടെ അടിസ്ഥാനപരമായ ആവശ്യങ്ങൾ നിറവേറുന്നു എന്ന് ഉറപ്പു നൽകുന്നു,” ലിൻ പറഞ്ഞു. സർക്കാരിന്റെ നേതൃപരമായ പങ്ക് അദ്ദേഹം ഊന്നിപ്പറയുന്നു: “ലോകത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്ന് വ്യത്യസ്തമായി, ചൈനയിൽ സർക്കാർ നിർണായകമായ പങ്കാണ് വഹിക്കുന്നത്. ദരിദ്രരുടെ പ്രശ്‌നങ്ങളിൽ സർക്കാർ വലിയ ശ്രദ്ധ ചെലുത്തിയില്ലായിരുന്നെങ്കിൽ, കേവലം കമ്പോളത്തിന്റെ പ്രവർത്തനം വഴി ദാരിദ്ര്യ നിർമാർജനം സാധ്യമാകുമായിരുന്നില്ല.” മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സമൂഹത്തിലെ വ്യത്യസ്‌തവും വിശാലവുമായ വിഭാഗങ്ങളെ അണിനിരത്തുന്നതിനൊപ്പം “ദൃശ്യവും അദൃശ്യവുമായ കൈ”കളുടെ സംയോജനമാണ് ചൈനയുടെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ലക്ഷ്യത്തിലൂന്നിയ ഘട്ടത്തിന്റെ മുഖമുദ്ര.
ചൈനയുടെ ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജന പരിപാടിയെ ഒരൊറ്റ മുദ്രാവാക്യം ഉപയോഗിച്ച് സംഗ്രഹിക്കാം: “ഒരു വരുമാനം, രണ്ട് ഉറപ്പുകൾ, മൂന്ന് ഗ്യാരന്റികൾ.” ഇവിടെ വരുമാനം എന്നതുകൊണ്ടുദ്ദേശിക്കുന്നത്, ദാരിദ്ര്യരേഖയ്‌ക്കു മുകളിൽ എത്താൻ വേണ്ട വരുമാനത്തെയാണ്. ലോകത്തെ ഏറ്റവും ദരിദ്രമായ 15 രാജ്യങ്ങളുടെ ശരാശരി ദാരിദ്ര്യരേഖകളെ അടിസ്ഥാനമാക്കി, 2011-ലെ വിലകളുടെ അളവിൽ അന്താരാഷ്‌ട്ര ദാരിദ്ര്യരേഖയായി ലോകബാങ്ക് നിശ്ചയിച്ചിരിക്കുന്നത് പ്രതിദിനം 1.90 യുഎസ് ഡോളറാണ്. ചൈനയുടെ ദാരിദ്ര്യരേഖ ഏറ്റവുമൊടുവിൽ ഉയർത്തിയത് 2011-ലാണ് (2010-ലെ വിലകളുടെ അടിസ്ഥാനത്തിൽ) — പ്രതിവർഷം 2,300 യുവാൻ എന്ന നിലയിലേയ്‌ക്ക്. ഇത് പ്രതിദിനം 2.30 യുഎസ് ഡോളറിന് (പർച്ചേസിംഗ് പവർ പാരിറ്റി (PPP) അളവിൽ) തത്തുല്യമാണ്. അതായത് ലോകബാങ്ക് നിശ്ചയിച്ചിരിക്കുന്ന ദാരിദ്ര്യരേഖയെക്കാൾ കൂടുതൽ. 2020 വിലകളിൽ അളക്കുമ്പോൾ, വാർഷിക മിനിമം വരുമാനം 4,000 യുവാൻ ആണ്. എന്നാൽ ചൈന ലക്ഷ്യമിടുന്ന ദാരിദ്ര്യനിർമാർജന പദ്ധതി പ്രകാരമുള്ള പ്രതിശീർഷ വരുമാനം ഇതിലും വളരെക്കൂടുതലാണ് — 10,740 യുവാൻ.20
വരുമാന വിതരണത്തിലൂടെ മാത്രം ദാരിദ്ര്യം എന്ന പ്രശ്‌നം പരിഹരിക്കാനാവില്ല എന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിൽ, ചൈന ഒരു ബഹുമുഖ സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്.
നൊബേൽ സമ്മാന ജേതാവായ അമർത്യാ സെൻ ആണ് ബഹുമുഖ ദാരിദ്ര്യം (multidimensional poverty) എന്ന സങ്കല്പനത്തെ ആദ്യമായി സൈദ്ധാന്തീകരിച്ചത്. വരുമാനം തിട്ടപ്പെടുത്തുക എന്നതിനപ്പുറം ദാരിദ്ര്യവുമായി പരസ്പരം ബന്ധപ്പെട്ടതും സങ്കീർണ്ണവുമായ ഘടകങ്ങളെ പരിശോധിക്കുകയാണ് ഈ സമീപനത്തിൽ ചെയ്യുക. സെന്നിന്റെ പഠനങ്ങളുടെ അടിസ്ഥാനത്തിൽ, ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ സേവനങ്ങൾ എന്നീ ഘടകങ്ങളിലെ 10 സൂചകങ്ങൾ കണക്കിലെടുത്തുകൊണ്ടുള്ള ബഹുമുഖ ദാരിദ്ര്യ സൂചിക (Multidimensional Poverty Index, MPI) ഐക്യരാഷ്‌ട്ര വികസന പരിപാടി (United Nations Development Programme, UNDP), Oxford Poverty and Human Development Initiative എന്നിവ ചേർന്ന് 2010-ൽ അംഗീകരിച്ചു. അവരുടെ 2020-ലെ റിപ്പോർട്ട് എംപിഐ അംഗീകരിച്ച് ഒരു ദശാബ്‌ദത്തിനു ശേഷവും ഐക്യരാഷ്‌ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ (Sustainable Development Goals, SDG) കൈവരിക്കുന്നതിന് നിശ്ചയിച്ച സമയപരിധിക്ക് ഒരു ദശാബ്‌ദം മുമ്പെയും പ്രസിദ്ധീകരിച്ചതാണ്. ഈ റിപ്പോർട്ട് പറയുന്നത്, 130 കോടി ജനങ്ങൾ, അതായത് ലോകജനസംഖ്യയുടെ 22 ശതമാനം ആളുകൾ ബഹുമുഖ ദാരിദ്ര്യത്തിലാണ് ജീവിക്കുന്നത് എന്നാണ്.21 പ്രതിദിനവരുമാനം 1.90 യുഎസ് ഡോളർ എന്ന ദാരിദ്ര്യരേഖ അനുസരിച്ച് മഹാമാരിക്ക് മുൻപ് 2017-ൽ 68.9 കോടി ജനങ്ങൾ — ആഗോള ജനസംഖ്യയുടെ 9.2 ശതമാനം — അതിദാരിദ്ര്യത്തിലാണ് കഴിഞ്ഞിരുന്നത് എന്നും കാണാവുന്നതാണ്.22
മിനിമം വരുമാനത്തിനൊപ്പം ചൈനയുടെ ദാരിദ്ര്യ നിർമാർജന പരിപാടി മറ്റ് അഞ്ച് കാര്യങ്ങളും കൂടി ഉറപ്പാക്കുന്നു. ഭക്ഷണം, വസ്‌ത്രം എന്നീ രണ്ടു കാര്യങ്ങളെ സംബന്ധിച്ച “ഉറപ്പുകൾ”, അടിസ്ഥാന ആരോഗ്യ സേവനങ്ങൾ, കുടിവെള്ളവും വൈദ്യുതിയും ഉള്ള സുരക്ഷിതമായ ഭവനം, ഒമ്പതു വർഷത്തേയ്‌ക്ക് സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം എന്നീ “മൂന്ന് ഗ്യാരന്റികൾ” എന്നിവയാണ് ഈ അഞ്ചുകാര്യങ്ങൾ. ചൈനയുടെ ഈ സൂചകങ്ങളും ബഹുമുഖ ദാരിദ്ര്യം എന്ന ചട്ടക്കൂടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് റെൻമിൻ സർവകലാശാലയിലെ ദേശീയ ദാരിദ്ര്യനിർമാർജന ഗവേഷണ സ്ഥാപനത്തിന്റെ ഡീൻ ആയ വാങ് സാൻഗുയിയുമായി ഞങ്ങൾ സംസാരിച്ചു: “ബഹുമുഖ ദാരിദ്ര്യം എന്നത് ഒരു ഗവേഷണ സമീപനമായിട്ടാണ് കണക്കാക്കപ്പെടുന്നത്,” അദ്ദേഹം പറഞ്ഞു. “വളരെ സങ്കീർണമായ ഒന്നായതുകൊണ്ട് ദേശീയ തലത്തിൽ ദരിദ്രർ എത്രപേരുണ്ട് എന്ന് കണക്കാക്കാൻ ഒരു രാജ്യവും ഇതുവരെ ഈ സമീപനം സ്വീകരിച്ചിട്ടില്ല.” എന്നിരുന്നാലും മേൽസൂചിപ്പിച്ച അഞ്ച് പ്രധാന സൂചകങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് “ദാരിദ്ര്യ നിർമാർജനത്തിൽ ചൈന ഒരു ബഹുമുഖ സമീപനമാണ് പിന്തുടർന്നത്” എന്നദ്ദേഹം കൂട്ടിച്ചേർത്തു. ദാരിദ്ര്യ നിർമാർജനത്തിനുള്ള സ്റ്റേറ്റ് കൗൺസിൽ ലീഡിംഗ് ഗ്രൂപ്പ് ഓഫിസിന്റെ ഒരു വിദഗ്ധോപദേശകനെന്ന നിലയിൽ, ചൈനയുടെ പരിപാടിയുടെ മാനദണ്ഡങ്ങൾ വികസിപ്പിക്കാൻ വാങ് സഹായിച്ചു. “കുടിവെള്ളം സുരക്ഷിതമാണ് എന്ന് എങ്ങനെയാണ് കണക്കാക്കുക? ഒന്നാമതായി, ജലവിതരണത്തിൽ ക്ഷാമം ഉണ്ടാകരുത് എന്നതാണ് അവശ്യം വേണ്ടത്. രണ്ടാമതായി, ജലസ്രോതസ്സ് വളരെ ദൂരെയായിരിക്കരുത് — പോയി വെള്ളം കൊണ്ടുവരുന്നതിന് മൊത്തം ഇരുപത് മിനിറ്റിൽക്കൂടുതൽ എടുക്കേണ്ട അവസ്ഥയുണ്ടാകരുത്. അവസാനമായി, സുരക്ഷിതമായ ജലം ആയിരിക്കണം; ദോഷകരമായ വസ്‌തുക്കളൊന്നും അതിൽ കലർന്നിരിക്കാൻ പാടില്ല. ജലം സുരക്ഷിതമാണെന്ന് സ്ഥിരീകരിക്കുന്ന പരിശോധനാ റിപ്പോർട്ടുകൾ ഞങ്ങൾക്ക് നിർബന്ധമാണ്. അങ്ങനെയേ നിഷ്‌കർഷിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നു എന്ന് പറയാൻ കഴിയൂ.”
ഫസ്റ്റ് സെക്രട്ടറി ല്യോ യുവൻഷുവെ, ഗ്വെയ്ജോ പ്രവിശ്യയിലെ വാൻഷാൻ ജില്ലയിലുള്ള താന്യാങ് ഗ്രാമത്തിൽ പതിവുള്ള ഭവനസന്ദർശനത്തിനിടെ ഒരു ഗ്രാമീണ സ്‌ത്രീയോട് സംസാരിക്കുന്നു. 2021 ഏപ്രിൽ.
ഭാഗം 4: ലക്ഷ്യകേന്ദ്രീകൃതമായ ദാരിദ്ര്യനിർമാർജനം ⤴
“2018 ഓഗസ്റ്റ് 28-ന് ഞാൻ താന്യാങ്ങിൽ എത്തി. അവിടെ പാർട്ടി സംഘടന “ദുർബലവും അയഞ്ഞതും” ആണെന്നും പ്രവർത്തനങ്ങൾ വേണ്ടത്ര മുന്നോട്ട് കൊണ്ടുപോയിട്ടില്ലെന്നും വിലയിരുത്തൽ ഉള്ളതിനാലാണ് സംഘടന ശക്തിപ്പെടുത്തുന്നതിന് ഉന്നതതല അധികാരികൾ എന്നെ അവിടേയ്‌ക്കയച്ചത്. സംഘടന ആദ്യം ഗ്രാമീണരെക്കുറിച്ച് ഹ്രസ്വമായ ഒരു റിപ്പോർട്ട് എനിക്ക് നൽകി. ദാരിദ്ര്യ നിർമാർജനത്തിൽ ലക്ഷ്യം വച്ചിരിക്കുന്ന കുടുംബങ്ങളെപ്പറ്റി അറിയുന്നതിന് ഞാൻ ആളുകളുമായി ഇടപഴകാൻ തുടങ്ങി. അല്ലാത്തപക്ഷം പ്രവർത്തനങ്ങൾ ശരിയായി നടക്കില്ല. ആളുകളുമായി കൂടുതൽ അടുക്കുന്നതിന് എനിക്ക് മനുഷ്യ സ്വഭാവം നന്നായി മനസ്സിലാക്കേണ്ടി വന്നു […] പ്രദേശവാസികൾ ദരിദ്രരായിരിക്കുന്നതിന് ജലക്ഷാമം, കുറഞ്ഞ വിളവ്, രോഗങ്ങൾ, വൈകല്യങ്ങൾ, കുട്ടികളുടെ വിദ്യാഭ്യാസക്കുറവ് എന്നിവയുൾപ്പെടെ നിരവധി കാരണങ്ങളുണ്ടായിരുന്നു. അവരുടെ പ്രശ്‌നങ്ങളും സംഘർഷങ്ങളും തലമുറ തലമുറകളായി കൈമാറപ്പെട്ടിരുന്നു.”
— ല്യോ യുവൻഷുവെ, ഗ്വെയ്ജോ പ്രവിശ്യയിലെ തൊങ്വെൻ നഗരത്തിന്റെ വാൻഷാൻ ജില്ലയിലുള്ള താന്യാങ് എന്ന ഗ്രാമത്തിൽ നിയോഗിക്കപ്പെട്ടിരിക്കുന്ന ഫസ്റ്റ് സെക്രട്ടറി.
ഈച്ചയെ കൊല്ലാൻ ഗ്രനേഡ് ഉപയോഗിക്കരുത്
2013 നവംബറിൽ ഹൂനാൻ പ്രവിശ്യയിലെ ഷ്-പാതൊങ് ഗ്രാമത്തിൽ പ്രസിഡന്റ് ഷി നടത്തിയ സന്ദർശനത്തിനിടെയാണ് സൂക്ഷ്‌മമായ ദാരിദ്ര്യനിർമാർജനം എന്നുകൂടി അറിയപ്പെടുന്ന ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. “ഒരു ഈച്ചയെ കൊല്ലാൻ ഗ്രനേഡ് ഉപയോഗിക്കരുത്,” ദാരിദ്ര്യത്തിന്റെ മൂലകാരണങ്ങളെ അഭിസംബോധന ചെയ്യുന്നതിനെ സംബന്ധിച്ച് പ്രാദേശിക സർക്കാരിനെ ഉപദേശിക്കവേ ഷി പറഞ്ഞു. പകരം, സങ്കീർണ്ണമായ ഒരു എംബ്രോയിഡറി ഡിസൈൻ ചെയ്യുന്നയാളുടെ സമീപനം സ്വീകരിക്കുക. ഈ സമീപനം സർക്കാരിന്റെ തന്ത്രമായി 2015-ൽ നടപ്പാക്കിത്തുടങ്ങി. നാലു ചോദ്യങ്ങളാണ് ഈ സമീപനത്തിനു വഴികാട്ടുന്നത്: ആരെയാണ് ദാരിദ്ര്യത്തിൽ നിന്നും കരകയറ്റേണ്ടത്? ആരാണ് ഈ ജോലി നിർവഹിക്കുന്നത്? ദാരിദ്ര്യം പരിഹരിക്കുന്നതിന് എന്തൊക്കെ നടപടികളാണ് സ്വീകരിക്കേണ്ടത്? ആളുകൾ വീണ്ടും ദാരിദ്ര്യത്തിൽ വീണു പോകുന്നില്ല എന്നുറപ്പാക്കാൻ ആവശ്യമായ വിലയിരുത്തലുകൾ എങ്ങനെ നടത്താം?
ദാരിദ്ര്യത്തിന്റെ നിർവചനം: ആരാണ് കരകയറ്റപ്പെടുന്നത്?
140 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് ദരിദ്രർ ആരൊക്കെയാണെന്ന് മനസ്സിലാക്കുക തന്നെ ഒരു വലിയ ഉദ്യമമാണ്. എല്ലാ പാവപ്പെട്ടവരുടെയും കണക്കെടുക്കാൻ സാമ്പിൾ സർവേകൾ മതിയാകില്ല എന്നതിനാൽ ചൈന ഗാർഹികാടിസ്ഥാനത്തിലുള്ള കണക്കെടുപ്പിലേയ്‌ക്ക് നീങ്ങി. രാജ്യത്തെ എല്ലാ ദരിദ്രരുടെയും ജീവിതാവസ്ഥകളും ആവശ്യങ്ങളും അറിയുക എന്നതാണ് ഇതുവഴി ലക്ഷ്യം വച്ചത്. ആളുകളെ ഗ്രാമങ്ങളിലേയ്‌ക്ക് അയയ്‌ക്കുക, താഴെത്തട്ടിൽ ജനാധിപത്യ പ്രവർത്തനങ്ങൾ നടത്തുക, ഡിജിറ്റൽ സാങ്കേതികവിദ്യകൾ വിന്യസിക്കുക എന്നിവയിലൂടെയാണ് ഇത് സാധ്യമാക്കിയത്. 2014-ൽ ദരിദ്രരെ തിരിച്ചറിയുന്നതിനായി രാജ്യത്തെ ഓരോ വീടും സന്ദർശിച്ച് സർവേ നടത്താൻ 8 ലക്ഷം പാർട്ടി പ്രവർത്തകർ നിയോഗിക്കപ്പെട്ടു. 1,28,000 ഗ്രാമങ്ങളിൽ, 29.48 ദശലക്ഷം കുടുംബങ്ങളിൽപ്പെടുന്ന 89.62 ദശലക്ഷം ദരിദ്രരെ ഈ സർവേകൾ വഴി തിരിച്ചറിഞ്ഞു. ശേഖരിച്ച വിവരങ്ങൾ പരിശോധിച്ചുറപ്പിക്കാൻ 2 കോടി പേരെയാണ് ചുമതലപ്പെടുത്തിയത്. ഈ പരിശോധനയുടെ ഭാഗമായി തെറ്റായി ഉൾപ്പെടുത്തിയ കേസുകൾ നീക്കം ചെയ്യുകയും പുതിയവ കൂട്ടിച്ചേർക്കുകയും ചെയ്‌തു.23
“ദാരിദ്ര്യബാധിത കുടുംബങ്ങൾ” ഏതൊക്കെ എന്ന് നിശ്ചയിക്കുന്നതിനുള്ള പ്രാഥമികമായ നിർണായക ഘടകം വരുമാനമാണെങ്കിലും, പാർപ്പിടം, വിദ്യാഭ്യാസം, ആരോഗ്യം എന്നിവയും കണക്കിലെടുക്കുന്നുണ്ട്. ഓരോ കുടുംബത്തിന്റെയും അവസ്ഥ വിലയിരുത്തുന്നതിന് വില്ലേജ് കമ്മിറ്റികളെയും ടൗൺഷിപ്പ് സർക്കാരുകളെയും ഗ്രാമീണരെയും അണിനിരത്തുന്നതാണ് രീതി. ഉദാഹരണത്തിന്, ഓരോ കുടുംബത്തിന്റെയും അവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനും അവരെ ദാരിദ്ര്യ രജിസ്‌ട്രേഷൻ പട്ടികയിൽ ചേർക്കണോ നീക്കം ചെയ്യണോ എന്ന് തീരുമാനിക്കുന്നതിനുമായി നാട്ടുകാരുടെ ചർച്ചയും നടത്തുന്നു. അതിനായി ജനാധിപത്യ രീതിയിലുള്ള കൂടിയാലോചനകൾ നടത്തി പൊതു മൂല്യനിർണയം നടത്തുന്നു.24 രാജ്യത്തുടനീളമുള്ള ദാരിദ്ര്യ നിർമാർജന പ്രക്രിയയുടെ എല്ലാ ഭാഗങ്ങളെയും സ്‌പർശിച്ചുകൊണ്ട് നിർമിക്കപ്പെട്ടിരിക്കുന്ന ആധുനികമായ ഒരു വിവര മാനേജ്മെൻറ് സംവിധാനവുമായി താഴെത്തട്ടിലുള്ള ഈ പ്രവർത്തനങ്ങളെ കൂട്ടിച്ചേർത്തു. ഏതാണ്ട് 10 കോടി വ്യക്തികളിൽ ഓരോരുത്തരുടെയും സ്ഥിതി നിരീക്ഷിക്കുന്നതിനും സർക്കാർ വകുപ്പുകൾ തമ്മിലുള്ള വിവരങ്ങളുടെ കൈമാറ്റം സുഗമമാക്കുന്നതിനും ദാരിദ്ര്യത്തിന്റെ പ്രധാന പ്രവണതകളും കാരണങ്ങളും തിരിച്ചറിയുന്നതിനും ബിഗ് ഡേറ്റ ഉപയോഗിക്കുന്നു.25 ജനങ്ങളെ അണിനിരത്തുന്നതും പൊതുജനപിന്തുണ നേടിയെടുക്കുന്നതും ഈ പരിശ്രമങ്ങൾ നടപ്പാക്കുന്നതിന് പ്രധാനമാണ്.
അണിനിരത്തൽ: ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്ന ജോലി ചെയ്യുന്നത് ആര്?
കടലിൽ മത്സ്യം നീന്തുന്നതുപോലെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുക
“2019 ജൂൺ 10, സന്ദർശനത്തിന്റെ റെക്കോർഡ്: ഇന്ന് ഹ് ഗ്വോഛ്യാങ് എന്നെ വിളിച്ചു. പുനരധിവാസത്തിന്റെ ഭാഗമായി ലഭിച്ച തന്റെ പുതിയ ഫ്ലാറ്റിന്റെ ഒരു വാതിൽപ്പൂട്ട് കേടായതായി അദ്ദേഹം പറഞ്ഞു. ഞാൻ അദ്ദേഹത്തിന്റെ വീട്ടിൽപ്പോയി അറ്റകുറ്റപ്പണികൾക്കായി സ്ഥലത്തിന്റെ മാനേജ്മെന്റ് ടീമുമായും നിർമാണ സംഘവുമായും ബന്ധപ്പെടാൻ സഹായിച്ചു. ഒരു വീട്ടുടമ എന്ന നിലയിൽ തന്റെ അവകാശങ്ങൾ വിനിയോഗിക്കാനും സ്ഥലത്തിന്റെ മാനേജ്മെന്റുമായും നിർമ്മാണ സംഘവുമായും ബന്ധപ്പെടാനും അദ്ദേഹത്തെ പഠിപ്പിക്കാൻ ഈ അവസരം ഞാൻ ഉപയോഗിച്ചു. അടുത്ത തവണ ഇത്തരമൊരു പ്രശ്‌നം നേരിടുമ്പോൾ അത് എങ്ങനെ പരിഹരിക്കണമെന്ന് തനിക്ക് മനസ്സിലായതായി ഹ് ഗ്വോഛ്യാങ് പറഞ്ഞു.”26
— ഹ് ച്യുൻല്യോ, 2018-നും 2020-നും ഇടയിൽ ലിബോ കൗണ്ടിയിൽ ദാരിദ്ര്യ-ദുരിതാശ്വാസ പ്രവർത്തകയായി നിയോഗിക്കപ്പെട്ട പോയ്‌യേ (Bouyei) വംശജയായ മുപ്പത്തിനാലുകാരി.
സംഘാടകരില്ലാതെ സംഘടനയില്ല. 2021 ജൂണിലെ കണക്കു പ്രകാരം, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയിൽ (സിപിസി) 9.51 കോടിയിലധികം അംഗങ്ങളുണ്ട് — അവരിൽ 2.745 കോടി പേർ സ്ത്രീകളാണ്. ഗ്രാമീണരുടെ സമിതികൾ, പൊതു സ്ഥാപനങ്ങൾ, സർക്കാർ അനുബന്ധ സ്ഥാപനങ്ങളും സംരംഭങ്ങളും, സാമൂഹിക സംഘടനകൾ എന്നിവയടക്കം 49 ലക്ഷം പ്രാഥമിക തല പാർട്ടി സംഘടനകൾ സിപിസിയുടെ ഭാഗമാണ്.27 സിപിസി ഒരു രാജ്യമായിരുന്നുവെങ്കിൽ, അത് ലോകത്ത് ഏറ്റവുമധികം ജനസംഖ്യയുള്ള പതിനാറാമത്തെ രാജ്യമാകുമായിരുന്നു.
ദാരിദ്ര്യ നിർമാർജനത്തിന്റെ ലക്ഷ്യകേന്ദ്രീകൃതഘട്ടത്തിൽ പാർട്ടിയും ഗ്രാമപ്രദേശങ്ങളിലെ ജനങ്ങളും തമ്മിലുള്ള ബന്ധവും വിശ്വാസവും വളർത്തിയെടുക്കുന്നതും പാർട്ടി സംഘടനയെ താഴേത്തട്ടിൽ ശക്തിപ്പെടുത്തുന്നതും ആവശ്യമാണ് എന്നത് വ്യക്തമായിരുന്നു. പ്രവിശ്യ, നഗരം, കൗണ്ടി, ടൗൺഷിപ്പ്, ഗ്രാമം എന്നീ അഞ്ച് സർക്കാർ തലങ്ങളിൽ ദാരിദ്ര്യ നിർമാർജന ചുമതലയ്‌ക്ക് മേൽനോട്ടം വഹിക്കാൻ പാർട്ടി സെക്രട്ടറിമാരെ ചുമതലപ്പെടുത്തി.
ഏറ്റവും പ്രധാനമായി, ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെട്ട 30 ലക്ഷം പ്രവർത്തകർ ഉൾപ്പെടുന്ന 2,55,000 സംഘങ്ങൾ ദരിദ്ര ഗ്രാമങ്ങളിൽ താമസിച്ച് പ്രവർത്തിക്കാൻ നിയോഗിക്കപ്പെട്ടു.28 ലളിതമായ ചുറ്റുപാടിലാണ് അവർ ജീവിക്കുന്നത്. പൊതുവിൽ ഒന്നു മുതൽ മൂന്നു വർഷം വരെ ഗ്രാമങ്ങളിൽ താമസിക്കുന്ന ഈ സംഘങ്ങൾ, ഓരോ കുടുംബവും ദാരിദ്ര്യത്തിൽ നിന്നും കരകയറ്റപ്പെടുന്നതുവരെ പാവപ്പെട്ട കർഷകർ, പ്രാദേശിക ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കൊപ്പം പ്രവർത്തിച്ചു. ഈ പ്രക്രിയയുടെ ഭാഗമായ അനേകം പാർട്ടി പ്രവർത്തകർക്ക് തങ്ങളുടെ കുടുംബങ്ങളെ സന്ദർശിക്കാനായി നാട്ടിലേയ്‌ക്ക് മടങ്ങാൻ ദീർഘകാലത്തേയ്‌ക്ക് കഴിഞ്ഞില്ല. ഗ്രാമീണ മേഖലകളിലെ കഠിനമായ സാഹചര്യങ്ങളിൽ ചിലർ രോഗബാധിതരായി. ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിൽ 1,800-ലധികം പാർട്ടി അംഗങ്ങൾക്കും ഉദ്യോഗസ്ഥർക്കും ജീവൻ നഷ്ടപ്പെട്ടു.29 2013-ലാണ് ആദ്യത്തെ സംഘങ്ങളെ അയച്ചത്. 2015 ആയപ്പോഴേയ്‌ക്കും എല്ലാ ദരിദ്ര ഗ്രാമങ്ങളിലും അവിടെത്തന്നെ താമസിക്കുന്ന ഒരു സംഘം ഉണ്ടായിരുന്നു; ഒപ്പം ഓരോ ദരിദ്ര കുടുംബത്തിനും ദാരിദ്ര്യത്തിൽ നിന്നും കരകയറുന്നതിന് സഹായിക്കുന്നതിനായി — പ്രധാനമായും സ്വയം ദാരിദ്ര്യത്തിൽ നിന്നും ഉയരുന്നതിനായി — ഒരു പ്രവർത്തകനെ/പ്രവർത്തകയെ ചുമതലപ്പെടുത്തി.30 2020-ന്റെ അന്ത്യത്തോടെ അതിദാരിദ്ര്യം തുടച്ചുമാറ്റുക എന്ന ലക്ഷ്യം കൈവരിക്കപ്പെട്ടു.
തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗ്വെയ്ജോയിൽ സ്ഥിതി ചെയ്യുന്ന ഗ്രാമമാണ് താന്യാങ്. 2,855 പേർ അധിവസിക്കുന്ന താന്യാങ്ങിലേയ്‌ക്ക് 2018-ൽ നിയോഗിക്കപ്പെട്ട പാർട്ടി സെക്രട്ടറിമാരിൽ ഒരാളാണ് ല്യോ യുവൻഷുവെ. ഹൈസ്‌കൂളിൽ പഠിക്കുന്ന ഒരു മകളുണ്ട് ഈ നാൽപ്പത്തിയേഴുകാരന്. 805 കുടുംബങ്ങളിൽ 137 എണ്ണം ദരിദ്രമായി കണക്കാക്കപ്പെട്ടിരുന്ന താന്യാങ് ഗ്രാമത്തിലേയ്‌ക്ക് അവിടുത്തെ പ്രാദേശിക ഭാഷ സംസാരിക്കാത്ത താൻ എത്തിയതിനെപ്പറ്റി ല്യോ വിവരിക്കുന്നു. ആ ഗ്രാമത്തിലേയ്‌ക്ക് നിയോഗിക്കപ്പെട്ട 52 പാർട്ടി പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. ഓരോരുത്തർക്കും വ്യത്യസ്‌ത ഉത്തരവാദിത്വങ്ങളാണുണ്ടായിരുന്നത്. തന്റെ ദൈനംദിന പ്രവർത്തനങ്ങളെക്കുറിച്ച് അദ്ദേഹം ഞങ്ങളോട് പറഞ്ഞു:
“അഞ്ച് ദരിദ്ര കുടുംബങ്ങളുടെ ഉത്തരവാദിത്വം എനിക്കായിരുന്നു. ഒരാൾ മരിച്ചതോടെ ഇപ്പോൾ ഇത് നാലായി കുറഞ്ഞു. അക്കാലത്ത് ഞാൻ ഓരോ കുടുംബത്തെയും ഇലക്‌ട്രിക് ബൈക്ക് ഓടിച്ചുപോയി സന്ദർശിക്കുകയും അവർക്ക് ഒട്ടനവധി കാര്യങ്ങൾ ചെയ്‌തുകൊടുക്കുകയും ചെയ്യുമായിരുന്നു. ചെറുപ്പക്കാരുമായി വിചാറ്റിലൂടെയും (WeChat) മുതിർന്നവരുമായി ഫോണിലൂടെയും ഞാൻ ബന്ധം നിലനിർത്തി. അവർക്ക് എന്നെ ഏതാവശ്യത്തിനും വിളിക്കാം. ആരോടൊക്കെയാണ് ഇടപെടാൻ എളുപ്പമെന്നും ബുദ്ധിമുട്ടെന്നും മനസ്സിലാക്കാൻ ഞാൻ ഓരോ ഗ്രാമീണ സംഘത്തിലും പോയി. ഗ്രാമീണരുമൊത്ത് പാനീയങ്ങൾ കുടിച്ചുകൊണ്ടുള്ള കൂടിക്കാഴ്‌ചകളിലൂടെയും സംഭാഷണങ്ങളിലൂടെയും ഞാൻ പ്രശ്‌നങ്ങൾ പരിഹരിച്ചു. അവർക്ക് ഇന്നെന്നോട് നല്ല ബന്ധമാണുള്ളത്. ഇപ്പോൾ സർക്കാർ, ദരിദ്രകുടുംബങ്ങളെത്തെന്നെ പാവപ്പെട്ട കുടുംബങ്ങൾ, ദാരിദ്ര്യത്തിന് അരികെ നിൽക്കുന്ന കുടുംബങ്ങൾ, കാതലായ ശ്രദ്ധവേണ്ട കുടുംബങ്ങൾ എന്നീ വിഭാഗങ്ങളായി തിരിച്ചിട്ടുള്ള ഒരു രജിസ്റ്റർ സൂക്ഷിക്കുന്നുണ്ട്. ആളുകൾക്ക് അസുഖം വരുന്നത് അറിയാനും തൊഴിൽ ചെയ്യാൻ കഴിയുന്നവർക്ക് തൊഴിലുണ്ടോ എന്നറിയാനും മറ്റും ഡിജിറ്റൽ സാങ്കേതിക വിദ്യ സർക്കാരിനെ സഹായിക്കുന്നു. ഗ്രാമീണരുടെ ശരിയായ അവസ്ഥ കൂടുതൽ നന്നായി മനസ്സിലാക്കാൻ ഞങ്ങൾ എല്ലാ മാസവും അവരെ സന്ദർശിക്കാറുണ്ട്.”
പൗരന്മാരെ അണിനിരത്തുന്നതിലാണ് ചൈനയുടെ ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ശക്തി. സർക്കാരിതര സംഘടനകളെയും (എൻ.ജി.ഓ.കൾ) അന്താരാഷ്‌ട്ര സഹായത്തെയും വളരെയധികം ആശ്രയിക്കുന്ന മാതൃകകളിൽ നിന്ന് വ്യത്യസ്‌തമാണിത്. സർക്കാർ നയം നടപ്പിലാക്കുന്നതിനും ജനങ്ങളുടെ മൂർത്തമായ അവസ്ഥകളും ആവശ്യങ്ങളും മനസ്സിലാക്കുന്നതിനും ഇടയിലുള്ള ഒരു പ്രധാന പാലമാണ് ല്യോയെപ്പോലെയുള്ള പാർട്ടി പ്രവർത്തകർ. ഗ്രാമപ്രദേശങ്ങളിൽ അണിനിരത്തപ്പെട്ട ഒരു കോടിയിലധികം പാർട്ടി പ്രവർത്തകരും ഉദ്യോഗസ്ഥരും, പാർട്ടിയിലും സർക്കാരിലും പൊതുജനങ്ങൾക്ക് വിശ്വാസം വളർത്തുന്നതിനും പാർട്ടിക്കും സർക്കാരിനും പൊതുജന പിന്തുണ വർദ്ധിപ്പിക്കുന്നതിനും അവശ്യമായ പങ്കു വഹിച്ചു.
2020-ൽ ഹാർവാർഡ് സർവകലാശാല Understanding CCP Resilience: Surveying Chinese Public Opinion Through Time (ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി ഇത്ര കാലമായി ശക്തമായിത്തുടരുന്നതെങ്ങനെ: ചൈനയിലെ പൊതുജനാഭിപ്രായം വർഷങ്ങളിലൂടെ) എന്ന പേരിൽ ഒരു പഠനറിപ്പോർട്ട് പ്രസിദ്ധീകരിച്ചു. ഇതിനായി 2003-നും 2016-നും ഇടയിൽ നഗരങ്ങളിലും ഗ്രാമങ്ങളിലും താമസിക്കുന്ന 31,000 പേരുമായി അഭിമുഖം നടത്തി, അവർ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയെ എത്രത്തോളം പിന്തുണയ്‌ക്കുന്നു എന്നതിനെപ്പറ്റി ആരാഞ്ഞു.31 ഇക്കാലയളവിൽ, സർക്കാരിനെപ്പറ്റി സംതൃപ്‌തി പ്രകടിപ്പിച്ചവരുടെ എണ്ണം 86.1 ശതമാനത്തിൽ നിന്ന് 93.1 ശതമാനമായി ഉയർന്നു. സർക്കാരിനെപ്പറ്റി സംതൃപ്‌തി പ്രകടിപ്പിച്ചവരുടെ ശതമാനത്തിൽ ഏറ്റവും വലിയ വർധനയുണ്ടായത് ഗ്രാമീണ ടൗൺഷിപ്പ് പ്രദേശങ്ങളിലാണ് — ഇത് 43.6 ശതമാനത്തിൽ നിന്ന് 70.2 ശതമാനമായി ഉയർന്നു. പ്രത്യേകിച്ചും, താഴ്‌ന്ന വരുമാനക്കാർക്കിടയിലും ദരിദ്രമായ ഉൾനാടൻ പ്രദേശങ്ങളിൽ നിന്നുള്ളവർക്കിടയിലും സർക്കാരിനെപ്പറ്റിയുള്ള സംതൃപ്‌തിയുടെ വർദ്ധന കൂടുതലായി കാണപ്പെട്ടു. ആരോഗ്യരക്ഷാ സംവിധാനങ്ങൾ, വിദ്യാഭ്യാസം, സാമൂഹ്യ സേവനങ്ങൾ എന്നിവയുടെ ഗുണനിലവാരവും ലഭ്യതയും വർധിച്ചതും, പ്രാദേശിക സർക്കാർ ഉദ്യോഗസ്ഥരുടെ മെച്ചപ്പെട്ട പ്രതികരണങ്ങളും കൂടുതൽ ഫലപ്രദമായ ഇടപെടലുകളും വർദ്ധിതമായ ഈ പിന്തുണയ്‌ക്ക് കാരണമായി. പഠനം അവസാനിച്ചത് 2016-ലാണ്, അതായത് ദാരിദ്ര്യനിർമാർജന പദ്ധതി പൂർത്തിയാകുന്നതിനു മുമ്പ്. ദാരിദ്ര്യ നിർമാർജന പദ്ധതിയും കോവിഡ്-19-നെതിരെയുള്ള സർക്കാരിന്റെ ഫലപ്രദമായ പ്രതിരോധനടപടികളും പൊതുജന പിന്തുണ കൂടുതൽ ഉയരുന്നതിന് കാരണമായിട്ടുണ്ട്.32
വുഹാനിൽ കോവിഡ്-19 ലോക്ക്ഡൗൺ അവസാനിച്ചതിന് ശേഷം, യോർക്ക് സർവകലാശാലയിലെ പ്രൊഫസർ കാരി വൂ ചൈനയിലെ 31 പ്രവിശ്യകളിലും ഭരണ മേഖലകളിലുമായി 19,816 പേരുടെയിടയിൽ സർവേ നയിക്കുകയും പഠനഫലം വാഷിംഗ്‌ടൺ പോസ്റ്റ് ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്‌തു. കോവിഡ്-19 പകർച്ചവ്യാധിക്കെതിരെയുള്ള സർക്കാർ പ്രതിരോധനടപടികൾക്കു ശേഷം 49 ശതമാനം ആളുകളും സർക്കാരിനെ കൂടുതൽ വിശ്വസിക്കുന്നതായി പഠനം കണ്ടെത്തി. മൊത്തത്തിൽ സർക്കാരിലുള്ള വിശ്വാസം, ദേശീയ തലത്തിൽ 98 ശതമാനമായും ടൗൺഷിപ്പ് തലത്തിൽ 91 ശതമാനമായും വർദ്ധിച്ചു.33 ദാരിദ്ര്യം ഇല്ലാതാക്കിയതും മഹാമാരിയെ പിടിച്ചു കെട്ടിയതും ചൈനയുടെയും അവിടുത്തെ ജനങ്ങളുടെയും 2020-ലെ പ്രധാനപ്പെട്ട രണ്ടു വിജയങ്ങളായി കണക്കാക്കാം.
ദാരിദ്ര്യനിർമാർജനത്തിനായുള്ള ഐക്യ മുന്നണി
കിഴക്കൻ നഗരമായ സൂജോയിൽ നിന്നുള്ള ഗ് വെൻ, അവിടെ ഒരു കൾച്ചർ ആന്റ് ടൂറിസം കമ്പനിയുടെ സെയിൽസ് വിഭാഗത്തിന്റെ ഡെപ്യൂട്ടി ഡയറക്‌ടറാണ്. ചൈനയുടെ കിഴക്കൻ പ്രദേശങ്ങൾ വ്യവസായവൽക്കരിക്കപ്പെട്ടവയാണ്. രാജ്യത്തുടനീളം സമീകൃതമായ വികസനം നടപ്പിൽ വരുത്തുന്നതിന് ഈ പ്രദേശങ്ങളും വികസനം കുറഞ്ഞ പടിഞ്ഞാറൻ പ്രദേശങ്ങളും തമ്മിൽ യോജിച്ചുള്ള പ്രവർത്തനങ്ങൾ സർക്കാർ പ്രോത്സാഹിപ്പിച്ചു. ഈ ശ്രമത്തിന്റെ ഭാഗമായി, ഒരു എക്കോ ടൂറിസം റിസോർട്ട് വികസിപ്പിക്കുന്നതിനും പ്രദേശത്തെ ടൂറിസം വ്യവസായത്തെ ഉത്തേജിപ്പിക്കുന്നതിനുമായി ഗ്വെയ്ജോ പ്രവിശ്യയിലെ ഒരു വിദൂര ഗ്രാമവുമായി ഗ് വെൻ ജോലി ചെയുന്ന കമ്പനിയെ പങ്കാളികളാക്കി. അടിസ്ഥാനസൗകര്യങ്ങൾ നിർമിക്കുന്നതിനും വീടുകൾ പുതുക്കിപ്പണിയുന്നതിനുമായി കമ്പനി 13 കോടി യുവാൻ നിക്ഷേപിച്ചു. ഈ വീടുകൾ ഗ്രാമവാസികൾ ഇരുപതു വർഷത്തേയ്‌ക്ക് പാട്ടത്തിന് നൽകുകയാണ് ചെയ്യുന്നത്. ഗ്രാമത്തിലെ 107 കുടുംബങ്ങളിൽ, തൊങ് വംശീയ ന്യൂനപക്ഷത്തിൽപ്പെട്ടവരും ചാങ് എന്ന് സർനെയിം ഉള്ളവരുമായ 20 കുടുംബങ്ങൾ മാത്രമാണ് പദ്ധതി ആരംഭിക്കുമ്പോൾ അവിടെ താമസിച്ചിരുന്നത്. പാട്ടക്കാലാവധിക്കൊടുവിൽ വീടുകളും അനുബന്ധ സൗകര്യങ്ങളും ഗ്രാമീണർക്ക് തിരികെ നൽകും. അവരിൽ ചിലരെ റിസോർട്ടിൽ തൊഴിലാളികളായി നിയമിച്ചിട്ടുമുണ്ട്. സൂജോയിൽ നിന്ന് ഇങ്ങോട്ട് സ്ഥലം മാറിത്താമസിച്ച് ഈ പദ്ധതി നടപ്പിലാക്കുന്നതിനായി കമ്പനി നിയോഗിച്ച എട്ട് ജീവനക്കാരിൽ ഒരാളാണ് ഗ് വെൻ. ഈ ചുമതല വെല്ലുവിളികളില്ലാത്തതല്ല. മൂന്നു വർഷം നീണ്ടതായിരുന്നു അവരുടെ കാലാവധി. ഇക്കാലത്ത് വീട്ടിലേയ്‌ക്കുള്ള സന്ദർശനങ്ങൾ അപൂർവമായി. സാംസ്‌കാരിക, ഭാഷാ, കാലാവസ്ഥാ വ്യത്യാസങ്ങളും വെല്ലുവിളികളുയർത്തി. “ഇവിടുത്തേതുപോലെ ഈർപ്പമുള്ള കാലാവസ്ഥ എനിക്ക് പരിചയമുള്ളതല്ല,” അവർ ഞങ്ങളോട് പറഞ്ഞു. പർവതനിരകളുള്ള ഗ്വെയ്ജോയിലെ ഈ ഉയർന്ന പ്രദേശത്ത് മഴക്കാലം മാസങ്ങളോളം നീളും. ഈ പ്രദേശം വിദൂരമാണ്. റിസോർട്ട് നിർമിക്കുന്ന സമയത്ത്, ഇങ്ങോട്ട് ക്രെയിനുകൾ കൊണ്ടുവരാൻ കഴിയില്ല എന്നതിനാൽ ഗ് വെന്നിനും സംഘത്തിനും സൈറ്റിലേക്കുള്ള ടാർ റോഡ് കായികാധ്വാനം ഉപയോഗിച്ച് വെട്ടിയുണ്ടാക്കേണ്ടി വന്നു. ഇന്നാട്ടുകാർ പറയാറുണ്ട്, “മൂന്നു ദിവസത്തിൽ കൂടുതൽ ആകാശം തെളിഞ്ഞു നിൽക്കാത്തതും പരന്ന ഭൂമി മൂന്നു ലി-യിൽ (1.5 കിലോമീറ്റർ) കൂടുതൽ നീളാത്തതുമായ പ്രദേശമാണ് ഗ്വെയ്ജോ.”
പാർട്ടിയും ജനപിന്തുണയും വളർത്തുന്നതിനപ്പുറം, ദാരിദ്ര്യനിർമാർജന പദ്ധതി സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒരു ഐക്യമുന്നണിയുടെ കുടക്കീഴിൽ കൊണ്ടുവന്നു. “നമ്മുടെ പാർട്ടിയുടെയും നമ്മുടെ രാജ്യത്തിന്റെയും മുഴുവൻ സമൂഹത്തിന്റെയും ഊർജം സമാഹരിക്കുകയും ദാരിദ്ര്യ ലഘൂകരണവും നിർമാർജന പരിപാടികളും നടപ്പാക്കുന്നത് തുടരുകയും വേണം,” പത്തൊമ്പതാമത് ദേശീയ കോൺഗ്രസിൽ നടത്തിയ പ്രസംഗത്തിൽ പ്രസിഡന്റ് ഷി പറഞ്ഞു. “ജനങ്ങൾക്ക് ദാരിദ്ര്യത്തിൽ നിന്നും സ്വയം കരകയറാനുള്ള കഴിവിനെ സംബന്ധിച്ച് അവർക്കുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സഹായിക്കുന്നതിൽ നമ്മൾ പ്രത്യേക ശ്രദ്ധ ചെലുത്തും.”
സമ്പന്നരാകുന്നവർ — പ്രത്യേകിച്ചും വ്യവസായവൽക്കരിക്കപ്പെട്ട കിഴക്കൻ തീരപ്രദേശങ്ങളിലുള്ളവർ — മറ്റുള്ളവരെ ഉയരാൻ സഹായിക്കും എന്ന പ്രതീക്ഷ ഈ സമീപനത്തിന്റെ കാതലായ ഒരു ഘടകമാണ്. പൊതുവായ അഭിവൃദ്ധി (common prosperity) കൈവരിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമാണിത്. തങ് ഷ്യാവോപിങിന്റെ പലപ്പോഴും തെറ്റായി വ്യാഖ്യാനിക്കപ്പെടുന്ന ഒരു ഉദ്ധരണിയാണ് “കുറച്ചുപേർ ആദ്യം സമ്പന്നരാകട്ടെ” എന്നത്. മേൽവിവരിച്ച സമീപനമാണ് ഈ ഉദ്ധരണിയുടെയും പിന്നിൽ. ദാരിദ്ര്യ നിർമാർജന പദ്ധതി ഈ തത്വം തന്നെയാണ് പിന്തുടർന്നത്. മാവോയുടെ കാലഘട്ടത്തെ അനുസ്‌മരിപ്പിക്കുന്ന രീതിയിൽ കിഴക്കും പടിഞ്ഞാറും തമ്മിൽ സഹകരണം സ്ഥാപിക്കുന്നതിന് ബഹുജനങ്ങളെ അണിനിരത്തുകയാണ് ഇതിൽ ചെയ്‌തത്. 343 കൗണ്ടികളെ പ്രതിനിധീകരിക്കുന്ന ഒമ്പത് കിഴക്കൻ പ്രവിശ്യാതല ഭരണഘടകങ്ങൾ പടിഞ്ഞാറൻ പ്രദേശങ്ങളിൽ സർക്കാർ-സാമൂഹ്യ സഹായങ്ങൾ നൽകുന്നതിനായി 2015 മുതൽ 2020 വരെ 10,050 കോടി യുവാൻ നിക്ഷേപിച്ചു. അവർ 22,000 പ്രാദേശിക സംരംഭങ്ങളെ അണിനിരത്തി 1.1 ട്രില്യൺ യുവാൻ അധികമായി നിക്ഷേപിക്കുകയും 1.31 ലക്ഷം ഉദ്യോഗസ്ഥരെയും സാങ്കേതിക ജീവനക്കാരെയും കൈമാറ്റം ചെയ്യുകയും ചെയ്തു.34
ഹ് യിങ് താമസം മാറ്റിയതും ല്യോ യുവൻഷുവെയുടെ ഗ്രാമം സ്ഥിതി ചെയ്യുന്നതുമായ പ്രവിശ്യയാണ് തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ ഗ്വെയ്ജോ. 2013-ൽ, ഗ്വെയ്ജോയിലുള്ള തൊങ്വെൻ നഗരത്തെ കിഴക്കൻ തീരദേശ പ്രവിശ്യയായ ജ്യാങ്സുവിന്റെ സാമ്പത്തിക കേന്ദ്രമായ സൂജോയുമായി ജോഡി ചേർത്തു. സാമ്പത്തിക, അടിസ്ഥാന സൗകര്യ, വിദ്യാഭ്യാസ, സാങ്കേതിക മേഖലകളിലുള്ള വിനിമയം ഉൾപ്പെടുന്നതാണ് ഈ സഹകരണം. 2017 ഏപ്രിൽ മുതൽ 2020 വരെ 1,240 പദ്ധതികൾ നടപ്പിലാക്കാൻ സൂജോ നഗരം 171 കോടി യുവാൻ സാമ്പത്തിക സഹായവും 24 കോടി യുവാൻ സാമൂഹിക സഹായവും നൽകി. ഇതുകൂടാതെ, 285 കിഴക്കൻ സംരംഭങ്ങൾ 2,641 കോടി യുവാൻ നിക്ഷേപിച്ച് തൊങ്വെനിൽ പദ്ധതികൾ വികസിപ്പിച്ചു. ഇതുവഴി 44,400 പേർക്ക് ദാരിദ്ര്യ നിർമാർജന പദ്ധതിയിൽ തൊഴിലവസരങ്ങൾ സൃഷ്ടിച്ചു. ഈ പ്രക്രിയയിൽ 19 വ്യാവസായിക, കാർഷിക പാർക്കുകൾ സൃഷ്‌ടിക്കപ്പെട്ടു. ലക്ഷ്യാടിസ്ഥാനത്തിലുള്ള പദ്ധതികൾ പ്രാദേശിക ടൂറിസത്തിൽ 30 ശതമാനം വർദ്ധനയുണ്ടാക്കി. രാഷ്‌ട്രീയവും വിദ്യാഭ്യാസപരവുമായ വിനിമയം കൂടുതൽ ആഴത്തിലുള്ളതാക്കുന്നതിന് 5,345 പാർട്ടി പ്രവർത്തകരെയും സർക്കാർ ഉദ്യോഗസ്ഥരെയും സൂജോയിൽ നിന്നും തൊങ്വെനിലേയ്‌ക്ക് സ്ഥലം മാറ്റി.35 ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനായി ജ്യാങ്‌സുവിൽ നിന്നും ഗ്വെയ്ജോയിലേയ്‌ക്ക് സ്ഥലം മാറിയെത്തി തൊങ്വെനിലെ ഡെപ്യൂട്ടി മേയറായി ചുമതലയേറ്റ ചാ യിങ്തൊങ് ഇക്കൂട്ടത്തിൽപ്പെട്ടയാളാണ്.
കിഴക്കും പടിഞ്ഞാറും തമ്മിലുള്ള സഹകരണത്തിനപ്പുറം, പൊതുമേഖലാ സംരംഭങ്ങൾ, സ്വകാര്യ സംരംഭങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സൈന്യം, പൗരസമൂഹം എന്നിവയും ഗണ്യമായ സംഭാവനകൾ നൽകി. കേന്ദ്ര വകുപ്പുകൾ 4,276 കോടി യുവാൻ നിക്ഷേപിച്ചു. ഇത് 10,664 കോടി യുവാൻ മൂലധനം കൊണ്ടുവരുന്നതിനും താഴേത്തത്തട്ടിൽ പ്രവർത്തിക്കുന്ന 36.9 ലക്ഷം സാങ്കേതിക വിദഗ്ധർക്കും ഉദ്യോഗസ്ഥർക്കും പരിശീലനം നൽകുന്നതിനും സഹായകരമായി.36 അതേസമയം, സർക്കാർ ഉടമസ്ഥതയിലുള്ള 94 സ്ഥാപനങ്ങൾ 246 കൗണ്ടികളിലായി 1,350 കോടിയിലധികം യുവാൻ നിക്ഷേപം നടത്തി, പതിനായിരത്തോളം സഹായ പദ്ധതികൾ നടപ്പിലാക്കി. രാജ്യത്തെ 2,301 ദേശീയ സാമൂഹിക സംഘടനകളിൽ 686 എണ്ണം ഔപചാരികമായിത്തന്നെ ദാരിദ്ര്യ നിർമാർജന പദ്ധതികൾ ആരംഭിച്ചു.37 ഈ പദ്ധതികളുടെ ഭാഗമായി അവർ ചാരിറ്റബിൾ ഫണ്ടുകൾ സ്വരൂപിക്കുകയും സന്നദ്ധ സേവനങ്ങൾ നൽകുകയും ചെയ്‌തു. പതിനായിരം ഗ്രാമങ്ങളെ സഹായിക്കാൻ പതിനായിരം സംരംഭങ്ങൾ എന്ന ക്യാമ്പയിനിലൂടെ 1.27 ലക്ഷം സ്വകാര്യ സ്ഥാപനങ്ങൾ 1,39,100 ദരിദ്ര ഗ്രാമങ്ങൾക്ക് സഹായം നൽകുന്നതിൽ പങ്കെടുത്തു. ഇത് 1.8 കോടി ജനങ്ങൾക്ക് പ്രയോജനം ചെയ്‌തു.38 സൈന്യവും ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ ഭാഗമായി. സൈന്യം 4,100 ദരിദ്ര ഗ്രാമങ്ങളിലായി 9.24 ലക്ഷം പേരെ സഹായിക്കുകയും വിദ്യാലയങ്ങൾ, ആശുപത്രികൾ, പ്രത്യേക വ്യവസായ പദ്ധതികൾ എന്നിവ നിർമിക്കുന്നതിൽ പങ്കു ചേരുകയും ചെയ്‌തു. വിദ്യാഭ്യാസ മന്ത്രാലയം 44 കോളേജുകളെയും സർവകലാശാലകളെയും ഈ ക്യാമ്പയിനിന്റെ ഭാഗമാക്കി — അവർ ഗവേഷണ പ്രൊജക്‌റ്റുകൾ നടത്തുകയും കൃഷി, ആരോഗ്യം, നഗരാസൂത്രണം, ഗ്രാമീണാസൂത്രണം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ വിദഗ്‌ധരായവരുടെയും പരിശീലനം നൽകുന്നവരുടെയും സംഘങ്ങളെ അയയ്‌ക്കുകയും ചെയ്‌തു.
ഇത്തരത്തിൽ കൂട്ടായ ഒരു പ്രവർത്തനമായിരുന്നു യുന്നാൻ പ്രവിശ്യയിലെ ഹ്-ബ്യാൻ ഗ്രാമത്തിൽ നടന്നത്.39 പ്രധാനമായും യാഒ വംശജരായ ജനങ്ങൾ അധിവസിക്കുന്ന ഹ്-ബ്യാനിലേയ്‌ക്ക് സർവകലാശാലയിൽ നിന്നുള്ള വിദഗ്ധരെയും വിദ്യാർത്ഥികളെയും കൊണ്ടുവന്നു. ചൈനാ കാർഷിക സർവകലാശാലയിലെ ചെയർ പ്രൊഫസറായ ലീ ഷാവൊയുന്നിന്റെ നേതൃത്വത്തിലുള്ള സംഘം, നാട്ടുകാരുടെ വരുമാനം വർദ്ധിപ്പിക്കുന്നതിനും വൈവിധ്യവൽക്കരിക്കുന്നതിനുമായി ഗവേഷണം നടത്തുന്നതിനും, ധനസമാഹരണം നടത്തുന്നതിനും, ടൂറിസം, വിദ്യാഭ്യാസം, കൃഷി എന്നീ മേഖലകളിൽ പദ്ധതികൾ വികസിപ്പിക്കുന്നതിനും സഹായിച്ചു. ലീയുമായുള്ള ഞങ്ങളുടെ അഭിമുഖത്തിൽ, ബഹുജനങ്ങളെ അണിനിരത്തിയതിനെപ്പറ്റി അദ്ദേഹം സംസാരിച്ചു:
“കഴിഞ്ഞ എട്ടു വർഷക്കാലത്തെ ദാരിദ്ര്യ നിർമാർജന പരിപാടിയെപ്പറ്റി — പ്രത്യേകിച്ച് അത് എങ്ങനെ സംഘടിപ്പിച്ചു, അതിനായി ജനങ്ങളെയും സ്ഥാപനങ്ങളെയും സംഘടനകളെയും അണിനിരത്തിയത് എങ്ങനെ എന്നത് — ചൈനയ്‌ക്കു പുറത്തുള്ള ആളുകൾക്ക് മനസിലാക്കാൻ വളരെ ബുദ്ധിമുട്ടാണ്. എന്റെ സുഹൃത്ത് എന്നോടു ചോദിച്ച ഏറ്റവും ബുദ്ധിമുട്ടുള്ള ചോദ്യം, “വിഭവങ്ങൾ സംഭാവന ചെയ്യുന്നതിനും ദരിദ്ര പ്രദേശങ്ങളിലേയ്‌ക്ക് പോകുന്നതിനും ആളുകളെ ബോധ്യപ്പെടുത്താൻ സർക്കാരിന് എങ്ങനെ കഴിഞ്ഞു?” എന്നതാണ്. ഇതിനുള്ള ഉത്തരമായി ഇതാണ് ഞങ്ങൾ എപ്പോഴും ലളിതമായി പറയാൻ ശ്രമിക്കുന്നത്: ഇതാണ് ചൈനീസ് സവിശേഷതകളോടെയുള്ള സോഷ്യലിസം. ചൈനീസ് സമൂഹം പാശ്ചാത്യ സമൂഹങ്ങളിൽ നിന്ന് വ്യത്യസ്‌തമാണ്. കാരണം അത് വ്യക്തിപരതയിലല്ല, കൂട്ടായ്‌മയെ അടിസ്ഥാനമാക്കിയുള്ളതാണ്. സമൂഹം സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന രീതിയിൽ ഇത് പ്രതിഫലിക്കുന്നു. സർക്കാർ സാമൂഹിക സംഘടനകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. ഇവിടെ രാഷ്‌ട്രീയ-സാമൂഹിക ശൃംഖലകൾ ലയിച്ച് ലംബമായും തിരശ്ചീനമായും സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന ഒരു നേതൃശക്തിയായി മാറുന്നു. എല്ലാവരെയും ഈ സാമൂഹിക ക്യാമ്പയിനിൽ പങ്കുചേരാൻ ഇത് പ്രാപ്‌തമാക്കുന്നു.”
ചുരുക്കിപ്പറഞ്ഞാൽ, ദാരിദ്ര്യനിർമാർജന പദ്ധതി സമൂഹത്തിന്റെ എല്ലാ കോണുകളെയും സ്‌പർശിച്ചു. അതുകൊണ്ടു തന്നെ അതിദാരിദ്ര്യത്തിനെതിരായ വിജയം പാർട്ടിക്കും സർക്കാരിനും കീഴിൽ ഏകതാനമായ ഒരു അനുശാസനപ്രകാരം നടന്ന പരിപാടി ആയി കാണാൻ സാധിക്കില്ല. മറിച്ച്, ചൈനീസ് സമൂഹത്തിലെ ഒട്ടനവധി വിഭാഗങ്ങളിൽപ്പെട്ട ബഹുജനങ്ങളുടെ അണിചേരൽ ആയി വേണം ഇതിനെ കാണാൻ. വ്യാപ്‌തിയിലും വലിപ്പത്തിലും മനുഷ്യ ചരിത്രത്തിൽ അഭൂതപൂർവമായ തോതിൽ, വൈവിധ്യപൂർണവും വികേന്ദ്രീകൃതവുമായ മാർഗങ്ങൾ ഉപയോഗിച്ചാണ് ഇത് സാധ്യമാക്കിയത്.
ഗ്വെയ്ജോ പ്രവിശ്യയിലെ തൊങ്വെൻ നഗരത്തിലുള്ള വങ്ജിയ പാർപ്പിടസമൂഹത്തിലേയ്‌ക്ക് താമസം മാറിയവരിൽ അവിടെ സ്ഥാപിക്കപ്പെട്ട ഒരു തുണിഫാക്റ്ററിയിൽ ജോലി ചെയ്യുന്നവർ. 2021 ഏപ്രിൽ.
എങ്ങനെയാണ് ചൈന അതിദാരിദ്ര്യം നിർമാർജനം ചെയ്‌തത്?
വ്യവസായം
പാവപ്പെട്ട കർഷകർക്ക് അധിക വരുമാനം നേടാൻ സഹായിക്കുന്ന യ്-ഷ്-ജ്-ഫു (Yishizhifu) എന്ന ചെറു വിഡിയോ പ്ലാറ്റ്‌ഫോമിൽ നിന്ന് ഏറ്റവുമധികം വരുമാനം നേടുന്നവരിൽ ഒരാളാണ് ല്യോ. കർഷകയും അമ്മയുമായ അവർ വിഡിയോകൾ നിർമിച്ച് ഇന്റർനെറ്റിൽ പോസ്റ്റു ചെയ്യുക വഴി 2 ലക്ഷം ക്രെഡിറ്റ്സ് (ഏകദേശം 20,000 യുവാന് തുല്യം) നേടിയിട്ടുണ്ട്. ഈ ക്രെഡിറ്റ്സ് ഇതേ പ്ലാറ്റ്ഫോം വഴി സാധനങ്ങൾ വാങ്ങുന്നതിനായി കൈമാറ്റം ചെയ്യാൻ കഴിയും. റൈസ് കുക്കറും, മൈക്രോവേവ് ഓവനും പോലെ സമയം ലാഭിക്കാൻ സഹായിക്കുന്ന ഉപകരണങ്ങൾ നേടുക വഴി വിഡിയോകൾ അവർക്ക് അനുബന്ധ വരുമാനമുണ്ടാക്കാൻ സഹായിക്കുന്നു എന്നു മാത്രമല്ല, തന്റെ കലാചാതുരി പ്രകടിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയുമായി പ്രവർത്തിക്കുന്നു. തൊങ് വംശീയ ന്യൂനപക്ഷത്തിലെ ആദ്യത്തെ വനിതാ ഡ്രമ്മർമാരിൽ ഒരാളാണ് ല്യോ. തൊങ് സംഗീതം, കരകൗശല വസ്‌തുക്കൾ, ഫാഷൻ, ഡ്രമ്മിംഗ് എന്നിവയുടെ വിഡിയോകൾ പോസ്റ്റു ചെയ്യാൻ അവർ യ്-ഷ്-ജ്-ഫു പ്ലാറ്റ്ഫോം ഉപയോഗിക്കുന്നു. ഒരു വിഡിയോയിൽ, പ്രാദേശികമായി നിർമിച്ച ഒരു ടെലിവിഷൻ നാടകത്തിൽ അവർ അഭിനയിക്കുന്നത് കാണാം. “ഞങ്ങൾ ഇത് സ്വയം ചിത്രീകരിച്ചതാണ്,” ല്യോ ഞങ്ങളോട് പറഞ്ഞു. “ഇത് ഞങ്ങൾ എങ്ങനെയാണ് ചെയ്‌തതെന്ന് ഞാൻ നിങ്ങളോട് പറഞ്ഞാൽ, അത് നിങ്ങളെ വളരെയധികം സ്പർശിക്കും.” സ്‌ക്രീനിലേയ്‌ക്ക് ചൂണ്ടിക്കാണിച്ചു കൊണ്ട് അവർ പറഞ്ഞു, “ഇത് ഞാൻ, ഇത് എന്റെ ഇളയ സഹോദരൻ, ഇത് സഹോദരന്റെ ഭാര്യ, ഇത് എന്റെ അയൽവാസി.” അവർ ഒരുമിച്ചാണ് തിരക്കഥയെഴുതിയത്. ഭാര്യയായി ഒരു പെൺകുട്ടിയെ കണ്ടെത്താൻ കഴിയാത്തതുമൂലം ഒരു പങ്കാളിയെ ആകർഷിക്കാൻ സർഗാത്മകമായ മാർഗങ്ങൾ സ്വീകരിക്കേണ്ടിവന്ന ഒരു പാവപ്പെട്ട ചെറുപ്പക്കാരനെപ്പറ്റിയാണ് കഥ.
ഗ്രാമീണ മേഖലയിൽ ഇ-കൊമേഴ്‌സ് ആരംഭിച്ചത് ദാരിദ്ര്യ നിർമാർജന പദ്ധതിയുടെ പ്രധാനപ്പെട്ട ഒരു ഭാഗമായിരുന്നു. 2016-നും 2020-നും ഇടയിൽ, പാവപ്പെട്ട കൗണ്ടികളിലെ ഓൺലൈൻ ബിസിനസ്സുകളുടെ എണ്ണം 13.2 ലക്ഷത്തിൽ നിന്ന് 31.1 ലക്ഷമായി ഉയർന്നു.40 ഇത് ഗ്രാമീണരെ ഓൺലൈൻ വിപണികളുമായി ബന്ധിപ്പിക്കുകയും ഗ്രാമീണ കുടുംബങ്ങളുടെ വരുമാനം വർദ്ധിപ്പിക്കാൻ സഹായിക്കുകയും ചെയ്‌തു. ഇത്തരത്തിലുള്ള ഒരു പ്ലാറ്റ്ഫോമാണ് 2020 ജൂണിൽ തൊങ്വെനിൽ ആരംഭിച്ച യ്-ഷ്-ജ്-ഫു. സർക്കാരിന് നാൽപ്പത് ശതമാനം ഓഹരിയുള്ള സ്വകാര്യ സംരംഭമാണിത്. തൊങ്വെൻ നഗരത്തിലെയും ചുറ്റുമുള്ള ഗ്രാമങ്ങളിലെയും ദരിദ്ര സമൂഹങ്ങളിൽ ഇരുപതിലധികം ചിത്രീകരണ സ്റ്റുഡിയോകൾ സ്ഥാപിച്ച് ചെറു വിഡിയോകൾ നിർമിക്കാൻ കർഷകരെ പരിശീലിപ്പിക്കുകയാണ് യ്-ഷ്-ജ്-ഫു ചെയ്യുന്നത്. ഉപയോക്താക്കൾക്ക് തങ്ങളുടെ വിഡിയോകൾ യ്-ഷ്-ജ്-ഫു മൊബൈൽ ആപ്ലിക്കേഷനിലേയ്‌ക്ക് അപ്‌ലോഡ് ചെയ്യാം. വിഡിയോകൾ എത്ര പേർ കാണുന്നു എന്നതിനനുസരിച്ച് കിട്ടുന്ന പോയിന്റുകൾ പ്ലാറ്റ്ഫോമിൽ ലഭ്യമായ ഉത്പന്നങ്ങൾ വാങ്ങാനായി കൈമാറാൻ കഴിയും. ആളുകൾ ഒരു മിനിട്ട് വിഡിയോ കണ്ടാൽ അതിന് പത്ത് ക്രെഡിറ്റ്സ് ലഭിക്കും — ആറു ക്രെഡിറ്റ്സ് വിഡിയോ നിർമാതാവിന്, ഒന്ന് കാഴ്‌ചക്കാരന്, രണ്ട് സ്‌റ്റുഡിയോയ്‌ക്ക്, ഒന്ന് യ്-ഷ്-ജ്-ഫു പ്ലാറ്റ്ഫോമിന്.
വസ്‌ത്രങ്ങൾ, വീട്ടുപകരണങ്ങൾ, കാർഷികോത്പന്നങ്ങൾ, കാർഷികോപകരണങ്ങൾ, കാറുകൾ തുടങ്ങിയ സാധനങ്ങൾ സർക്കാർ, സ്വകാര്യ സംരംഭങ്ങളുമായുള്ള പങ്കാളിത്തത്തിലൂടെ ലഭ്യമാക്കുന്നു. ഈ സംരംഭങ്ങൾ നികുതിയിളവ് കിട്ടുന്നതിനോ, അധികമുള്ള സ്റ്റോക്ക് ഒഴിവാക്കുന്നതിനോ പ്ലാറ്റ്‌ഫോമിലേയ്‌ക്ക് സാധനങ്ങൾ സംഭാവന ചെയ്യുന്നു. സൗജന്യ പരസ്യത്തിനുള്ള സ്രോതസ്സായി യ്-ഷ്-ജ്-ഫു പ്ലാറ്റ്ഫോം ഉപയോഗപ്പെടുത്തുകയും ചെയ്യാറുണ്ട് ഈ സംരംഭങ്ങൾ. ഇ-കൊമേഴ്‌സ്, ഇൻറർനെറ്റ് ലഭ്യത എന്നിവയാൽ സാധ്യമാക്കുകയോ സുഗമമാക്കപ്പെടുകയോ ചെയ്യുന്ന വ്യാവസായിക വികസനം, ഗ്രാമപ്രദേശങ്ങളെ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങളും അനുബന്ധ വരുമാനവും സൃഷ്‌ടിക്കുന്നതിനും കൃഷിക്കാർക്കും ദരിദ്രർക്കും സാംസ്‌കാരികമായ ആത്മവിശ്വാസം വളർത്തുന്നതിനുമുള്ള ഒരു മാർഗമാണ്. അതിന്റെ എണ്ണമറ്റ ഉദാഹരണങ്ങളിൽ ഒന്നാണ് മേൽവിവരിച്ചത്.
ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജന തന്ത്രം പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുന്നതിന്, അഥവാ അവർക്ക് ദാരിദ്ര്യത്തിൽ നിന്നും സ്വയം കരകയറുന്നതിന്, അഞ്ചു പ്രധാന മാർഗങ്ങളാണ് ഉപയോഗിച്ചത്: വ്യവസായം, മാറ്റിപ്പാർപ്പിക്കൽ, പാരിസ്ഥിതിക നഷ്‌ടപരിഹാരം, വിദ്യാഭ്യാസം, സോഷ്യലിസ്റ്റ് സഹായം. അഞ്ച് പ്രധാന മാർഗങ്ങളിൽ ആദ്യത്തേത് പ്രാദേശിക ഉത്പാദനം വികസിപ്പിക്കുക എന്നതാണ്. ഈ ലക്ഷ്യം മനസ്സിൽ വച്ചുകൊണ്ട്, പാവപ്പെട്ടവർക്ക് ധനസഹായം (വായ്‌പ, സബ്സിഡി, സൂക്ഷ്‌മ വായ്‌പ (microcredit)), സാങ്കേതിക പരിശീലനം, ഉപകരണങ്ങൾ, വിപണി എന്നിവ ലഭ്യമാക്കുന്നതിന് പൊതുമേഖലയും സ്വകാര്യ മേഖലയും രംഗത്തിറങ്ങി. ലക്ഷ്യകേന്ദ്രീകൃത പരിപാടിയുടെ ഭാഗമായി നടപ്പാക്കിയ വ്യാവസായിക ദാരിദ്ര്യ നിർമാർജന നയങ്ങൾ ദരിദ്ര കുടുംബങ്ങളിൽ 98 ശതമാനത്തിനെയും സ്പർശിച്ചു. ഇതിന്റെ ഭാഗമായി കാർഷികോത്‌പാദനത്തിനും മൃഗങ്ങളെ വളർത്തുന്നതിനും കാർഷികോത്പന്നങ്ങൾ സംസ്‌കരിക്കുന്നതിനുമുള്ള 3 ലക്ഷം വ്യവസായ കേന്ദ്രങ്ങൾ 832 ദരിദ്ര കൗണ്ടികളിലും സ്ഥാപിച്ചു. 2.2 കോടിയിലധികം പാവപ്പെട്ടവർ ഈ കേന്ദ്രങ്ങളിൽ ജോലി ചെയ്യുന്നു. കൂടാതെ 1.3 കോടി പേർ ഗ്രാമീണ സംരംഭങ്ങളിലും ജോലി ചെയ്യുന്നു. ദാരിദ്ര്യ നിർമാർജന വർക്ക്ഷോപ്പുകൾ (ഉപയോഗിക്കപ്പെടാതെ കിടക്കുന്ന ഭൂമിയിലോ ആളുകളുടെ വീടുകളിലോ സംഘടിപ്പിക്കപ്പെടുന്ന ചെറുകിട ഉത്പാദന കേന്ദ്രങ്ങളാണിവ) 2015 മുതൽ 2019 വരെയുള്ള കാലഘട്ടത്തിൽ ദരിദ്ര കുടുംബങ്ങളുടെ പ്രതിവർഷ ആളോഹരി വരുമാനം മൂന്നിരട്ടിയോളം വർദ്ധിപ്പിച്ച് 9,808 യുവാനിലെത്തിക്കാൻ സഹായിച്ചു.41 ടൂറിസവും ഹരിത സമ്പദ്‌വ്യവസ്ഥയുമായി ബന്ധപ്പെടുത്തിയുള്ള പുതിയ ദാരിദ്ര്യ നിർമാർജന മാതൃകകൾ വികസിപ്പിക്കാൻ ഇത് സഹായിച്ചിട്ടുണ്ട്.
ഗ്വെയ്ജോ പ്രവിശ്യയിലെ വാൻഷാൻ ജില്ലയിലുള്ള താന്യാങ് ഗ്രാമത്തിൽ ഭക്ഷണം വിൽക്കുന്ന ഒരാൾ യ്-ഷ്-ജ്-ഫു എന്ന ചെറുവിഡിയോ പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്റെ പാചകവൈദഗ്ധ്യം പ്രദർശിപ്പിക്കുന്നു. 2021 ഏപ്രിൽ.
മാറ്റിപ്പാർപ്പിക്കൽ
സിച്വാൻ പ്രവിശ്യയിലെ പർവതപ്രദേശത്തുള്ള ഒരു ഗ്രാമമാണ് അ-ഥു-ല്വാർ. യുദ്ധകാലത്ത് പർവതങ്ങളിൽ കൃഷിചെയ്യുന്നത് തന്ത്രപരമായ നടപടിയായി കണക്കാക്കപ്പെട്ടിരുന്ന യുവാൻ രാജവംശകാലത്തോളം (എ.ഡി. 1271-1368) പഴക്കമുള്ളതാണ് ഈ ഗ്രാമം. 1400 മീറ്റർ ഉയരത്തിലാണ് അ-ഥു-ല്വാർ ഗ്രാമം സ്ഥിതി ചെയ്യുന്നത്. മലഞ്ചെരുവിന്റെ അരികുകളിൽ തൂങ്ങിക്കിടക്കുന്ന ചൂരൽ കൊണ്ടുള്ള 800 മീറ്ററോളം നീളമുള്ള “ആകാശ ഗോവണികളിലൂടെ” മാത്രമേ അടുത്തിടെ വരെ ഈ ഗ്രാമത്തിലേയ്‌ക്ക് എത്തിപ്പെടാൻ കഴിയുമായിരുന്നുള്ളൂ. ഈ ഗോവണികൾ അത്ര ബലവത്തായി നിർമിച്ചതായിരുന്നില്ല താനും. വിദ്യാലയങ്ങൾ, നാട്ടുചന്തകൾ, ആരോഗ്യ സേവനകേന്ദ്രങ്ങൾ, പൊതുഗതാഗതം എന്നിവിടങ്ങളിലേയ്‌ക്കുള്ള യാത്ര മണിക്കൂറുകളോളം നീണ്ടതും അപകടം നിറഞ്ഞതുമായിരുന്നു. അവിടുത്തെ താമസക്കാരിലൊരാളായിരുന്ന മൂസ്സ് പറഞ്ഞു, “ഒരു പാക്കറ്റ് ഉപ്പ് വാങ്ങാൻ മലഞ്ചെരിവിലൂടെ ഇറങ്ങി വരാൻ എനിക്ക് അര ദിവസമെടുക്കുമായിരുന്നു.” നാലു വർഷം മുമ്പ്, ഈ ഗോവണിക്ക് പകരം സർക്കാർ 10 ലക്ഷം യുവാൻ ചെലവഴിച്ച് ഉരുക്കു കൊണ്ടുള്ള സുരക്ഷിതമായ ഒരു സംവിധാനം നിർമിച്ചു. 2020 മെയ് മാസത്തിൽ മൂസ്സിനെയും അ-ഥു-ല്വാറിലെ മറ്റ് 83 കുടുംബങ്ങളെയും ദാരിദ്ര്യ നിർമാർജന പരിപാടിയുടെ ഭാഗമായി മാറ്റിപ്പാർപ്പിച്ചു.42
അങ്ങേയറ്റം വിദൂര പ്രദേശങ്ങളിൽ താമസിക്കുന്നവരോ, കൂടെക്കൂടെ പ്രകൃതിദുരന്തങ്ങൾ അനുഭവിക്കേണ്ടിവരുന്നവരോ ആയ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം, കൂടുതൽ വാസയോഗ്യമായ സ്ഥലങ്ങളിലേയ്‌ക്ക് മാറാതെ ദാരിദ്ര്യത്തിന്റെ ചക്രം തകർക്കുക അസാധ്യമാണ്. 96 ലക്ഷം പേർ — അതായത്, ദാരിദ്ര്യത്തിൽ നിന്നും കരകയറ്റപ്പെട്ട മൊത്തം ആളുകളിൽ ഏകദേശം 10 ശതമാനം പേർ — ഗ്രാമങ്ങളിൽ നിന്ന് പുതുതായി നിർമിച്ച നഗര പാർപ്പിടസമൂഹങ്ങളിലേയ്‌ക്ക് മാറി. 6,100 കിന്റർഗാർട്ടനുകൾ, പ്രാഥമിക, മാധ്യമിക വിദ്യാലയങ്ങൾ എന്നിവയ്‌ക്കൊപ്പം പുതിയ ഭവനങ്ങളും നിർമിച്ചു. 12,000 ആശുപത്രികളും സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളും 3,400 വൃദ്ധ പരിചരണ കേന്ദ്രങ്ങളും 40,000 സാംസ്‌കാരിക കേന്ദ്രങ്ങളും വേദികളും നിർമിക്കുകയോ വിപുലീകരിക്കുകയോ ചെയ്‌തു.
നാട്ടിൻപുറങ്ങളിൽ നിന്ന് നഗരങ്ങളിലേയ്‌ക്ക് കുടുംബങ്ങളെ മാറ്റിത്താമസിപ്പിക്കുമ്പോൾ ഉണ്ടാകുന്ന പ്രധാന വെല്ലുവിളി, അവർക്ക് തൊഴിൽ കണ്ടെത്തുക എന്നതാണ്. മാറ്റിപ്പാർപ്പിച്ച കുടുംബങ്ങൾക്ക് തൊഴിൽ കണ്ടെത്തുന്നതിന് സർക്കാർ പരിശീലന പരിപാടികളും പുതിയ വ്യവസായങ്ങളും വികസിപ്പിച്ചു. തത്ഫലമായി, താമസം മാറിയവരിലെ ജോലി ചെയ്യാൻ പ്രാപ്‌തിയുള്ളവരിൽ 73.7 ശതമാനം പേർക്കും ജോലി ലഭിച്ചു. മാറിത്താമസിച്ച കുടുംബങ്ങളിൽ ജോലി ചെയ്യാൻ കഴിയുന്ന അംഗങ്ങളുള്ള 94.1 ശതമാനം കുടുംബങ്ങളിലും ഒരാൾക്കെങ്കിലും ജോലി ലഭിച്ചു.
പാരിസ്ഥിതിക നഷ്‌ടപരിഹാരം
ആലിപേയ്-യുടെ മൊബൈൽ ആപ്പ് ആയ ആന്റ് ഫോറസ്റ്റിലുള്ള ചെറിയ പച്ച ബട്ടൺ ഞെക്കിയാൽ നടുവിൽ ചലിക്കുന്ന ഒരു ചെറുചെടിയുള്ള സ്‌ക്രീനിലെത്തും. സ്വകാര്യ വാഹനം ഉപയോഗിക്കുന്നതിനു പകരം സൈക്കിൾ പങ്കിടുന്ന സംവിധാനം ഉപയോഗിക്കുകയോ നടക്കുകയോ ചെയ്‌താൽ ഉപയോക്താക്കൾക്ക് ഗ്രീൻ ക്രെഡിറ്റ്‌സ് ലഭിക്കും. ഈ ക്രെഡിറ്റ്സ്, മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന് ഒരു മൊബൈൽ ആപ്ലിക്കേഷൻ ഉപയോഗിച്ച് കൈമാറ്റം ചെയ്യാനാകും. വൻകിട ഇന്റർനെറ്റ് കമ്പനിയായ ആലിബാബയുടെ കീഴിലുള്ള ആന്റ് ഫിനാൻഷ്യൽ സർവിസസ് ഗ്രൂപ്പ് 2016-ൽ ആരംഭിച്ച ഓൺലൈൻ പണമിടപാട് സംവിധാനമാണ് ആന്റ് ഫോറസ്റ്റ്. തങ്ങളുടെ 55 കോടി ഉപയോക്താക്കളെ കാർബൺ ഫുട്‌പ്രിന്റ് കുറയ്‌ക്കാൻ ആന്റ് ഫോറസ്റ്റ് പ്രോത്സാഹിപ്പിക്കുന്നു.
ഇതിന്റെ രൂപകൽപ്പന വിഡിയോ ഗെയിം പോലെ തോന്നാം. പക്ഷേ മരങ്ങൾ സാങ്കൽപ്പികമല്ല. 2020 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, 112,000 ഹെക്‌ടർ സ്ഥലത്ത് 12.2 കോടി മരങ്ങൾ ആന്റ് ഫോറസ്റ്റ് വഴി വച്ചുപിടിപ്പിച്ചിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും ഇന്നർ മംഗോളിയ, ഗാൻസു, ഛിൻഹായ്, ഷാൻസി പ്രദേശങ്ങളിലെ വരണ്ട സ്ഥലങ്ങളിലാണ്. തത്ഫലമായി, പരിസ്ഥിതി സംരക്ഷണത്തെ ദാരിദ്ര്യ നിർമാർജനവുമായി ബന്ധിപ്പിക്കുന്ന 4 ലക്ഷം തൊഴിലുകൾ പൊതുക്ഷേമത്തെ മുൻനിർത്തി സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രദേശങ്ങളിലും നാട്ടുകാർക്ക് വരുമാനം ലഭിക്കാൻ സഹായിക്കുന്ന പാരിസ്ഥിതിക സാമ്പത്തിക വനങ്ങളിലും സൃഷ്‌ടിക്കപ്പെട്ടു. 2019-ൽ ആന്റ് ഫോറസ്റ്റ്, യുഎൻ പരിസ്ഥിതി പരിപാടിയുടെ പരമോന്നത പുരസ്‌കാരമായ ചാമ്പ്യൻസ് ഓഫ് ദി എർത്തിന് അർഹരായി.43
പരിസ്ഥിതി സംരക്ഷണവും പുനഃസ്ഥാപനവും — പ്രത്യേകിച്ച് ദരിദ്ര പ്രദേശങ്ങളായി അടയാളപ്പെടുത്തപ്പെട്ട സ്ഥലങ്ങളിൽ — ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുന്നതിനുള്ള പ്രധാന മാർഗങ്ങളിൽ ഒന്നാണ്. പ്രധാനമായും പാരിസ്ഥിതിക മേഖലയിൽ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതു വഴിയാണ് ഇത് സാധ്യമാക്കുന്നത്. 2013 മുതലുള്ള കാലത്ത് ദരിദ്ര പ്രദേശങ്ങളിലെ 49.7 ലക്ഷം ഹെക്‌ടർ കൃഷിയിടങ്ങൾ വനങ്ങളോ പുൽമേടുകളോ ആയി പുനഃസ്ഥാപിച്ചു. ഈ പ്രക്രിയയിൽ 11 ലക്ഷം ദരിദ്രരെ ഫോറസ്റ്റ് റേഞ്ചർമാരായി നിയമിച്ചു. 23,000 ദാരിദ്ര്യ നിർമാർജന സഹകരണ സംഘങ്ങളും വനവൽക്കരണത്തിനുള്ള (പുതിയ വനങ്ങൾ സൃഷ്‌ടിക്കൽ) സംഘങ്ങളും രൂപീകരിച്ചു.44 കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ചൈന നടത്തിവരുന്ന തുടർച്ചയായ ഹരിതവൽക്കരണ ശ്രമങ്ങളുടെ ഭാഗമാണിത്. യുഎൻ ഫുഡ് ആൻഡ് അഗ്രിക്കൾച്ചർ ഓർഗനൈസേഷന്റെ (എഫ്എഒ) വിശകലന പ്രകാരം ചൈന വനങ്ങളുടെ പുനഃസ്ഥാപനത്തിന്റെ (reforestation) കാര്യത്തിൽ ആഗോളതലത്തിൽ മുൻപന്തിയിലാണ്. 1990-നും 2020-നും ഇടയിൽ ലോകത്ത് ഹരിതമേഖലയുടെ (leaf area) വളർച്ചയിൽ 25 ശതമാനവും ഉണ്ടായത് ചൈനയിലാണ്.45 ഹരിതവൽക്കരണ ശ്രമങ്ങൾ സർക്കാരിന്റെ നേരിട്ടുള്ള പ്രവർത്തനങ്ങൾ വഴി മാത്രമല്ല, ആലിപേയ്-യുടെ കാര്യത്തിലെന്ന പോലെ സ്വകാര്യ മേഖലയുടെ വകയായിട്ടുള്ള ശ്രമങ്ങൾ വഴിയും നടപ്പിലാക്കപ്പെടുന്നു.
വിദ്യാഭ്യാസം
1951-ൽ ടിബെറ്റിനെ ഔദ്യോഗികമായി ജനകീയ ജനാധിപത്യ ചൈനയുടെ ഭാഗമാക്കിയപ്പോൾ, വിദ്യാഭ്യാസം നിയന്ത്രിച്ചിരുന്നത് ആശ്രമങ്ങൾ ആയിരുന്നു, ഏതാനും സ്വകാര്യ വിദ്യാലയങ്ങളുടെ കാര്യത്തിലൊഴികെ. വിദ്യാലയങ്ങൾ സന്യാസിമാർക്കും ഉദ്യോഗസ്ഥർക്കും വേണ്ടി നീക്കിവച്ചിരുന്നു. തത്ഫലമായി, സ്‌കൂളിൽ പോകേണ്ട പ്രായമുള്ള കുട്ടികളിൽ രണ്ടു ശതമാനം മാത്രമാണ് വിദ്യാലയങ്ങളിൽ പഠിച്ചിരുന്നത്. 1951 മുതൽ 2021 വരെ ആധുനികമായ ഒരു വിദ്യാഭാസ സംവിധാനം വികസിപ്പിക്കുന്നതിനായി 10,000 കോടി യുവാൻ ആണ് ചൈന ചിലവഴിച്ചത്. 2021-ലെ കണക്കുകൾ പ്രകാരം, പ്രാഥമിക വിദ്യാലയങ്ങളിൽ പഠിക്കാനുള്ള പ്രായമുള്ളവരിൽ 99.5 ശതമാനം പേരും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ചേർന്ന് പഠിക്കുന്നുണ്ട്. മാധ്യമിക വിദ്യാലയങ്ങളുടെ (middle school) കാര്യത്തിൽ ഈ ശതമാനം 99.51 ആണ്; തൃതീയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യത്തിൽ 39.18 ശതമാനവും. 2012-ൽ, അധ്യയനം, താമസം, പാഠപുസ്‌തകങ്ങൾ, ഭക്ഷണം, ഗതാഗതം, മറ്റ് ചെലവുകൾ എന്നിവയെല്ലാം ഉൾപ്പെടെ പ്രീ-സ്‌കൂൾ മുതൽ സീനിയർ ഹൈസ്‌കൂൾ വരെ പതിനഞ്ചു വർഷത്തെ വിദ്യാഭ്യാസം സൗജന്യമായി നൽകുന്ന പരിപാടി ആരംഭിച്ച ചൈനയിലെ ആദ്യത്തെ പ്രദേശമായി മാറി ടിബെറ്റ്.46 ദരിദ്രകുടുംബങ്ങൾ ആയി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഗ്രാമീണ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്ക് സർവകലാശാലാ തലത്തിൽക്കൂടി സൗജന്യ വിദ്യാഭ്യാസം നൽകുന്ന തരത്തിൽ ഈ നയം വിപുലീകരിച്ചു. 2016 മുതൽ 2020 വരെ 46,700 ദരിദ്രരായ ബിരുദ വിദ്യാർത്ഥികൾക്ക് ഈ നയം പ്രയോജനപ്പെട്ടു.47
തലമുറകളായി നിലനിൽക്കുന്ന ദാരിദ്ര്യത്തിന്റെ ചങ്ങല തകർക്കുന്നതിൽ വിദ്യാഭ്യാസം പ്രധാന പങ്ക് വഹിക്കുന്നു. വിദ്യാഭ്യാസം നിർത്തിപ്പോകേണ്ടി വന്ന ദരിദ്ര കുടുംബങ്ങളിൽ നിന്നുള്ള 2 ലക്ഷം വിദ്യാർത്ഥികൾക്ക് (2013-ലെ കണക്കനുസരിച്ച്) വിദ്യാലയങ്ങളിലേയ്‌ക്ക് മടങ്ങുന്നതിന് ആവശ്യമായ സഹായം ഉറപ്പുവരുത്തുന്നതിന് ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജന പരിപാടിയുടെ ഭാഗമായി വലിയ പരിശ്രമങ്ങൾ നടന്നു. 2020 ആയപ്പോഴേയ്‌ക്കും ചൈനയിലെ പ്രൈമറി, സെക്കൻഡറി സ്‌കൂളുകളിൽ 99.8 ശതമാനത്തിനും അടിസ്ഥാന സൗകര്യങ്ങളും അധ്യാപകരും മറ്റു ജീവനക്കാരും ഉൾപ്പെടെ അവശ്യം വേണ്ടതെല്ലാം ഉണ്ടെന്ന് ഉറപ്പുവരുത്തിയിരുന്നു. 95.3 ശതമാനം വിദ്യാലയങ്ങളിൽ ഇന്റർനെറ്റ് സൗകര്യവും മൾട്ടിമീഡിയ ക്ലാസ് മുറികളുമുണ്ട്. വലിയ സർക്കാർ ധനസഹായ പരിപാടികൾ 64 കോടി പേർക്ക് വിദ്യാഭ്യാസ സഹായവും സ്‌കൂളുകളിൽ പോഷകാഹാരവും നൽകുന്നു. പ്രതിവർഷം 4 കോടി വിദ്യാർത്ഥികളിലേയ്‌ക്ക് ഈ സഹായങ്ങൾ എത്തുന്നു.48
നല്ല നിലവാരം പുലർത്തുന്ന അധ്യാപകരെ പരിശീലിപ്പിക്കുന്നതിനും മുൻഗണന നൽകി: ബിരുദ പഠനത്തിനു ശേഷം ദരിദ്ര പ്രദേശങ്ങളിൽ പഠിപ്പിക്കുന്നതിന് 9.5 ലക്ഷം അധ്യാപകരെ പ്രത്യേക തസ്‌തിക പരിപാടി വഴി നിയമിച്ചു. 1.7 കോടി ഗ്രാമീണ അധ്യാപകരെ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന മധ്യ-പശ്ചിമ മേഖലകളിലേയ്‌ക്ക് ദേശീയ പരിശീലന പരിപാടിയുടെ ഭാഗമായി നിയമിച്ചു. അവരിൽ 1.9 ലക്ഷം പേരെ പ്രത്യേകമായി വിദൂര, ദരിദ്ര, വംശീയ ന്യൂനപക്ഷ പ്രദേശങ്ങളിലേയ്‌ക്ക് അയച്ചു. സോഷ്യലിസ്റ്റ് പാരമ്പര്യത്തിന് അനുസൃതമായ ഈ ശ്രമങ്ങൾ, ചെറുപ്പക്കാർക്ക് ഗ്രാമപ്രദേശങ്ങളിലെ ജീവിതത്തെക്കുറിച്ച് നേരിട്ടുള്ള അറിവ് നൽകുന്നു; അതേ സമയം അടുത്ത തലമുറയിലെ അധ്യാപകരെ വളർത്തുകയും ചെയ്യുന്നു.
വിദ്യാഭ്യാസരംഗത്തെ ഈ നേട്ടങ്ങൾ ഗ്രാമങ്ങളിൽ മാത്രമല്ല, രാജ്യത്തുടനീളം പ്രതിഫലിച്ചു. 2020-ൽ നടന്ന ഏഴാം ദേശീയ സെൻസസ് പ്രകാരം, ജനങ്ങളുടെ വിദ്യാഭ്യാസത്തിന്റെ കാലയളവ് ശരാശരി 9.08 വർഷം ആയിരുന്നത് 9.91 വർഷമായി ഉയർന്നു. തൃതീയ വിദ്യാഭ്യാസം നേടിയവരുടെ എണ്ണം 2010-ൽ ഒരു ലക്ഷത്തിൽ 8,930 പേർ എന്ന നിലയിൽ നിന്നും 2020-ൽ ലക്ഷത്തിൽ 15,467 പേരായി — മുമ്പത്തേതിന്റെ ഇരട്ടിയോളം.49 തൃതീയ വിദ്യാഭ്യാസം നേടാൻ സാധിച്ചവർ ഏത് സാമ്പത്തിക-സാമൂഹിക പശ്ചാത്തലങ്ങളിൽ നിന്നുള്ളവരാണ് എന്നു പരിശോധിക്കുമ്പോൾ അതിലും മാറ്റങ്ങൾ പ്രകടമാണ്. ചൈനയിലെ കോളേജ് വിദ്യാർത്ഥികളുടെയിടയിൽ സിൻഹ്വ സർവകലാശാല നടത്തിയ സർവേ പ്രകാരം, 2011 മുതൽ 2018 വരെയുള്ള കാലഘട്ടത്തിൽ ചൈനീസ് സർവകലാശാലകളിലെ ഒന്നാം വർഷ വിദ്യാർത്ഥികളായിരുന്നവരിൽ 70 ശതമാനത്തിലധികം പേർ അവരുടെ കുടുംബങ്ങളിൽ നിന്നും ഏതെങ്കിലും സർവകലാശാലയിൽ ചേരുന്ന ആദ്യത്തെ ആളുകളായിരുന്നു.50 ഇതിൽ 70 ശതമാനവും ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. ലോക സാമ്പത്തിക ഫോറത്തിന്റെ 2020-ലെ ഗ്ലോബൽ ജെൻഡർ ഗ്യാപ് റിപ്പോർട്ട് പ്രകാരം, സ്‌ത്രീകൾ തൃതീയ വിദ്യാഭ്യാസത്തിൽ പ്രവേശിക്കുന്നതിലും, പ്രൊഫഷണൽ, സാങ്കേതിക ജീവനക്കാരുടെയിടയിൽ സ്‌ത്രീകളുടെ അനുപാതത്തിലും ചൈന ഒന്നാം സ്ഥാനത്തെത്തി.51 കഴിഞ്ഞ ദശകത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങൾ ദാരിദ്ര്യത്തിന്റെ ബഹുമുഖ ഘടകങ്ങൾ, നഗരങ്ങളും ഗ്രാമങ്ങളും തമ്മിലുള്ള അന്തരം, ലിംഗഭേദം എന്നിവയെ എതിരിട്ടു എന്നത് വ്യക്തം.
ഗ്വെയ്ജോ പ്രവിശ്യയിലുള്ള തൊങ്വെൻ നഗരത്തിലെ വങ്ജിയ പാർപ്പിടസമൂഹത്തിലുള്ള സ്‌കൂളിൽ നിന്നും തൊട്ടടുത്തുള്ള തങ്ങളുടെ വീടുകളിലേയ്‌ക്ക് നടക്കുന്ന കുട്ടികൾ. 2021 ഏപ്രിൽ.
സാമൂഹ്യ സഹായം
ദാരിദ്ര്യം ലഘൂകരിക്കുന്നതിന് ചൈന അവലംബിച്ച അഞ്ച് പ്രധാന മാർഗങ്ങളിൽ അവസാനത്തേത് സാമൂഹ്യ സഹായം നൽകുക എന്നതാണ്. ചൈനയുടെ ആദ്യത്തെ സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ചരിത്രം ഷാങ്ഹായ്-യിൽ 1993-ൽ ആരംഭിച്ച അർബൻ മിനിമം ലിവിംഗ് ഗ്യാരന്റി സിസ്റ്റത്തിലേയ്‌ക്ക് (ദീപാഒ) നീളുന്നതാണ്. 1999-ൽ എല്ലാ നഗരപ്രദേശങ്ങളിലേയ്‌ക്കും 2007-ൽ ഗ്രാമപ്രദേശങ്ങളിലേയ്‌ക്കും ഇത് വ്യാപിപ്പിച്ചു.52 ഈ പരിപാടി പ്രകാരം, ആളോഹരി വരുമാനം പ്രാദേശിക ദാരിദ്ര്യരേഖയേക്കാൾ കുറവുള്ള ഏതൊരു കുടുംബത്തിനും സാമൂഹ്യസഹായത്തിന് അപേക്ഷിക്കാനുള്ള അവകാശമുണ്ടായിരുന്നു. ലോകത്ത് പണമായി നൽകപ്പെടുന്ന ഏറ്റവും വലിയ സാമൂഹ്യ സഹായ പദ്ധതിയായി ഇത് കണക്കാക്കപ്പെടുന്നു.53 വിദ്യാഭ്യാസം, ആരോഗ്യരക്ഷ, പാർപ്പിടം, അംഗപരിമിതിയുള്ളവർക്കുള്ള സഹായം, താൽക്കാലിക സഹായങ്ങൾ എന്നിവയ്‌ക്കായുള്ള മറ്റു പരിപാടികൾക്ക് പരസ്‌പരപൂരകമായിട്ടാണ് ദീപാഒ പ്രവർത്തിച്ചത്. 2009-ൽ ഗ്രാമപ്രദേശങ്ങളിലും 2011-ൽ നഗരപ്രദേശങ്ങളിലും ആളുകൾക്കായി പെൻഷൻ സംവിധാനം ഏർപ്പെടുത്തി.
ഗ്രാമീണ ഉപജീവന വേതനം (rural subsistence allowance) 2012-ൽ പ്രതിവർഷം 2068 യുവാൻ ആയിരുന്നത് 2020 ആയപ്പോഴേയ്‌ക്കും 5962 യുവാൻ ആയി വർധിച്ചു.54 ഈ ഫണ്ടുകളോ അതിദാരിദ്ര്യ ആശ്വാസ ഫണ്ടോ 93.6 ലക്ഷം പേർക്ക് ലഭ്യമാകുന്നു. 60.98 ദശലക്ഷം പേർക്ക് അടിസ്ഥാന പെൻഷൻ ലഭിക്കുന്നു. ഏറെക്കുറെ എല്ലാ ഗ്രാമീണരെയും തൊഴിൽരഹിതരായ നഗരവാസികളെയും ഉൾക്കൊള്ളുന്നതാണ് ഈ പരിപാടികൾ.55
എന്നിരുന്നാലും ചൈനയുടെ സാമൂഹ്യ വ്യവസ്ഥ വലിയ സമ്മർദ്ദത്തിലാണ്. ചൈനയിൽ ജനന നിരക്ക് താഴുകയാണ്. കഴിഞ്ഞ സെൻസസ് അനുസരിച്ച് ഒരു സ്‌ത്രീക്ക് 1.3 എന്ന തോതിലാണ് കുട്ടികൾ ജനിച്ചുകൊണ്ടിരിക്കുന്നത്. അതിനനുസരിച്ച് സമൂഹത്തിൽ പ്രായമായവരുടെ അനുപാതം കൂടുകയാണ്. ഇതിന്റെ ഫലമായി ചൈന കഴിഞ്ഞ വർഷം ചരിത്രത്തിൽ ആദ്യമായി സാമൂഹിക ഇൻഷുറൻസ് കമ്മി രേഖപ്പെടുത്തി. 2025-ഓടെ പ്രായമായവരുടെ (60 വയസ്സിനു മുകളിലുള്ളവർ) എണ്ണം 30 കോടിയാകും എന്നും, 2050-ഓടെ ചൈനയിലെ ജനസംഖ്യ കുറയാൻ തുടങ്ങുമെന്നുമാണ് കണക്കാക്കപ്പെടുന്നത്. പെൻഷൻ കമ്മി അടുത്ത ദശകത്തിനുള്ളിൽ 8 ലക്ഷം കോടി യുവാൻ ആയേക്കും. ഇത് പരിഹരിക്കുന്നതിന് ചൈന നിലവിൽ നഗരത്തൊഴിലാളി പെൻഷൻ സമ്പ്രദായത്തിൽ പരിഷ്‌കാരങ്ങൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്.56
രോഗവും മോശം ആരോഗ്യവും ഗ്രാമങ്ങളിൽ ദാരിദ്ര്യത്തിന് കാരണമാകുന്ന പ്രധാന ഘടകങ്ങളായതിനാൽ, ഗ്രാമപ്രദേശങ്ങളിലെ ആരോഗ്യരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നത് ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജന പരിപാടിയുടെ പ്രധാന ഭാഗമാണ്. ദരിദ്ര പ്രദേശങ്ങളിൽ ആരോഗ്യരക്ഷാ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 1,007 നേതൃതല ആശുപത്രികൾ 1,172 കൗണ്ടി തല ആശുപത്രികളുമായി ജോഡി ചേർത്തു. രാജ്യത്തൊട്ടാകെ 53,000 പദ്ധതികൾ ആരംഭിക്കാൻ നേതൃതല ആശുപത്രികൾ 1.18 ലക്ഷം ആരോഗ്യ പ്രവർത്തകരെ അയച്ചു. ഈ ഡോക്‌ടർമാർ 5.5 കോടി പുറംരോഗികൾക്ക് ചികിത്സ നൽകുകയും 19 ലക്ഷം ശസ്‌ത്രക്രിയകൾ നടത്തുകയും ചെയ്തു. അതേ സമയം, ബിരുദം നേടിയതിനു ശേഷം ഗ്രാമീണ മേഖലകളിലെ ചികിത്സാ സ്ഥാപനങ്ങളിൽ സേവനം ചെയ്യുമെന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ 60,000 മെഡിക്കൽ വിദ്യാർത്ഥികൾക്ക് സൗജന്യ പരിശീലനം ലഭിച്ചു.57
വിലയിരുത്തൽ: ദാരിദ്ര്യ നിർമാർജനം അളക്കുന്നതെങ്ങനെ?
“ഗ്രാമങ്ങളിലെ പാർട്ടി പ്രവർത്തകരുടെ അടുത്ത ബന്ധുക്കളുടെ കുടുംബങ്ങളെ ദരിദ്രരായി കണക്കാക്കാൻ കഴിയുമോ?,” പിംഗ്ബിയൻ യി എത്‌നിക് ടൗൺഷിപ്പിലെ പ്രാദേശിക ഉദ്യോഗസ്ഥരോട് സാഹചര്യങ്ങൾ പരിശോധിക്കാനെത്തിയ വിദ്യാർഥികൾ ചോദിക്കുന്നു. ചോങ്‌ഛിങ്ങിലുള്ള സൗത്ത് വെസ്റ്റ് സർവകലാശാലയിലെ വിദ്യാർഥികളും പ്രൊഫസർമാരും 300 കിലോമീറ്റർ സഞ്ചരിച്ച് സിച്വാനിലെ ഗ്രാമീണ മേഖലയിൽ എത്തിയിരിക്കുകയാണ്. പ്രാദേശിക ദാരിദ്ര്യ നിർമാർജന ശ്രമങ്ങളുടെ വിജയങ്ങളും കുറവുകളും വിലയിരുത്തുന്നതിന് സർക്കാർ അവരെ പരിശീലിപ്പിക്കുകയും ചുമതലപ്പെടുത്തുകയും ചെയ്‌തിരിക്കുകയാണ്. തലേദിവസം രാത്രി മാത്രമാണ് അവർ ഗ്രാമങ്ങളിലെ പ്രാദേശിക ഉദ്യോഗസ്ഥരെ പരിശോധനയുടെ കാര്യം അറിയിക്കുന്നത്. ക്രമരഹിതമായി (random) തീരുമാനിക്കപ്പെടുന്ന ഈ അപ്രഖ്യാപിത പരിശോധനകളിൽ, വിദ്യാർഥികൾ വീടുകൾ സന്ദർശിക്കുകയും അവരുടെ ചോദ്യാവലിക്ക് ലഭിക്കുന്ന ഉത്തരങ്ങൾ ഒരു കേന്ദ്രീകൃത ആപ്ലിക്കേഷനിൽ രജിസ്റ്റർ ചെയ്യുകയും, ബാങ്ക് സ്റ്റേറ്റ്മെന്റുകളും ഭവന മൂല്യനിർണയ സർട്ടിഫിക്കറ്റുകളും അവലോകനം ചെയ്യുകയും, ഭവനങ്ങളുടെ അവസ്ഥ സർവേ ചെയ്യുകയും, സൂചകങ്ങൾ ലക്ഷ്യമിട്ട തലത്തിൽ എത്തിയോ എന്ന് പരിശോധിക്കുകയും ചെയ്യുന്നു.58
ഇത്ര ബൃഹത്തായ തോതിൽ ഒരു പരിപാടി നടപ്പിലാക്കുന്നതിന് എല്ലാ തലത്തിലും എല്ലാ പ്രദേശങ്ങളിലും പരിശോധനകൾ നടത്താനുള്ള സംവിധാനം ആവശ്യമാണ്. ഇത്തരം പരിശോധനകൾ അതത് പ്രദേശങ്ങളിലെ സർക്കാരുദ്യോഗസ്ഥർ തന്നെ നടത്തിയാൽ മതിയാവുകയില്ല. സ്റ്റേറ്റ് കൗൺസിൽ ദാരിദ്ര്യ ലഘൂകരണ ഓഫിസ്, കേന്ദ്ര സംഘടനാ വകുപ്പ്, ദാരിദ്ര്യ നിർമാർജനവും വികസനവും സംബന്ധിച്ച സ്റ്റേറ്റ് കൗൺസിൽ നേതൃസംഘത്തിലെ അംഗങ്ങളായ യൂണിറ്റുകൾ എന്നിവയുടെ നേതൃത്വത്തിൽ 2016 മുതൽ എല്ലാ വർഷവും ദേശീയ തലത്തിൽ ഒരു വിലയിരുത്തൽ നടന്നു പോരുന്നുണ്ട്.59 ഗാർഹിക വിവരങ്ങളുടെ കൃത്യത, സ്വീകരിച്ച നടപടികളുടെ പര്യാപ്‌തത, ഫണ്ടുകളുടെ ഉചിതമായ ഉപയോഗം എന്നിവ ഉറപ്പുവരുത്തുന്നത് ഉൾപ്പെടെ ഓരോ മേഖലയിലെയും ദാരിദ്ര്യ ലഘൂകരണത്തിന്റെ ഫലപ്രാപ്‌തി വിലയിരുത്തലാണ് അവരുടെ ചുമതല. പ്രധാനമായും മൂന്ന് തരത്തിലാണ് വിലയിരുത്തൽ നടത്തുന്നത്: പ്രവിശ്യാന്തര പരസ്പര വിലയിരുത്തൽ, മൂന്നാം കക്ഷി വിലയിരുത്തൽ, സാമൂഹ്യ മേൽനോട്ടം.
പ്രവിശ്യാന്തര പരസ്പര വിലയിരുത്തൽ: തങ്ങളുടെ പ്രവർത്തനങ്ങളും, പുരോഗതിയും, റിപ്പോർട്ടു ചെയ്‌ത ഫലങ്ങളുടെ വിശ്വാസ്യതയും പരസ്പരം പരിശോധിക്കുന്നതിനുള്ള കരാറിൽ ഒപ്പുവച്ചത് പടിഞ്ഞാറൻ ചൈനയിലെയും മധ്യ ചൈനയിലെയും 22 പ്രവിശ്യകളാണ്.60 ദാരിദ്ര്യ രജിസ്‌ട്രേഷൻ പട്ടികയിൽ കുടുംബങ്ങളെ ശരിയായി ചേർത്തിട്ടുണ്ടോ അല്ലെങ്കിൽ നീക്കം ചെയ്‌തിട്ടുണ്ടോ, മതിയായ സഹായം നൽകിയിട്ടുണ്ടോ, എന്തൊക്കെ പ്രശ്‌നങ്ങളാണ് നേരിടേണ്ടി വന്നത്, എന്തൊക്കെ പാഠങ്ങളാണ് പഠിച്ചത് — ഇതെല്ലാം അറിയാനായി സ്ഥലങ്ങൾ സന്ദർശിച്ച് വിലയിരുത്തൽ നടത്താൻ ഓരോ പ്രവിശ്യയും ഡസൻ കണക്കിന് പാർട്ടി പ്രവർത്തകരെ അയയ്‌ക്കുന്നു.
മൂന്നാം കക്ഷി വിലയിരുത്തൽ: ഒരു കൗണ്ടി ദാരിദ്ര്യത്തിൽ നിന്നും മുക്തമാണെന്ന് പ്രാദേശിക അധികാരികൾ പ്രഖ്യാപിച്ചുകഴിഞ്ഞാൽ അത് സ്ഥിരീകരിക്കാൻ ദാരിദ്ര്യ നിർമാർജനത്തെയും വികസനത്തെയും സംബന്ധിച്ച നേതൃസംഘത്തിന്റെ ഓഫിസ് (Leading Group Office of Poverty Alleviation and Development) അനുയോജ്യമായ ശാസ്‌ത്ര ഗവേഷണ സ്ഥാപനങ്ങളെയും സാമൂഹ്യ സംഘടനകളെയും ചുമതലപ്പെടുത്തുന്നു. വിവരങ്ങളുടെ വിശ്വാസ്യത വിലയിരുത്തുന്നതിന് ഈ സംഘങ്ങൾ സർവേകളും ഫീൽഡ് പരിശോധനകളും നടത്തുന്നു. മൂന്നാം കക്ഷി വിലയിരുത്തലിനുള്ള ഏജൻസികളെ നിർണയിക്കുന്നത് ഒരു പൊതു ലേലത്തിലൂടെയാണ്.61 പരിപാടിയുടെ ഭാഗമായി, ആകെ 22 മൂന്നാം കക്ഷി ഏജൻസികൾ 531 കൗണ്ടികൾ, 3,200-ലധികം ഗ്രാമങ്ങൾ, 1.16 ലക്ഷം കുടുംബങ്ങൾ എന്നിവിടങ്ങളിൽ സർവേ നടത്തി.62
സാമൂഹ്യ മേൽനോട്ടം: ഔദ്യോഗിക വിലയിരുത്തലുകൾക്കും മൂന്നാം കക്ഷി വിലയിരുത്തലുകൾക്കും അപ്പുറം, പാർട്ടി പ്രവർത്തകർ നടത്തിയ റാൻഡം പരിശോധനകളിലൂടെയും ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ വിലയിരുത്തി. ഉദാഹരണത്തിന്, കുടുംബങ്ങളുടെ സാഹചര്യങ്ങൾ കൃത്യമായി റിപ്പോർട്ടു ചെയ്‌തിട്ടുണ്ടോ എന്നറിയാൻ പാവപ്പെട്ട വീടുകളിൽ സന്ദർശനം നടത്തി വരുമാന സ്രോതസ്സുകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്തി.63
വിലയിരുത്തലിന്റെ ഫലങ്ങൾ:
മേൽവിവരിച്ച ചിട്ടയായ വിലയിരുത്തൽ പ്രക്രിയ, ദാരിദ്ര്യ ലഘൂകരണ പരിപാടിയുടെ പ്രശ്‌നങ്ങൾ വെളിച്ചത്തുകൊണ്ടുവന്നു. ദാരിദ്ര്യം കുറയ്‌ക്കുന്നതിനുള്ള വാർഷികലക്ഷ്യങ്ങൾ നിറവേറ്റുന്നതിലുള്ള പരാജയം, ഫണ്ട് ദുരുപയോഗം, വ്യാജ വിവരങ്ങൾ ചേർക്കുന്നത്, ദരിദ്രകുടുംബങ്ങളെ രജിസ്‌ട്രേഷൻ പട്ടികയിൽ ചേർക്കുന്നതിലും നീക്കം ചെയ്യുന്നതിലുമുള്ള കൃത്യതയില്ലായ്‌മ, മറ്റ് അച്ചടക്ക ലംഘനങ്ങൾ എന്നിവ ഇങ്ങനെ തുറന്നുകാട്ടപ്പെട്ട പ്രശ്‌നങ്ങളിൽപ്പെടും.64 ഇക്കൂട്ടത്തിൽപ്പെട്ട ഒരു പ്രശ്‌നമാണ് അഴിമതി. പ്രസിഡന്റ് ഷിയുടെ നേതൃത്വത്തിൽ പാർട്ടി പരസ്യമായി അഭിസംബോധന ചെയ്യുകയും വിമർശിക്കുകയും ചെയ്‌തിട്ടുള്ള വിഷയമാണിത്. ചൈനയിലെ പരമോന്നത അച്ചടക്ക സംവിധാനമായ സെൻട്രൽ കമ്മീഷൻ ഫോർ ഡിസിപ്ലിൻ ഇൻസ്പെക്ഷൻ (സിസിഡിഐ) ദാരിദ്ര്യ നിർമാർജന പരിപാടിയിലെ അഴിമതിക്കെതിരെ പോരാടുന്നതിനുള്ള ഒരു ക്യാമ്പയിൻ 2018-ൽ ആരംഭിച്ചു. 2013-ൽ അധികാരമേറ്റതു മുതൽ ഷി അഴിമതിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉയർന്ന മുൻഗണനയാണ് നൽകിയിട്ടുള്ളത്. ചെറുമീനുകളെ മാത്രമല്ല, വൻമീനുകളെയും ലക്ഷ്യമിടുന്നതാണ് ഈ പ്രവർത്തനങ്ങൾ. 2012 മുതൽ 2020-ന്റെ ആദ്യ പകുതി വരെ 32 ലക്ഷത്തിലധികം ഉദ്യോഗസ്ഥർ അഴിമതിയുമായി ബന്ധപ്പെട്ട കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടു.65 2020 ജനുവരി മുതൽ 2020 നവംബർ വരെ രേഖപ്പെടുത്തി മുന്നോട്ടുകൊണ്ടുപോയ 1,61,500 അഴിമതിക്കേസുകളിൽ മൂന്നിലൊന്ന് ദാരിദ്ര്യ നിർമാർജനവുമായി ബന്ധപ്പെട്ടതാണെന്ന് സർക്കാർ കണ്ടെത്തി.66 പതിനെട്ട് ഉന്നത ഉദ്യോഗസ്ഥരും ഈ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരിൽപ്പെടും. സോഷ്യലിസം കെട്ടിപ്പടുക്കുന്ന പ്രക്രിയയിൽ അഴിമതിക്കെതിരെ പോരാടുന്നത് വർഗസമരത്തിന്റെ തുടർപ്രവർത്തനത്തിന്റെ ഭാഗം തന്നെയാണ്. പൊതു ഖജനാവിൽ നിന്ന് നിയമവിരുദ്ധമായി ലാഭം കൊയ്യുന്നവരെ എതിരിടുകയാണ് ഇതുവഴി ചെയ്യുന്നത്. അഴിമതിവിരുദ്ധ ക്യാമ്പയിൻ വ്യാപകമായ ജനപിന്തുണയാണ് നേടിയിട്ടുള്ളത്. ഇതിൽ അത്ഭുതമില്ല. ജനങ്ങളെ സേവിക്കുക എന്ന കർത്തവ്യത്തോട് പാർട്ടിയും സർക്കാരും വിശ്വസ്‌തത പുലർത്തും എന്നകാര്യത്തിൽ ജനങ്ങൾക്കുള്ള വിശ്വാസം വളർത്തുകയാണ് ഈ ക്യാമ്പയിൻ ചെയ്‌തത്.
ഭാഗം 5: കേസ് സ്റ്റഡീസ് ⤴
താന്യാങ് ഗ്രാമം
തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗ്വെയ്ജോ പ്രവിശ്യയിലുള്ള തൊങ്വെൻ നഗരത്തിന്റെ വാൻഷാൻ ജില്ലയിലുള്ള ഏറ്റവും വലിയ ഗ്രാമങ്ങളിലൊന്നാണ് താന്യാങ്. 18.9 ചതുരശ്ര കിലോമീറ്റർ വിസ്‌തൃതി, 2,850 ജനസംഖ്യ (825 കുടുംബങ്ങൾ). ജലക്ഷാമം, കുറഞ്ഞ വിളവ്, രോഗങ്ങൾ, അംഗപരിമിതികൾ, കുട്ടികൾക്ക് വിദ്യാഭ്യാസത്തിന്റെ കുറവ് തുടങ്ങി വിവിധ കാരണങ്ങളുണ്ട് താന്യാങ്ങിലെ ദാരിദ്ര്യത്തിന്. നിരവധി ചെറുപ്പക്കാർ ജോലി കണ്ടെത്താനായി ഗ്രാമത്തിൽ നിന്ന് നഗരങ്ങളിലേയ്‌ക്ക് പോയി. അങ്ങനെ അവർ പോകുമ്പോൾ കുട്ടികളും മുതിർന്നവരും ഗ്രാമത്തിൽ ബാക്കിയാകുന്നത് പതിവായിരുന്നു.
ദാരിദ്ര്യ നിർമാർജനത്തിനും പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതിനും വേണ്ട ശ്രമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നതിന് 47 വയസ്സുകാരനായ ജില്ലാ സർക്കാർ ഉദ്യോഗസ്ഥൻ ല്യോ യുവൻഷുവെയെ 2018 ഓഗസ്റ്റിൽ ഫസ്റ്റ് സെക്രട്ടറിയായി (പാർട്ടിയിലെ ഒരു പ്രാദേശിക നേതൃസ്ഥാനം) താന്യാങ് ഗ്രാമത്തിലേയ്‌ക്ക് അയച്ചു. ലക്ഷ്യകേന്ദ്രീകൃത ദാരിദ്ര്യ നിർമാർജന പരിപാടിയുടെ ഭാഗമായി കുറഞ്ഞത് രണ്ട് വർഷമെങ്കിലും പ്രവർത്തിക്കാൻ 2013 മുതൽ 30 ലക്ഷത്തിലധികം പാർട്ടി ഫസ്റ്റ് സെക്രട്ടറിമാരെയും 2,55,000 സംഘങ്ങളെയും രാജ്യമെമ്പാടും അയച്ചു.
ല്യോ താന്യാങ്ങിൽ എത്തിയപ്പോൾ അവിടെയുണ്ടായിരുന്ന 825 കുടുംബങ്ങളിൽ 137 എണ്ണം ദരിദ്ര കുടുംബങ്ങളായിരുന്നു. ഈ 137 കുടുംബങ്ങളിൽ മൊത്തം 443 പേരാണുണ്ടായിരുന്നത്. ഗ്രാമത്തിലെ പാർട്ടിയിലുണ്ടായിരുന്നത് 58 അംഗങ്ങളായിരുന്നു — ഒരു ദരിദ്ര അംഗം, അഞ്ച് വനിതാ അംഗങ്ങൾ, 60 വയസ്സിനു മുകളിൽ പ്രായമുള്ള 17 അംഗങ്ങൾ എന്നിവരുൾപ്പെടെ. ശക്തിപ്പെടുത്തേണ്ട പതിനായിരക്കണക്കിന് പാർട്ടി ഘടകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തപ്പെട്ടിരുന്നതാണ് താന്യാങ്ങിലെ പാർട്ടി സംഘടന.
താന്യാങ്ങിലെ പാവപ്പെട്ട കുടുംബങ്ങളെ സഹായിക്കുന്നതിനായി ടൗൺഷിപ്പ്, ജില്ലാതല സർക്കാരുകളിൽ നിന്ന് ആകെ 52 പാർട്ടി പ്രവർത്തകരെ അയച്ചതായി ല്യോ പറഞ്ഞു. ഓരോ കുടുംബത്തെയും ആഴ്‌ചയിൽ നാലു തവണ സന്ദർശിക്കണം എന്നാണ് അവർക്കുള്ള നിർദ്ദേശം. പാർപ്പിടം, തൊഴിൽ, ആരോഗ്യ പരിരക്ഷ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങൾ ഈ സന്ദർശനങ്ങൾക്കിടെ അവർ അഭിസംബോധന ചെയ്യണം. “അവരുടെ തൊഴിൽ പ്രശ്‌നങ്ങളും സാമൂഹിക പ്രശ്‌നങ്ങളും പരിഹരിക്കുന്നതിന് പാർട്ടി സംഘടന മുന്നിട്ടിറങ്ങണം,” ല്യോ പറഞ്ഞു.
താന്യാങ്ങിൽ ഗ്രാമവാസികൾ അവരുടെ സ്വന്തം ഭൂമിയിലാണ് ജോലി ചെയ്‌തിരുന്നത്. എന്നാൽ 2017-ൽ, പഴങ്ങളും പച്ചക്കറികളും ഉത്പാദിപ്പിക്കുന്നതു മുതൽ പന്നി വളർത്തലും, എന്തിന്, ഇ-കൊമേഴ്‌സ് വരെയും നടത്തുന്നതിനായി വ്യവസായങ്ങൾ വികസിപ്പിക്കുന്നതിന് ഗ്രാമം ഒരു സഹകരണസംഘം സ്ഥാപിച്ചു. “കൃഷിക്കാരെ സംഘടിപ്പിച്ച്, ചിതറിക്കിടക്കുന്ന ഭൂമിയുടെ ചെറിയ തുണ്ടുകളെ ഒരുമിച്ചു ചേർത്ത് വൻകിട കൃഷിയാക്കി മാറ്റുന്നതിലൂടെ മാത്രമേ ഗ്രാമീണ വ്യവസായം വേഗത്തിലും നല്ല രീതിയിലും വളരുകയുള്ളൂ,” ല്യോ ഞങ്ങളോട് പറഞ്ഞു. “ഗ്രാമത്തിൽ നിന്നുള്ള എല്ലാവർക്കും വികസനത്തിന്റെ പ്രയോജനം ലഭിക്കുന്നുവെന്ന് നമ്മൾ ഉറപ്പാക്കേണ്ടതുണ്ട്.”
ഉദാഹരണത്തിന്, 2017-ൽ താന്യാങ്ങിലെ 48 കർഷകർ പച്ചക്കറിയുത്പാദനത്തിന് ഹരിതഗൃഹങ്ങൾ നിർമിക്കുന്നതിനായി തങ്ങളുടെ 100 മു (6.7 ഹെക്‌ടർ) ഭൂമി പാട്ടത്തിന് നൽകുന്നതിന് സഹകരണസംഘവുമായി 10 വർഷത്തെ കരാറിൽ ഒപ്പു വച്ചു. കൃഷിക്കാർ ഒരു മു ഭൂമിക്ക് വർഷം 800 യുവാൻ ആണ് പാട്ടത്തുകയായി ഈടാക്കിയത്. ഹരിതഗൃഹങ്ങൾ നോക്കിനടത്താൻ സഹകരണ സംഘം 10 കർഷകരെ നിയമിക്കുകയും ചെയ്തു. 2020 ആയപ്പോഴേയ്‌ക്കും ലാഭവിഹിതമായി മൊത്തം 2,42,000 യുവാൻ ഗ്രാമീണർക്ക് ലഭിച്ചു. സർക്കാർ സബ്‌സിഡികളും കമ്പനി വായ്‌പകളും വഴി സമാഹരിച്ച 48 ലക്ഷം യുവാൻ മുതൽമുടക്കി ഈ ഗ്രാമീണ സഹകരണസംഘം 13 മു സ്ഥലത്ത് ഒരു പന്നി ഫാമും സ്ഥാപിച്ചു. വെൻസ് ഫുഡ്സ്റ്റഫ്സ് ഗ്രൂപ്പ് കമ്പനി ലിമിറ്റഡുമായി സഹകരിച്ചായിരുന്നു ഈ സംരംഭം. (സർക്കാർ ഫണ്ടിംഗ് ഉള്ള ഒരു സ്വകാര്യ സംരംഭമാണ് വെൻസ് ഫുഡ്സ്റ്റഫ്‌സ് കമ്പനി.) സാങ്കേതികവിദ്യ കമ്പനി നൽകും, ഒപ്പം പന്നികളെയും. ഭൂമി നൽകുന്നതും ജീവനക്കാരെ ലഭ്യമാക്കുന്നതും സഹകരണസംഘമാണ്. പ്രതിവർഷം 6,000 പന്നികളെയാണ് ഫാമിൽ വളർത്തുന്നത്. 431 പേരടങ്ങുന്ന 132 കുടുംബങ്ങളെ 2014-നും 2018-നും ഇടയിൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി. ബാക്കിയുണ്ടായിരുന്നത് അഞ്ചു ദരിദ്ര കുടുംബങ്ങളിലായി 11 പേരായിരുന്നു. അവരെ 2019-ൽ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റി.
വങ്ജിയ പുനരധിവാസ പ്രദേശം
തൊങ്വെനിലെ ഏറ്റവും വലിയ പുനരധിവാസ പ്രദേശമാണ് വങ്ജിയ സമൂഹത്തിന്റേത്. 663 മു (44.2 ഹെക്‌ടർ) സ്ഥലത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. 2016 മുതൽ സ്-നാൻ, ഷ്-ച്യാൻ, യിൻജ്യാങ് കൗണ്ടികളിലെ ഉൾഗ്രാമങ്ങളിൽ നിന്ന് 4,322 കുടുംബങ്ങളെ (18,379 പേർ) ഇങ്ങോട്ട് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. മാറ്റിപ്പാർപ്പിച്ചതിൽ 65 ശതമാനം പേരും 18 ഹാൻ-ഇതര വംശസമൂഹങ്ങളിൽപ്പെടുന്നവരാണ്. (ചൈനയിലെ ജനങ്ങളിൽ ഭൂരിഭാഗവും ഹാൻ വംശജരാണ്.) ഈ സമൂഹത്തെ സേവിക്കാൻ പതിനൊന്ന് പാർട്ടി പ്രവർത്തകരെ നിയോഗിച്ചിട്ടുണ്ട്. തൊഴിൽ ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ മേഖലകളും പാർട്ടി വളർത്തലും ഇവരുടെ ചുമതലകളാണ്. ഇവിടെ താമസിക്കുന്ന ആളുകൾ ഓരോ അഞ്ചുവർഷം കൂടുമ്പോഴും പാർട്ടി പ്രവർത്തകരുടെയിടയിൽ നിന്നും തെരഞ്ഞെടുക്കുന്നവരാണ് ഈ പ്രവർത്തകരിൽ ഭൂരിഭാഗവും.
താമസം മാറിയ ശേഷം, താമസക്കാർക്ക് ഓരോരുത്തർക്കും 1,500 യുവാൻ വീതം ജീവിതച്ചെലവിനുള്ള സബ്സിഡിയായി ലഭിക്കും. അവർ മുമ്പ് താമസിച്ചിരുന്ന വീട് പൊളിച്ചുമാറ്റിയിട്ടുണ്ടെങ്കിൽ 3,000 യുവാൻ അധിക നഷ്‌ടപരിഹാരവും ലഭിക്കും. ഈ തുകയിൽനിന്നും ഓരോ വ്യക്തിയും ഒരു ചതുരശ്ര മീറ്ററിന് 100 യുവാൻ എന്ന കണക്കിൽ 2000 യുവാൻ വീതം ഒരു ഇരുപത് ചതുരശ്ര മീറ്റർ വലിപ്പമുള്ള അപ്പാർട്ട്മെന്റ് ലഭിക്കുന്നതിനായി അടയ്‌ക്കുന്നു (ചതുരശ്ര മീറ്ററിന് 4,000 യുവാൻ എന്ന തൊങ്വെനിലെ വിപണി വിലയെക്കാൾ കുറവാണിത്). വെള്ളം, വൈദ്യുതി, പാചകവാതകം എന്നിവ ആദ്യത്തെ ആറുമാസത്തേയ്‌ക്ക് സൗജന്യമാണ്.
മൂന്ന് കിന്റർഗാർട്ടനുകൾ, ഒരു പ്രാഥമിക വിദ്യാലയം, ഗുണനിലവാരമുള്ള സൗകര്യങ്ങളും അധ്യാപകരുമുള്ള ഒരു മാധ്യമിക വിദ്യാലയം എന്നിവ സർക്കാർ നിർമിച്ചു. മൊത്തം ഏകദേശം 2,800 വിദ്യാർത്ഥികളെ ഉൾക്കൊള്ളാൻ കഴിയുന്നവയാണ് ഈ വിദ്യാലയങ്ങൾ. ഗ്രാമവാസികൾക്ക് ആശുപത്രിയിലെത്താൻ നാൽപ്പത് മിനിട്ട് ബസ്സിൽ യാത്ര ചെയ്യേണ്ടി വരുമായിരുന്നു. സ്‌കൂളിലെത്താൻ കുറഞ്ഞത് ഒന്നോ രണ്ടോ മണിക്കൂർ കാൽനടയായി പോകണമായിരുന്നു. അവർക്കിപ്പോൾ അഞ്ചു മിനിട്ട് നടന്നാൽ സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളിലും വിദ്യാലയങ്ങളിലും എത്താം.
എന്നാൽ സ്ഥലംമാറ്റത്തിനുശേഷം എല്ലാവർക്കും നഗരജീവിതവുമായി എളുപ്പത്തിൽ പൊരുത്തപ്പെടാൻ കഴിഞ്ഞെന്നു വരില്ല. പ്രത്യേകിച്ച് തങ്ങളുടെ ജീവിതത്തിൽ ഏതാണ്ട് മുഴുവൻ കാലവും ഗ്രാമങ്ങളിൽ ചെലവഴിച്ച പ്രായമായവർക്ക്. മാറിത്താമസിക്കുന്ന ആളുകളെ നഗര ജീവിതവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്നതിനു വേണ്ടി പാർപ്പിടസമൂഹത്തിലെ പാർട്ടി ബ്രാഞ്ച് “six firsts” എന്ന പേരിൽ പദ്ധതികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി, പുതുതായി സ്ഥലംമാറിയെത്തിയ താമസക്കാരെ സീബ്ര ക്രോസിംഗുകളും ലിഫ്റ്റുകളും എങ്ങനെ ഉപയോഗിക്കാം എന്നതു മുതൽ സൂപ്പർമാർക്കറ്റിൽ എങ്ങനെ സാധനങ്ങൾ വാങ്ങാം എന്നതുവരെ നിരവധി കാര്യങ്ങൾ പഠിപ്പിച്ചു. പ്രായമായവരെ പരിപാലിക്കുന്നതിനായി പ്രദേശത്തുള്ള വിദ്യാർഥികളെ “സന്നദ്ധ പേരക്കുട്ടികൾ” ആയി സംഘടിപ്പിച്ചു. ഈ പ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ അരിക്ക് പകരം കൈമാറ്റം ചെയ്യാവുന്ന ക്രെഡിറ്റ്സ് നൽകി മുതിർന്നവരെ പ്രോത്സാഹിപ്പിക്കുന്നു. ജനങ്ങളെ സേവിക്കുക എന്നത് ചെറുപ്പക്കാരും പ്രായമായവരും ഒരുപോലെ വളർത്തിയെടുക്കുന്ന ഒരു മൂല്യവും പ്രയോഗവുമാണ്.
പുതിയ തൊഴിലവസരങ്ങൾ സൃഷ്‌ടിക്കുന്നതിനായി, തദ്ദേശ സർക്കാർ മൂന്നു നിലയുള്ള ഒരു ഓഫീസ് കെട്ടിടത്തെ വ്യവസായങ്ങൾ വികസിപ്പിക്കുന്നതിനുള്ള ദാരിദ്ര്യ ലഘൂകരണ ചെറു വ്യവസായശാലയാക്കി (മിനി ഫാക്റ്ററി) പുതുക്കിപ്പണിതു. ഈ മിനി ഫാക്റ്ററി ആറു സ്ഥാപനങ്ങളിലായി 600 തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു. എംബ്രോയിഡറി വർക്ക്ഷോപ്പ്, വസ്‌ത്രനിർമാണ ശാലകൾ, ചൈനയിലെ മുൻനിര ടെക് ഭീമൻ ആലിബാബയുടെ കീഴിലുള്ള ഒരു നിർമിത ബുദ്ധി (Artificial Intelligence) പദ്ധതി എന്നിവ ഈ സ്ഥാപനങ്ങളിൽപ്പെടും. ഗ്രാമീണ സ്‌ത്രീകൾക്ക് ജോലി കണ്ടെത്താനും സ്വന്തമായി ബിസിനസ് തുടങ്ങാനും കുടുംബത്തിലേയ്‌ക്ക് വരുമാനം കൊണ്ടുവരാനും അതോടൊപ്പം തങ്ങളുടെ ആത്മവിശ്വാസവും സ്വാതന്ത്ര്യബോധവും വളർത്തിയെടുക്കാനും ഈ സമൂഹം പ്രോത്സാഹിപ്പിക്കുന്നു. ഉദാഹരണത്തിന്, വനിതാ ഫെഡറേഷന്റെ പ്രാദേശിക ഘടകം സ്‌ത്രീകളെ വീട്ടിൽ കരകൗശല വസ്‌തുക്കൾ നിർമിക്കാനും അവ വിൽക്കാനും പരിശീലിപ്പിക്കാൻ സഹായിക്കുന്നു.
സമീപത്തുള്ള ഒരു കൗണ്ടിയിൽ ജനിച്ചയാളാണ് ഒരു വ്യവസായശാലയുടെ ഉടമയായ കൊങ് ചാൻഛ്വാൻ. 1997-ൽ അദ്ദേഹം വീടു വിട്ടു, രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലുള്ള ക്വാങ്‌തൊങ്, ഫൂജ്യാൻ പ്രവിശ്യകളിൽ ജോലി ചെയ്‌തു. 2017-ൽ തദ്ദേശ സർക്കാരിന്റെ പ്രോത്സാഹനത്തിന്റെ ഫലമായി, ദാരിദ്ര്യ നിർമാർജന പരിപാടിയ്‌ക്ക് തന്റേതായ സംഭാവന നൽകാൻ അദ്ദേഹം നാട്ടിലേയ്‌ക്ക് മടങ്ങി. നാൽപ്പത്തിമൂന്നുകാരനായ കൊങ് 2019 ജൂണിൽ സ്വന്തമായി 18 ലക്ഷം യുവാനും സർക്കാർ ധനസഹായമായി ലഭിച്ച 1 ലക്ഷം യുവാനും നിക്ഷേപിച്ച് 1,500 ചതുരശ്ര മീറ്റർ വലിപ്പമുള്ള ഒരു ഫാക്റ്ററി സ്ഥാപിച്ചു. പീക്ക് സീസണിൽ രാജ്യത്തിനുള്ളിൽ നിന്നും പുറത്തുനിന്നുമുള്ള ഓർഡറുകൾ നിറവേറ്റാൻ ദിവസേന 5,000 വസ്‌ത്രങ്ങൾ നിർമിക്കാൻ ശേഷിയുള്ളതാണ് ഈ ഫാക്റ്ററി. അദ്ദേഹം കൊടുക്കേണ്ട വാടക മൂന്നു വർഷത്തേയ്‌ക്ക് സർക്കാർ എഴുതിത്തള്ളി. കൊങ് നാട്ടിൽ നിന്നും 67 പേരെ ജോലിക്ക് നിയമിച്ചു. രണ്ട് മാസത്തെ പരിശീലനത്തിന് ശേഷം ഓരോരുത്തർക്കും മാസം 2000 മുതൽ 3000 യുവാൻ വരെ ശമ്പളം കൊടുക്കുന്നുണ്ട്.
2021 മെയിലെ കണക്കു പ്രകാരം, വങ്ജിയ സമൂഹത്തിലെ തൊഴിലെടുക്കുന്ന പ്രായത്തിലുള്ള 7,000 പേരിൽ 98 ശതമാനവും തൊഴിൽ ചെയ്യുന്നുണ്ട്. കുട്ടികളെയും അംഗപരിമിതിയുള്ളവരെയും പരിപാലിക്കുന്നവർ ഉൾപ്പെടെയുള്ളവരാണ് ബാക്കി വരുന്ന രണ്ടു ശതമാനം. അംഗപരിമിതിയുള്ള ദമ്പതികൾ അടങ്ങുന്ന ഒരു കുടുംബം മാത്രമാണ് പുനരധിവാസ സ്ഥലത്തുനിന്നും തങ്ങളുടെ ഗ്രാമത്തിലേയ്‌ക്ക് മടങ്ങാൻ തീരുമാനിച്ചത്.
കാർഷിക വ്യവസായത്തിന് ഉണർവുപകരാൻ സ്ഥാപിക്കപ്പെട്ടിരിക്കുന്ന ഹരിതഗൃഹങ്ങൾ. ഗ്വെയ്‌ജോ പ്രവിശ്യയിലുള്ള വാൻഷാൻ ജില്ലയിലെ താന്യാങ് ഗ്രാമത്തിൽ നിന്നുള്ള ദൃശ്യം. 2021 ഏപ്രിൽ.
ഭാഗം 6: വെല്ലുവിളികളും ചക്രവാളങ്ങളും ⤴
വെല്ലുവിളികളും മുന്നോട്ടുള്ള പാതയും
ചൈന അതിദാരിദ്ര്യത്തെ മറികടന്നത് ചരിത്രത്തിൽ ഇതു വരെ കണ്ടിട്ടില്ലാത്തത്ര ബൃഹത്തായ നേട്ടമാണ്. ഇതിവിടെ അവസാനിക്കുകയല്ല. സോഷ്യലിസം കെട്ടിപ്പടുക്കുന്ന പ്രക്രിയയിലെ ഒരു ഘട്ടമാണിത്. അതിനിയും ആഴപ്പെടുത്തുകയും വിപുലീകരിക്കുകയും ചെയ്യേണ്ടതുണ്ട്. ഗ്രാമപ്രദേശങ്ങളിൽ അഭിവൃദ്ധി ഉറപ്പുവരുത്തുന്നതിനായി, ചൈനീസ് സർക്കാർ ഗ്രാമീണ പുനരുജ്ജീവനത്തിനായിട്ടുള്ള ഒരു പരിപാടി മുന്നോട്ടു വച്ചിട്ടുണ്ട്. ദാരിദ്ര്യ നിർമാർജനത്തിൽ കൈവരിച്ച നേട്ടങ്ങൾ ശക്തിപ്പെടുത്തുന്നതിനും വിപുലീകരിക്കുന്നതിനുമായിട്ടാണ് ഈ പരിപാടി. കാർഷികോത്‌പാദനം ആധുനികവൽക്കരിക്കുക, ദേശീയ ഭക്ഷ്യസുരക്ഷ സംരക്ഷിക്കുക, ഉയർന്ന നിലവാരമുള്ള കൃഷിയോഗ്യമായ ഭൂമി വികസിപ്പിക്കുക, നഗര-ഗ്രാമ വിടവ് അവസാനിപ്പിക്കുക എന്നിവ ഗ്രാമീണ പുനരുജ്ജീവനത്തിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടവയാണ്.67
2025-ൽ പതിന്നാലാം പഞ്ചവത്സര പദ്ധതിയുടെ കാലയളവ് അവസാനിക്കുന്നതോടെ ഉയർന്ന വരുമാനമുള്ള രാജ്യമായി മാറുന്നതിന്റെ പാതയിലാണ് ചൈന. 2020-ലെ മാനദണ്ഡമനുസരിച്ച്, പ്രതിശീർഷ മൊത്ത ദേശീയ വരുമാനം 12,696 യുഎസ് ഡോളറോ അതിൽക്കൂടുതലോ ഉള്ള രാജ്യങ്ങളെയാണ് ഉയർന്ന വരുമാനമുള്ള രാജ്യങ്ങളായി ലോകബാങ്ക് നിർവചിച്ചിരിക്കുന്നത്.68 ചൈനയുടെ ആളോഹരി ആഭ്യന്തര ഉത്പാദനം (Per capita Gross Domestic Product) ആദ്യമായി 10,000 യുഎസ് ഡോളർ കടന്നത് 2019-ലാണ്.69 കോവിഡ്-19 മഹാമാരിയുടെ പ്രത്യാഘാതങ്ങൾ ഉണ്ടായിട്ടും 2020-ൽ ചൈന ഇത് നിലനിർത്തി. രാജ്യത്തിന്റെ ആളോഹരി ആഭ്യന്തര ഉത്പാദനം ഇരുപതു വർഷങ്ങൾക്കു മുമ്പ് 1,000 യുഎസ് ഡോളറിലും താഴെയായിരുന്നു. അതിനു ശേഷമുള്ള കാലത്ത് പത്തുമടങ്ങ് വർധനയാണ് ഉണ്ടായത്. ഉയർന്ന വരുമാനമുള്ള രാജ്യമായി മാറുകയും സാമാന്യം അഭിവൃദ്ധിയുള്ള ഒരു സമൂഹം (Moderately prosperous society അഥവാ ഷ്യാവൊകാങ്) കെട്ടിപ്പടുക്കുകയും ചെയ്യുന്നതോടെ വെല്ലുവിളികളുടെ ഒരു പുതിയ യുഗത്തെയാണ് ചൈന അഭിമുഖീകരിക്കാൻ പോകുന്നത്. ദാരിദ്ര്യത്തിൽ നിന്നും കരകയറ്റപ്പെട്ട ജനങ്ങൾ ദാരിദ്ര്യത്തിലേയ്‌ക്ക് വീണ്ടും വീണുപോകുന്നില്ല എന്ന് ഉറപ്പാക്കുന്നതിനൊപ്പം, കേവലം അതിജീവനത്തിനപ്പുറം കടന്ന് (അതായത്, അതിദാരിദ്ര്യത്തെ മറികടക്കുക എന്നതിനപ്പുറം നീങ്ങിക്കൊണ്ട്) എല്ലാവർക്കും മെച്ചപ്പെട്ട ജീവിതനിലവാരം സൃഷ്‌ടിക്കാനും രാജ്യം ലക്ഷ്യമിടുന്നു.
ചൈനയുടെ ശ്രദ്ധ ഇപ്പോൾ അതിദാരിദ്ര്യത്തിൽ നിന്ന് ആപേക്ഷിക ദാരിദ്ര്യത്തിലേയ്‌ക്ക് നീങ്ങിക്കഴിഞ്ഞു. കൂടുതൽ ജനങ്ങൾക്ക് സാമൂഹ്യ-സാമ്പത്തിക ജീവിതത്തിൽ പങ്കെടുക്കാനും അതിൽ നിന്ന് പ്രയോജനം നേടാനും കഴിയുന്നു എന്നുറപ്പാക്കുകയാണ് ഇതുവഴി ചെയ്യാൻ ഉദ്ദേശിക്കുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ചൈനയുടെ പത്തൊമ്പതാം കേന്ദ്ര കമ്മിറ്റിയുടെ നാലാം പ്ലീനറി സെഷൻ 2019-ൽ നടന്നപ്പോൾ ചർച്ചകളുടെ ഒരു പ്രധാന വിഷയമായിരുന്നു ആപേക്ഷിക ദാരിദ്ര്യത്തെ അഭിസംബോധന ചെയ്യുക എന്നത്. ദാരിദ്ര്യം ഇല്ലാതാക്കുക എന്നത് ദീർഘകാല ലക്ഷ്യവും തുടർന്നുകൊണ്ടിരിക്കുന്ന പ്രക്രിയയുമാണ്. അത് സാധ്യമാക്കുന്നതിന് അവശ്യം വേണ്ട കാര്യങ്ങളാണ് സാമൂഹ്യ സഹായം മെച്ചപ്പെടുത്തുന്നതും, കുട്ടികൾക്കും മുതിർന്നവർക്കും പരിചരണം, വിദ്യാഭ്യാസം, തൊഴിൽ, ആരോഗ്യ സേവനങ്ങൾ, പാർപ്പിടം തുടങ്ങിയ പൊതു സേവനങ്ങൾ ഉറപ്പാക്കുന്നതും.70
ദാരിദ്ര്യ നിർമാർജനത്തിന്റെ അടുത്ത ചരിത്ര ഘട്ടത്തിലേയ്‌ക്ക് ചൈന നീങ്ങുമ്പോൾ അത് ലോകത്തെ മറ്റു രാജ്യങ്ങൾക്ക് നൽകുന്ന സൂചനയെന്താണ്? ചൈന അതിദാരിദ്ര്യം ഉന്മൂലനം ചെയ്യുകയും കോവിഡ്-19 മഹാമാരിയെ പിടിച്ചു കെട്ടുകയും ചെയ്‌ത രീതി മറ്റ് രാജ്യങ്ങൾക്ക് നേരിട്ട് പകർത്താൻ സാധിക്കുന്ന മാതൃകയല്ല. എല്ലാ രാജ്യങ്ങൾക്കും അവരവരുടെ വ്യതിരിക്തമായ ചരിത്രവും സ്വീകരിക്കേണ്ട പാതകളുമുണ്ട്. എന്നാൽ ലോകത്തിന്, പ്രത്യേകിച്ച് ആഗോള ദക്ഷിണ (Global South) രാജ്യങ്ങൾക്ക്, ചൈനയുടെ അനുഭവങ്ങൾ പാഠങ്ങളും പ്രചോദനവും നൽകുന്നുണ്ട്. “മനുഷ്യരാശിക്ക് പൊതുവായ ഭാവി” കെട്ടിപ്പടുക്കുക എന്ന ചൈനയുടെ നിർദ്ദേശത്തിന്റെ കാതലായ ഒരു ഭാഗമാണ് ലോകത്തെ പാവപ്പെട്ടവരെ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റുക എന്നത്.71 പ്രസിഡന്റ് ഷി മുന്നോട്ടു വയ്‌ക്കുന്ന ഈ ദർശനം, പാശ്ചാത്യ ആധിപത്യത്തിന് ബദലായി ബഹുപക്ഷീയതയിലും (multilateralism) എല്ലാവരും പങ്കിടുന്ന സമൃദ്ധിയിലും അടിസ്ഥാനമാക്കിയുള്ള ഒരു ഭാവിയാണ് വിഭാവനം ചെയ്യുന്നത്.
സൈനിക ഇടപെടലുകളെക്കാൾ രാജ്യങ്ങൾ തമ്മിൽ നല്ല ബന്ധം പരിപോഷിപ്പിക്കുന്നതിലും, സ്വകാര്യവൽക്കരണത്തേക്കാൾ ആരോഗ്യ സാർവദേശീയതയ്‌ക്കും, കടുത്ത നിബന്ധനകളുടെ അടിസ്ഥാനത്തിലുള്ളതല്ലാത്ത ധനസഹായത്തിനും, അടിസ്ഥാനസൗകര്യ നിക്ഷേപങ്ങൾക്കും ആണ് ചൈന അന്താരാഷ്‌ട്ര ബന്ധങ്ങളിൽ മുൻഗണന കൊടുത്തിട്ടുള്ളത്. ചൈന ആഗോള ദക്ഷിണ രാജ്യങ്ങൾക്കു മുന്നിൽ വയ്‌ക്കുന്ന വീക്ഷണം പോലൊന്ന് മുന്നോട്ടു വയ്‌ക്കാൻ അഞ്ഞൂറുവർഷത്തെ മുതലാളിത്തത്തിനും പാശ്ചാത്യ സാമ്രാജ്യത്വത്തിനും കഴിഞ്ഞിട്ടില്ല. ചൈനയുടെ ചരിത്രപ്രാധാന്യമുള്ള ബെൽറ്റ് ആൻഡ് റോഡ് ഇനിഷ്യേറ്റിവിനെപ്പറ്റി ലോകബാങ്ക് പറയുന്നത്, അതിൽ പങ്കെടുക്കുന്ന രാജ്യങ്ങളിലെ 76 ലക്ഷം ആളുകളെ കടുത്ത ദാരിദ്ര്യത്തിൽ നിന്നും 3.2 കോടി ജനങ്ങളെ രൂക്ഷത കുറഞ്ഞ ദാരിദ്ര്യത്തിൽ നിന്നും കരകയറ്റാൻ ഈ സംരംഭം നേരിട്ട് സഹായിക്കും എന്നാണ്. ആഗോള ദക്ഷിണ രാജ്യങ്ങളുടെയും ജനങ്ങളുടെയും വികസനത്തിന് മുതൽക്കൂട്ടാകുന്ന തരത്തിൽ വ്യാപാരം, അടിസ്ഥാനസൗകര്യങ്ങൾ, ഹരിത വ്യവസായങ്ങൾ, വിദ്യാഭ്യാസം, കൃഷി, ആരോഗ്യരക്ഷാ രംഗം എന്നിങ്ങനെയുള്ള മേഖലകളിൽ ബഹുപക്ഷീയമായ സഹകരണത്തിന്റെ അടിസ്ഥാനത്തിലുള്ള മറ്റു നൂറുകണക്കിന് പദ്ധതികളും, ജനങ്ങൾ തമ്മിലുള്ള വിനിമയവും ചൈന പ്രോത്സാഹിപ്പിക്കുന്നു.72
“ദാരിദ്ര്യനിർമാർജനം, ചൈനയ്‌ക്ക് ലോകത്തോട് പറയാനുള്ള ഏറ്റവും മികച്ച കഥയാണ്. കാരണം, ഇത് ലോകത്തെല്ലായിടത്തും പ്രാധാന്യമുള്ള വിഷയമാണ്; ചൈനയുടെ അനുഭവം നൽകുന്ന പാഠങ്ങൾ ഏറെ വിലയുള്ളവയുമാണ്,” ചൈനാ വിദഗ്ദ്ധനും Voices from the Frontline: China’s War on Poverty (മുൻനിരയിൽ നിന്നുള്ള സ്വരങ്ങൾ: ദാരിദ്ര്യത്തിനെതിരായ ചൈനയുടെ പോരാട്ടം) (2020) എന്ന ഡോക്യുമെന്ററിയുടെ രചയിതാവുമായ റോബർട്ട് ലോറൻസ് കൂൺ ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ചുമായുളള സംഭാഷണത്തിൽ പറഞ്ഞു. പക്ഷേ, പാശ്ചാത്യ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾ ഈ കഥകളെ അമർച്ച ചെയ്യുകയും ലോകത്തിനു മുമ്പിൽ എത്തുന്നതിൽ നിന്ന് തടയുകയും ചെയ്‌തു. ഇത്തരത്തിലുള്ള നിരവധി ഉദാഹരണങ്ങളിൽ ഒന്നാണ് യുഎസിലെ പിബിഎസും ചൈനയിലെ സിജിടിഎന്നും സംയുക്തമായി നിർമിച്ച കൂണിന്റെ ഡോക്യുമെന്ററിക്ക് സംഭവിച്ചത്. “എഡിറ്റോറിയൽ ആർജവത്തിന്റെ അംഗീകൃത മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല” എന്ന ന്യായം പറഞ്ഞ് ഈ ഡോക്യുമെന്ററി പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും തടയുകയാണുണ്ടായത്, കൂൺ പറഞ്ഞു. “ഞങ്ങളുടെ [അതായത്, റോബർട്ട് കൂണിന്റെയും സംഘത്തിന്റെയും] 4,000 പരിപാടികൾ പിബിഎസിൽ പ്രക്ഷേപണം ചെയ്‌തിട്ടുണ്ട്. വൈരുധ്യം എന്തെന്നു വച്ചാൽ, ഏറ്റവും നിഷ്‌പക്ഷമായതും ലോകത്തിന് ഏറ്റവും പ്രയോജനകരമായ ദാരിദ്ര്യ നിർമാർജനം എന്ന വിഷയം കൈകാര്യം ചെയ്‌തതുമായ ഡോക്യുമെന്ററിയാണ് വളരെയധികം പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചത് എന്നുള്ളതാണ്. ഇത് കാലത്തിന്റെ അടയാളമാണ്. ഇത് ഉപരിപ്ലവമായ ഒരു പ്രശ്നമല്ല, വളരെ ഗുരുതരമായ പ്രശ്നമാണ്.”
ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റപ്പെട്ടവരെയും കരകയറിയവരെയും കുറിച്ചും, ദാരിദ്ര്യ നിർമാർജനം നടത്താൻ സഹായിച്ചവരെക്കുറിച്ചും ഉള്ള ചില യഥാർഥ കഥകൾ മുന്നോട്ടു കൊണ്ടു വരിക എന്നതാണ് ഈ പഠനം വഴി ലക്ഷ്യമിട്ടത്. ഈ ചരിത്ര നേട്ടത്തിൽ ഉൾപ്പെട്ടിട്ടുള്ള ചില സങ്കീർണതകൾ, സിദ്ധാന്തങ്ങൾ, പ്രയോഗത്തെ സംബന്ധിച്ച കാര്യങ്ങൾ എന്നിവയിലേയ്‌ക്ക് വെളിച്ചം വീശുക എന്നതായിരുന്നു ലക്ഷ്യം. ദാരിദ്ര്യമില്ലാത്ത ഒരു ലോകം കെട്ടിപ്പടുക്കുക എന്നത് സോഷ്യലിസത്തിന്റെ നിർമാണത്തിൽ അവശ്യമായിട്ടുള്ള ഒരു ഭാഗമാണ്. വിദ്യാഭ്യാസം നേടുക, പാർപ്പിടം ഉണ്ടാവുക, നല്ല ഭക്ഷണം കഴിക്കാൻ സാധിക്കുക, കലയും സംസ്‌കാരവും ആസ്വദിക്കുക, ഇതെല്ലാം ലോകത്ത് എല്ലായിടത്തുമുള്ള തൊഴിലാളി വർഗവും പാവപ്പെട്ടവരും പങ്കിടുന്ന അഭിലാഷങ്ങളാണ്. മനുഷ്യനാവുക എന്ന പ്രക്രിയയുടെ തന്നെ ഭാഗമാണിത്.
നാട്ടിൻപുറത്തു നിന്നും ഗ്വെയ്‌ജോ പ്രവിശ്യയിലുള്ള തൊങ്വെൻ നഗരത്തിലേയ്‌ക്ക്. 2021 ഏപ്രിൽ.
ഭരതവാക്യം ⤴
ഹ് യിങ് എന്നും രാവിലെ 7.30-ന് എഴുന്നേൽക്കും. അടുത്തയിടെ താമസം മാറിയ 18,000 പേരുടെ പാർപ്പിടസമൂഹത്തിനു (community) വേണ്ടി പ്രവർത്തിക്കാൻ തയ്യാറെടുക്കും. വൈകുന്നേരം നാലരയ്‌ക്ക് ഏറ്റവും ഇളയ മകനെ കൂട്ടിക്കൊണ്ടുവരാൻ സ്‌കൂളിലെത്തും. അപ്പാർട്ട്മെന്റിൽ നിന്നും അഞ്ചു മിനിട്ട് നടക്കാനുള്ള ദൂരമേയുള്ളൂ സ്‌കൂളിലേയ്‌ക്ക്. “മുകളിലത്തെ നിലയിലാണ് ഞാൻ താമസിക്കുന്നത്, ജോലി ചെയ്യുന്നത് താഴത്തെ നിലയിലും,” അവർ ഞങ്ങളോടു പറഞ്ഞു. അവർ ഗ്രാമത്തിൽ ജീവിച്ചിരുന്നപ്പോൾ, വീട്ടിൽ നിന്നും സ്‌കൂളിലെത്താൻ ഒന്നര മണിക്കൂർ എടുക്കുമായിരുന്നു. കുടുംബത്തെ പോറ്റാൻ ഹ് യിങ് തെക്കൻ പ്രവിശ്യയായ ക്വാങ്‌തൊങ്ങിൽ കുടിയേറ്റ തൊഴിലാളിയായി പോയി.
ഈ സമയത്ത്, അവരുടെ രണ്ടു മക്കളിൽ ആദ്യത്തെയാൾ അവരുടെ അമ്മയുടെ കൂടെ ഗ്രാമത്തിലാണ് താമസിച്ചത്. ഹ് യിങ്ങിന് വർഷത്തിൽ ഒരിക്കൽ മാത്രമേ വീട്ടിൽപ്പോയി അവരെ സന്ദർശിക്കാൻ കഴിയുമായിരുന്നുള്ളൂ. ചൈനയിലെ നാട്ടിൻപുറങ്ങളിൽ മാതാപിതാക്കൾക്ക് വിട്ടിട്ടു പോരേണ്ടിവരുന്ന ദശലക്ഷക്കണക്കിന് കുട്ടികളുടെ യാഥാർത്ഥ്യമാണിത്.73 അവസരം ലഭിച്ചപ്പോൾ വങ്ജിയയിലേയ്‌ക്ക് സ്ഥിരമായി താമസം മാറ്റാൻ ഹ് യിങ് തീരുമാനിച്ചതിന്റെ ഒരു പ്രധാന കാരണം കൂടിയാണിത്. മാറിത്താമസിക്കുന്നതിനെതിരെ അവരുടെ അമ്മയും അച്‌ഛനും അമ്മായിയമ്മയും തുടക്കത്തിൽ പ്രകടിപ്പിച്ച എതിർപ്പിനെ അതിജീവിക്കേണ്ടിയും വന്നു.
“നഗര ജീവിതവുമായി എങ്ങനെ പൊരുത്തപ്പെടണമെന്ന് അറിയാത്തതിനാൽ ചില മുതിർന്നവർ കുറച്ചു ദിവസത്തേയ്‌ക്ക് ഗ്രാമങ്ങളിലേയ്‌ക്ക് മടങ്ങി; എന്നിട്ട് സ്ഥിരമായി ഗ്രാമങ്ങളിലേയ്‌ക്കു തന്നെ താമസം മാറി,” അവർ പറഞ്ഞു. “ചിലർക്ക് തെരുവു മുറിച്ചുകടക്കാൻ അറിയില്ല. മറ്റു ചിലർക്ക് ലിഫ്റ്റ് എങ്ങനെ ഉപയോഗിക്കണം എന്നറിയില്ല.” മാറിത്താമസിച്ച ഒരു പാവപ്പെട്ട വ്യക്തിയാണ് ഹ് യിങ്. ദാരിദ്ര്യത്തിൽ നിന്ന് സ്വയം കരകയറുന്ന പ്രക്രിയയ്‌ക്കിടെ തന്നെ അവർ ഒരു പാർട്ടി നേതാവായി. ഹ് യിങ് ഇപ്പോൾ വങ്‌ജിയ പുനരധിവാസ സമൂഹത്തിലെ ഒരു നേതാവാണ്. റോഡ് മുറിച്ചു കടക്കാനും ലിഫ്റ്റ് ഉപയോഗിക്കാനും പഠിപ്പിക്കാൻ എണ്ണമറ്റ വട്ടം മുതിർന്നവരുടെ കൈകൾ പിടിച്ച് ഹ് യിങ് സഹായിച്ചിട്ടുണ്ട്.
പുനരധിവാസ സമൂഹത്തിലെ പാർട്ടി ഓഫീസ് ചിത്രങ്ങളും മുദ്രാവാക്യങ്ങളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ഭിത്തിയിൽ “സ്നേഹമുള്ള ഹൃദയങ്ങളുടെ സങ്കേതം” എന്നെഴുതിയിരിക്കുന്ന ഒരു പോസ്റ്റർ. പാചക ക്ലാസുകൾ, സാക്ഷരതാ പരിപാടികൾ, സാംസ്‌കാരിക പ്രവർത്തനങ്ങൾ എന്നിവ നയിക്കുന്ന തൊഴിലാളികളെ അഭിനന്ദിച്ചു കൊണ്ടുള്ള ചിത്രങ്ങളാണ് പോസ്റ്ററിൽ. വലിയ അക്ഷരങ്ങളിൽ സ്വാഗതമോതുന്ന വാക്കുകൾ: “ക്ഷീണമുള്ളപ്പോൾ ഇവിടെ വിശ്രമിക്കുക, ദാഹിക്കുമ്പോൾ ഇവിടെ വെള്ളം കുടിക്കുക, ഫോണിൽ ചാർജ് തീർന്നുപോകുമ്പോൾ ഇവിടെ ചാർജ് ചെയ്യുക, ഭക്ഷണം തണുത്തു പോകുമ്പോൾ ഇവിടെ ചൂടാക്കുക.” ഞങ്ങൾ ഹ് യിങ്ങുമായി സംസാരിക്കാൻ കാത്തിരിക്കുന്ന സമയത്ത്, ഞങ്ങൾ സന്ദർശകരാണെന്ന് അറിയാതെ പ്രായമായ ഒരു സ്‌ത്രീ അടുത്തേയ്‌ക്കു വന്ന് അവരുടെ ഗ്യാസ് സ്റ്റൗവ് എങ്ങനെ ഓണാക്കാമെന്ന് ഞങ്ങളോട് ചോദിക്കാൻ തുടങ്ങി. അവർക്ക് അന്നേവരെ സ്വന്തമായി സ്റ്റൗവ് ഇല്ലായിരുന്നു.
പുതുതായി കുടിയേറി വന്നിരിക്കുന്ന കർഷക സ്‌ത്രീകൾക്ക് തങ്ങൾ നേരിടുന്ന നിരവധി വെല്ലുവിളികളെ അതിജീവിക്കാൻ വേണ്ട ആത്മവിശ്വാസം നേടുന്നതിന് അഖില ചൈനാ വനിതാ ഫെഡറേഷൻ വഴി ഹ് യിങ് സഹായിക്കുന്നു. ഗ്രാമത്തിൽ നിന്ന് നഗരത്തിലേയ്‌ക്കു താമസം മാറുമ്പോൾ ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ സ്വന്തം അനുഭവത്തിലൂടെ ഹ് യിങ് തിരിച്ചറിയുന്നുണ്ട്. മാറിത്താമസിച്ചതിന്റെ ആദ്യ മാസങ്ങളിൽ, ഒരു നേതാവെന്ന നിലയിൽ തന്റെ ഭാര്യ നേടിയ പുതു സ്വാതന്ത്ര്യം ഹ് യിങ്ങിന്റെ ഭർത്താവിനെ അസ്വസ്ഥനാക്കി. എന്നാൽ അദ്ദേഹം ഇപ്പോൾ കാര്യങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്, പ്രത്യേകിച്ചും കോവിഡ് -19 നെതിരായ പോരാട്ടത്തിൽ പുനരധിവാസ സമൂഹം അണിനിരക്കുന്നതിന് സാക്ഷ്യം വഹിച്ചതോടെ.
“ഞാൻ അവരോടു [പ്രദേശത്തെ സ്‌ത്രീകളോട്] പറഞ്ഞു, പകുതി ആകാശം സ്‌ത്രീകൾക്കുള്ളതാണെന്ന്,” ഹ് യിങ് പറഞ്ഞു. “അവർ ജോലി ചെയ്യുകയാണെങ്കിൽ, അവർക്ക് ഭർത്താക്കന്മാരിൽ നിന്ന് കൂടുതൽ ബഹുമാനം ലഭിക്കും; കുടുംബങ്ങളുടെ സാമ്പത്തിക ഭാരം കുറയുകയും ചെയ്യും.” 80 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള വീട്ടിൽ തിങ്ങിഞെരുങ്ങിയാണ് പത്തു പേരടങ്ങുന്ന ഹ് യിങിന്റെ കുടുംബം താമസിച്ചിരുന്നത്. ഇപ്പോഴവർ ആകെ 200 ചതുരശ്ര മീറ്റർ വിസ്‌തീർണമുള്ള മൂന്ന് അപ്പാർട്ട്മെന്റുകളിൽ താമസിക്കുന്നു. നല്ല സൗകര്യങ്ങളുള്ളതും ആവശ്യത്തിന് ജീവനക്കാരുള്ളതുമായ മൂന്ന് കിന്റർഗാർട്ടനുകൾ, ഒരു പ്രാഥമിക വിദ്യാലയം, ഒരു മാധ്യമിക വിദ്യാലയം എന്നിവയുള്ള ഒരു പാർപ്പിട സമൂഹത്തിലാണ് അവർ താമസിക്കുന്നത്. അഞ്ച് മിനിറ്റ് നടന്നാൽ എത്താവുന്ന ദൂരത്ത് രണ്ട് സാമൂഹ്യ ആരോഗ്യ കേന്ദ്രങ്ങളുണ്ട്. ഹ് യിങ്ങിന്റെ അമ്മ ഇപ്പോഴും നഗരജീവിതവുമായി പൊരുത്തപ്പെട്ടിട്ടില്ല. ഒരു പക്ഷേ അവർക്ക് അതിന് ഒരിക്കലും സാധിക്കില്ലായിരിക്കാം. എന്നാലും അവർ കാര്യങ്ങൾ പഠിച്ചു വരികയാണ്: “ഇവിടെയുള്ള പുതിയ ജീവിതത്തോട് പതുക്കെ ഞാൻ പൊരുത്തപ്പെട്ടു വരികയാണ്. കുട്ടികൾക്ക് ഭക്ഷണം പാകം ചെയ്‌തു കൊടുക്കാനെങ്കിലും എനിക്ക് സാധിക്കുന്നുണ്ട്,” അവർ ഞങ്ങളോട് പറഞ്ഞു.
ഒരു വരിയിൽ നടക്കുന്ന തന്റെ ഏഴ് കൊച്ചുമക്കളെയും നയിച്ചുകൊണ്ട് നടക്കുന്ന തന്റെ അമ്മയുടെ ഒരു വിഡിയോ ഹ് യിങ് തന്റെ മൊബൈൽ ഫോണിൽ ഞങ്ങൾക്ക് കാണിച്ചു തന്നു. ആ കൊച്ചുമക്കളിലൊരാൾ ഹ് യിങ്ങിന്റെ മൂത്ത മകനാണ് – ഹ് യിങ് കുടിയേറ്റ തൊഴിലാളിയായിരുന്നപ്പോൾ അമ്മയുടെയൊപ്പം വിട്ടിട്ടു പോരേണ്ടി വന്ന കുട്ടി. അയാളിപ്പോൾ നഗരത്തിലെ ഒരു വൊക്കേഷണൽ സ്‌കൂളിൽ ലിഫ്റ്റ് മെയിന്റനൻസ് പഠിക്കുകയാണ്. “പഠനത്തിനു ശേഷം തിരിച്ചു വന്ന് അവന് ഈ സമൂഹത്തിലെ ജനങ്ങൾക്കു വേണ്ടി സേവനം ചെയ്യാൻ കഴിയും എന്നാണ് എന്റെ പ്രതീക്ഷ,” അവർ ഞങ്ങളോട് പറഞ്ഞു. പല കുടുംബങ്ങളും ആദ്യമായിട്ടാണ് ലിഫ്റ്റ് ഉപയോഗിക്കുന്നത്. പാർപ്പിടസമൂഹത്തിലുള്ള 64 ലിഫ്റ്റുകൾക്ക് അറ്റകുറ്റപ്പണികൾ നടത്താൻ ടെക്‌നീഷ്യന്മാരെ ആവശ്യമാണ്, അവർ പറഞ്ഞു.
ഗ്രാമത്തിലെ തന്റെ മരം കൊണ്ടുള്ള പഴകിപ്പൊളിഞ്ഞ വീടിന്റെ ചിത്രങ്ങൾ ഹ് യിങ്ങിന്റെ ഫോണിലുണ്ട്. ഗ്രാമത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഗ്രാമത്തോടുള്ള അവരുടെ കൂറ് വ്യക്തമാണ്; എന്നാൽ കാല്പനികതയൊന്നുമില്ല താനും. “ഞാനൊരിക്കൽ എന്റെ മക്കളെ എന്റെ പഴയ ഗ്രാമത്തിലേയ്‌ക്ക് കൊണ്ടുപോകും. ഇന്നലെകളിലെ ജീവിതത്തെപ്പറ്റി ഓർമിപ്പിക്കാനും ഇന്നുള്ള ജീവിതം എത്രമാത്രം വിലപ്പെട്ടതാണ് എന്നവർ മനസ്സിലാക്കാനും.”
ഡെപ്യൂട്ടി സെക്രട്ടറി ഹ് യിങ് തന്റെ ഏറ്റവും ഇളയ മകനെ സ്‌കൂളിൽ നിന്നും കൂട്ടിക്കൊണ്ടുവരാനെത്തുമ്പോഴുള്ള കാഴ്‌ച. ഗ്വെയ്‌ജോ പ്രവിശ്യയിലുള്ള തൊങ്വെൻ നഗരത്തിലെ വങ്ജിയ പാർപ്പിടസമൂഹത്തിൽ നിന്നുള്ള ദൃശ്യം. 2021 ഏപ്രിൽ.
കൃതജ്ഞത
ഈ പഠനത്തിന് നേതൃത്വം നൽകിയവർ: റ്റിങ്സ് ചാക്, ലീ ജ്യാൻഹ്വാ, ലില്ലിയൻ ചാങ്.
ഫോട്ടോഗ്രഫി: സ്യാങ് വാങ്
ചിത്രകല: ദനിയേലാ റുഗ്ഗെരി.
കുറിപ്പുകൾ
[1] ‘Xi Declares “Complete Victory” in Eradicating Absolute Poverty in China’, Xinhua, 26 February 2021, http://www.xinhuanet.com/english/2021-02/26/c_139767705.htm.
[2] United Nations Secretary-General, ‘Helping 800 Million People Escape Poverty Was Greatest Such Effort in History, Says Secretary-General, on Seventieth Anniversary of China’s Founding’, United Nations Press, 26 September 2019, https://www.un.org/press/en/2019/sgsm19779.doc.htm.
[3] United Nations, Department of Economic and Social Affairs, The Sustainable Development Goals Report 2020, July 2020,
https://unstats.un.org/sdgs/report/2020/The-Sustainable-Development-Goals-Report-2020.pdf; United Nations Development Program, Assessing Impact of COVID-19 on the Sustainable Development Goals, December 2020, https://sdgintegration.undp.org/sites/default/files/Flagship_1.pdf.
[4] United Nations Development Program, Impact of Covid-19 on the Sustainable Development Goals, December 2020, https://sdgintegration.undp.org/accelerating-development-progressduring-covid-19.
[5] Mao Zedong, ‘The Chinese People Have Stood Up!’ (21 September 1949) in Selected Works of Mao Tse-Tung: Volume V (Beijing: Foreign Languages Press, 1961).
https://www.marxists.org/reference/archive/mao/selected-works/volume-5/mswv5_01.htm.
[6] Zhao Hong, ‘China’s Contribution and Loss in War of Resistance Against Japanese Aggression’, CGTN, 13 August 2020, https://news.cgtn.com/news/2020-08-13/Graphics-China-s-role-in-World-War-II-SV53wLu7N6/index.html.
[7] John Ross, China’s Great Road: Lessons for Marxist Theory and Socialist Practices (New York: 1804 Books, 2021), 86.
[8] Communist Party Member Net 共产党员网, ‘Dang zai 1949 nian zhi 1976 nian de lishi xing juda chengjiu’ 党在1949年至1976年的历史性巨大成就 [The Party’s historic great achievements between 1949 and 1976], 28 July 2016, http://fuwu.12371.cn/2016/07/28/ARTI1469667222557643.shtml.
[9] Wang Sangui, Poverty Alleviation in Contemporary China, trans. Zhu Lili (Beijing: China Renmin University Press, 2019), 51.
[10] Phoenix News 凤凰网, ‘1949–1947 nian: Maozedong shidai zui you jiazhi de lishi yihan’ 1949―1976年:毛泽东时代最有价值的历史遗产, [1949-1976: The most valuable heritage of the Mao Zedong Era], 28 December 2009, http://news.ifeng.com/history/zhiqing/comments/200912/1228_6852_1490175_1.shtml.
[11] Maurice Meisner, Mao’s China and After: A History of the People’s Republic (New York: Free Press, 1986), 437.
[12] Meng Yaping, ‘Fantastic Feats of China’s Space Odyssey’, CGTN, 19 April 2017, https://news.cgtn.com/news/3d45544f79557a4d/share_p.html.
[13] Deng Xiaoping, ‘Building a Socialism with a Specifically Chinese Character’ (30 June 1984) in Selected Works of Deng Xiaoping, Volume III (1982-1992) (Beijing: Foreign Languages Press, 1994), http://en.people.cn/dengxp/vol3/text/c1220.html.
[14] Ross, China’s Great Road, 57.
[15] The State Council Information Office of the People’s Republic of China, Poverty Alleviation: China’s Experience and Contribution (Beijing: Foreign Languages Press, April 2021), http://www.xinhuanet.com/english/2021-04/06/c_139860414.htm.
[16] Singh, Anoop, Malhar S. Nabar, and Papa M. N’Diaye, China’s Economy in Transition: From External to Internal Rebalancing (International Monetary Fund, 7 November 2013), https://www.elibrary.imf.org/view/books/071/20454-9781484303931-en/20454-9781484303931-en-book.xml?language=en&redirect=true.
[17] Xi Jinping, ‘Secure a Decisive Victory in Building a Moderately Prosperous Society in All Respects and Strive for the Great Success of Socialism with Chinese Characteristics for a New Era’, China Daily, 18 October 2017, https://www.chinadaily.com.cn/china/19thcpcnationalcongress/2017-11/04/content_34115212.htm.
[18] United Nations, Department of Economic and Social Affairs, ‘Poverty eradication’, Sustainable Development, accessed 30 June 2021, https://sdgs.un.org/topics/poverty-eradication.
[19] ‘Three Regions’ refers to the Tibet Autonomous Region; the Tibetan areas of Qinghai, Sichuan, Gansu, and Yunnan provinces; and Hetian, Aksu, Kashi, and Kizilsu Kyrgyz in the south of Xinjiang Autonomous Region. ‘Three Prefectures’ refers to Liangshan prefecture in Sichuan, Nujiang prefecture in Yunnan, and Linxia prefecture in Gansu.
[20] CCTV中国中央电视台, ‘Zhongguo xianxing fupin biaozhun diyu shijie biaozhun? Guojia xiangcun zhenxing ju zheyang huiying’ 中国现行扶贫标准低于世界标准?国家乡村振兴局这样回应 [Is China’s current standard for poverty alleviation lower than the global standard? A response from the National Revitalisation Bureau], 6 April 2021, https://news.cctv.com/2021/04/06/ARTIKemhGKDmE36ukw0ypKPO210406.shtml.
[21] United Nations Development Programme and Oxford Poverty and Human Development Initiative, Charting Pathways Out of Multidimensional Poverty: Achieving the SDGs, July 2020, http://hdr.undp.org/sites/default/files/2020_mpi_report_en.pdf.
[22] World Bank, Poverty and Shared Prosperity 2020: Reversals of Fortune, 2020, https://openknowledge.worldbank.org/bitstream/handle/10986/34496/9781464816024_Ch1.pdf.
[23] New China Research, Chinese Poverty Alleviation Studies: A Political Economy Perspective (Xinhua News Agency, 22 February 2021), http://www.xinhuanet.com/english/special/2021jpxbg.pdf.
[24] Zhang Zhanbin et al., Poverty Alleviation: Experience and Insights of the Communist Party of China (Beijing: The Contemporary World Press, 2020), 139.
[25] New China Research, Chinese Poverty Alleviation Studies, 60.
[26] New China Research, Chinese Poverty Alleviation Studies, 77.
[27] ‘CPC membership grows to over 95 million’, CGTN, 30 June 2021, https://news.cgtn.com/news/2021-06-30/CPC-membership-grows-to-over-95-million-11vF0GvladG/index.html.
[28] The State Council Information of the People’s Republic of China, Poverty Alleviation: China’s Experience and Contribution (Beijing: Foreign Languages Press, 2021), 35.
[29] The State Council, Poverty Alleviation, 48.
[30] The State Council, Poverty Alleviation, 35.
[31] Cunningham, Edward, Tony Saich, and Jesse Turiel, Understanding CCP Resilience: Surveying Chinese Public Opinion Through Time (Ash Center for Democratic Governance and Innovation, Harvard Kennedy School, July 2020): 2-6, https://ash.harvard.edu/files/ash/files/final_policy_brief_7.6.2020.pdf.
[32] To learn more about how China handled the pandemic, read Tricontinental: Institute for Social Research’s study, China and CoronaShock: https://thetricontinental.org/studies-2-coronavirus/.
[33] Cary Wu, ‘Did the Pandemic Shake Chinese Citizens’ Trust in Their Government? We Surveyed Nearly 20,000 People to Find Out’, Washington Post, 5 May 2021, https://www.washingtonpost.com/politics/2021/05/05/did-pandemic-shake-chinese-citizens-trust-their-government/.
[34] The State Council, Poverty Alleviation, 56.
[35] Jiangsu University江苏大学, ‘Woxiao xiaoyou zha yingdong huoping quanguo tuopin gongjian xianjin geren’ 我校校友查颖冬获评全国脱贫攻坚先进个人 [Alumnus Zha Yingdong was awarded National Advanced Individual in the battle against poverty], 28 February 2021, https://mp.weixin.qq.com/s/wYjpAkhsQdzNx9NVa_XKDw.
[36] The State Council, Poverty Alleviation, 57.
[37] Poverty Alleviation Network Exhibition 脱贫攻坚网络展, ‘Shehui dongyuan’ 社会动员 [Social mobilisation], accessed 3 May 2021, http://fpzg.cpad.gov.cn/429463/430986/431007/index.html.
[38] The State Council, Poverty Alleviation, 57.
[39] China Development Brief, ‘Hebian Village, a University Professor’s Experiment with Poverty Alleviation’, trans. Serena Chang et al., 25 December 2017, https://chinadevelopmentbrief.cn/reports/hebian-village-a-university-professors-experiment-with-poverty-alleviation/.
[40] The State Council, Poverty Alleviation, 38.
[41] The State Council of the People’s Republic of China中华人民共和国国务院, ‘Guowuyuan xinwenban jiu chanye fupin jinzhan chengxiao juxing fabuhui’ 国务院新闻办就产业扶贫进展成效举行发布会 [State Council Information Office held a news conference on the progress and achievements of industrial poverty alleviation], 16 December 2020, http://www.gov.cn/xinwen/2020-12/16/content_5569989.htm.
[42] Qiuping, Lyu, Qu Guangyu, and Wang Di, ‘China Focus: Relocated Villagers Leave Poverty on Clifftop’, Xinhua, 14 May 2020, http://www.xinhuanet.com/english/2020-05/14/c_139056868.htm.
[43] Kong Wenzheng, ‘Alibaba-linked Ant Forest Wins Top UN Green Award’, China Daily Global, 2 October 2019), http://www.chinadaily.com.cn/global/2019-10/02/content_37513688.htm.
[44] The State Council, Poverty Alleviation, 40.
[45] Food and Agriculture Organisation of the United Nations, Global Forest Resources Assessment 2020: Main Report, 2020, http://www.fao.org/3/ca9825en/ca9825en.pdf.
[46] Bu Shi and Geng Zhibin, ‘In Tibet: The Road to Modern Education’, CGTN, 22 March 2019, https://news.cgtn.com/news/3d3d514d3149544e33457a6333566d54/index.html.
[47] The State Council Information Office of the People’s Republic of China, Tibet Since 1951: Liberation, Development and Prosperity, May 2021, http://www.xinhuanet.com/english/2021-05/21/c_139959978.htm.
[48] The State Council, Poverty Alleviation, 41-42.
[49] National Bureau of Statistics of China, ‘Main Data of the Seventh National Population Census’, 11 May 2021, http://www.stats.gov.cn/english/PressRelease/202105/t20210510_1817185.html.
[50] Xing Wen, ‘First-generation College Attendees Can Face Varying Degrees of Success’, China Daily, 20 May 2020, https://www.chinadaily.com.cn/a/202005/20/WS5ec49a58a310a8b241157060.html.
[51] Crotti, Robert, T. Geiger, V. Ratcheva, and S. Zahidi, Global Gender Gap Report 2020 (World Economic Forum, December 2020), http://www3.weforum.org/docs/WEF_GGGR_2020.pdf.
[52] Yang Lixiong, ‘The Social Assistance Reform in China: Towards a Fair and Inclusive Social Safety Net’, Addressing Inequalities and Challenges to Social Inclusion through Fiscal, Wage and Social Protection Policies, UN Commission for Social Development, June 2018, https://www.un.org/development/desa/dspd/wp-content/uploads/sites/22/2018/06/The-Social-Assistance-Reform-in-China.pdf.
[53] Jennifer Golan et al., ‘Unconditional Cash Transfers in China: Who Benefits from the
Rural Minimum Living Standard Guarantee (Dibao) Program?’, World Development 93, (May 2017): 316-336, http://dx.doi.org/10.1016/j.worlddev.2016.12.011.
[54] The State Council, Poverty Alleviation, 42.
[55] The State Council, Poverty Alleviation, 44.
[56] Guo Yingzhe and Wu Yujian, ‘China Promotes Private Retirement Savings to Shore Up Strained Pension System’, Caixin Global, 17 May 2021, https://www.caixinglobal.com/2021-05-17/china-promotes-private-retirement-savings-to-shore-up-strained-pension-system-101714140.html.
[57] The State Council, Poverty Alleviation, 44.
[58] Voices from the Frontline: China’s War on Poverty, CGTN/PBS, 14 December 2020, https://news.cgtn.com/news/2020-12-14/China-s-war-on-poverty-WdOsyyVGhy/index.html.
[59] Zhonggong zhongyang bangongting guowuyuan bangongting yinfa, ‘shengji dangwei he zhengfu fupin kaifa gongzuo chengxiao kaohe banfa’ 中共中央办公厅 国务院办公厅印发《省级党委和政府扶贫开发工作成效考核办法》[General office of CPC Central Committee and general office of State Council issued ‘measures for assessing the effectiveness of poverty alleviation and development of provincial party committee and government’], Xinhua 新华社, 16 February 2016, http://www.gov.cn/xinwen/2016-02/16/content_5041672.htm.
[60] Zhang Ge张歌 and Wu Zhenguo伍振国, ‘Guowuyuan fupin ban: Tuopin gongjian yao shixing zui yange de kaohe pinggu zhidu jing de qi lishi jianyan’ 国务院扶贫办:脱贫攻坚要实行最严格的考核评估制度 经得起历史检验 [State Council poverty alleviation office: the strictest assessment and evaluation system be implemented in the battle against poverty to withstand the test of history], People’s Daily人民日报, 7 March 2017, http://rmfp.people.com.cn/n1/2017/0307/c406725-29129889.html.
[61] ‘Third-party Inspector of Poverty Relief Work’, CGTN, 9 February 2021, https://news.cgtn.com/news/2021-02-08/Third-party-inspector-of-poverty-relief-work-XHYpliv4BO/index.html.
[62] ‘2020 nian guojia jingzhun fupin gongzuo chengxiao disanfang pinggu qidong’ 2020年国家精准扶贫工作成效第三方评估启动[A third-party assessment was launched on the effectiveness of the national targeted poverty alleviation in 2020], Science Forum 科学大讲坛, 1 December 2020, https://www.sohu.com/a/435632363_120873446.
[63] ‘Shaanxi shengwei shuji anfang tuopin gongjian gongzuo beihou you he shenyi’ 陕西省委书记暗访脱贫攻坚工作 背后有何深意?[Secretary of Shaanxi Provincial Party Committee investigated the battle against poverty in secret. What is the meaning behind this?], People’s Daily 人民日报/CCTV 中央电视台, 20 April 2017, http://news.cctv.com/2017/04/20/ARTI1WIPSScfr4SZwCTnRNix170420.shtml.
[64] ‘Jiedu shengji fupin chengxiao kaohe banfa sida kandian’解读省级扶贫成效考核办法四大看点 [Explaining the four highlights of the province-level measures for assessing the effectiveness of poverty alleviation], Xinhua 新华网, 17 February 2016, http://www.cpad.gov.cn/art/2016/2/17/art_624_45014.html.
[65] Shi Yu, ‘In Data: China’s Fight Against Corruption in Poverty Alleviation,’ CGTN, 9 August 2020, https://news.cgtn.com/news/2020-08-09/In-data-China-s-fight-against-corruption-in-poverty-alleviation-SO8OgC70Q0/index.html.
[66] ‘China Vows Unremitting Fight Against Corruption’, CGTN, 24 January 2021, https://news.cgtn.com/news/2021-01-24/China-s-discipline-authorities-adopt-communique-at-5th-plenary-session-XjqWdSURI4/index.html.
[67] Weiduo, Shen, Cao Siqi, and Zhang Hongpei, ‘No. I Central Document Vows Rural Revitalization’, Global Times, 22 February 2021, https://www.globaltimes.cn/page/202102/1216103.shtml.
[68] World Bank, ‘World Bank Country Data and Lending Groups’, accessed 3 July 2021, https://datahelpdesk.worldbank.org/knowledgebase/articles/906519#High_income.
[69] ‘China’s GDP per Capital Just Passed $10,000, but What Does This Mean?’, CGTN, 17 January 2020, https://news.cgtn.com/news/2020-01-17/China-s-GDP-per-capita-just-passed-10-000-but-what-does-this-mean–NkvMWAMYNO/index.html.
[70] ‘Communiqué of the Fourth Plenary Session of the 19th Central Committee of the Communist Party of China’, Xinhua, 31 October 2019, http://news.xmnn.cn/xmnn/2019/10/31/100620623.shtml.
[71] ‘Why President Xi Strongly Advocates Building Community with Shared Future’, Xinhua, 22 September 2020, http://www.xinhuanet.com/english/2020-09/22/c_139388123.htm.
[72] The State Council, Poverty Alleviation, 62.
[73] Wang Xiaonan, ‘Will China’s Left-behind Children Escape the Prosperity Paradox?’, CGTN, 7 March 2019, https://news.cgtn.com/news/3d3d414e3349544d33457a6333566d54/index.html.
ഈ പഠനം പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.