വിശാഖപട്ടണത്തെ ജനകീയ സ്റ്റീൽ പ്ലാന്റും സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടവും

ദോസിയർ നമ്പർ 55

 

വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കഥ അവിടുത്തെ തൊഴിലാളികളുടെ മാത്രം കഥയല്ല. പൊതുമേഖലയെ സംരക്ഷിക്കാനുള്ള സമര­ങ്ങൾ, നവലിബറലിസവുമായുള്ള ഏറ്റുമുട്ടലുകൾ, രാജ്യത്തെ ആധുനികവൽക്കരി­ക്കുന്നതിനുള്ള പോരാട്ടം എന്നിവ ഇഴപാകിയ വിശാലമായ ഒരു ക്യാൻവാസിന്റെ ഭാഗമാണ് ഈ തൊഴിലാളികളുടെ ചെറുത്തുനിൽപ്പുകളും അഭിലാഷങ്ങളും വിജയങ്ങളും. ഈ ദോസിയറിൽ കൊടുത്തിരിക്കുന്ന ഓരോ കൊളാഷും മൂന്ന് വ്യത്യസ്ത വീക്ഷണകോണുകളിൽ നിന്നുള്ള ഘടകങ്ങൾ ചേർത്താണ് നിർമിച്ചിരിക്കുന്നത്: സ്റ്റീൽ പ്ലാന്റിനുള്ളിൽ നിന്നും തൊഴിലാളികൾ തന്നെ എടുത്ത ഫോട്ടോകൾ, മുതിർന്നവരും കുട്ടികളും സമൂഹത്തിന്റെ നാനാതുറകളിൽ പെട്ടവരും തെരുവിൽ നടത്തിയ പ്രക്ഷോഭങ്ങൾ, ഈ സമരത്തിന്റെ വിശാലമായ പശ്ചാത്തലം വ്യക്തമാക്കുന്ന ചരിത്രപരവും സാന്ദർഭികവുമായ ചിത്രങ്ങൾ എന്നിവ. ഇവയെല്ലാം ചേർത്തുവായിക്കുമ്പോൾ, ഫാക്ടറിയിൽ നിന്നും തെരുവുകളിലേയ്‌ക്കും ഇന്ത്യയിൽ നിന്നും ലോകത്തിലേയ്‌ക്കും നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ഈ കലാസൃഷ്‌ടികൾ, വിശാഖപട്ടണം സമരത്തിന്റെ പരസ്പരബന്ധിതവും പല തലമുറകളെ തൊടുന്നതുമായ സ്വഭാവം വ്യക്തമാക്കുന്നു.

ഈ ദോസിയറിൽ ഉപയോഗിച്ചിരിക്കുന്ന ഫോട്ടോഗ്രാഫുകൾ ലഭ്യമാക്കിയത് ആന്ധ്ര പ്രദേശിൽ നിന്നും പ്രസിദ്ധീകരിക്കുന്ന പ്രജാശക്തി ദിനപത്രത്തിലെ കുഞ്ചം രാജേഷും, വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിലെ തൊഴിലാളികളുമാണ്. കൊളാഷുകൾ തയാറാക്കിയത് ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച്.

 

വിശാഖപട്ടണത്തെ ജനകീയ സ്റ്റീൽ പ്ലാന്റും
സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടവും

 

നവലിബറലിസത്തിന്റെ കൊടുങ്കാറ്റ് മൂന്ന് പതിറ്റാണ്ടുകൾക്ക് മുൻപ് ഇന്ത്യയിലുടനീളം ആഞ്ഞടിച്ചപ്പോൾ, ആദ്യപ്രഹരമേറ്റത് രാജ്യത്തെ പൊതുമേഖലാ വ്യവസായങ്ങൾക്കായിരുന്നു. ഈ കൊടുങ്കാറ്റ് അഴിച്ചുവിട്ട അന്താരാഷ്ട്ര മൂലധനത്തിന്റെയും ഇന്ത്യൻ വൻകിട മൂലധനത്തിന്റെയും സഖ്യത്തെ സംബന്ധിച്ചിടത്തോളം, സർക്കാർ ഉടമസ്ഥതയിലുള്ള ഈ സ്ഥാപനങ്ങളുടെ ആസ്‌തികളും വിഭവങ്ങളും ഇഷ്ടംപോലെ വിളമ്പിയെടുക്കാനുള്ള ഒരു സദ്യയായിരുന്നു. വൻകിട മൂലധനത്തിന് ആസ്‌തികളോടുള്ള ആർത്തി തീർക്കുന്നതിനായി സ്വകാര്യവൽക്കരിക്കാൻ പറ്റിയ നൂറുകണക്കിന് പൊതുമേഖലാ സ്ഥാപനങ്ങൾ ഉണ്ടായിരുന്നു ഇന്ത്യയിൽ — തുറമുഖങ്ങൾ, ഷിപ്പിംഗ്, കപ്പൽ നിർമ്മാണ വ്യവസായങ്ങൾ, വിമാനത്താവളങ്ങൾ, വിമാനക്കമ്പനികൾ, എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ഖനനം, പെട്രോകെമിക്കൽ റിഫൈനറികൾ, വാർത്താവിനിമയശൃംഖല, രാജ്യത്തിന്റെ മുക്കിലും മൂലയിലും എത്തുന്ന റെയിൽവേ ശൃംഖല, ഘനയന്ത്രങ്ങളും ഇലക്‌ട്രിക്കൽ യന്ത്രോപകരണങ്ങളും നിർമിക്കുന്ന ഫാക്ടറികൾ, ഹോട്ടലുകൾ, വൈദ്യുതി ഉൽപ്പാദന-വിതരണ സംവിധാനങ്ങൾ, വലിയ ഇൻഷുറൻസ് കമ്പനികൾ, പൊതുമേഖലാ ബാങ്കുകളുടെ വലിയ ശൃംഖല, ഒപ്പം സ്റ്റീൽ പ്ലാന്റുകളും.

നവലിബറലിസത്തിന്റെ ഈ മുപ്പത് വർഷക്കാലത്ത് പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കാനായി വൻകിടമൂലധനത്തിന്റെ ആഹ്വാന­പ്രകാരം ഇന്ത്യൻ ഭരണകൂടം നിരന്തരവും വിനാശകരവുമായ ആക്രമണ­ങ്ങളാണ് നടത്തിയിട്ടുള്ളത്. എന്നിരുന്നാലും, ഈ ശ്രമങ്ങളൊന്നും തന്നെ നവലിബറൽ പക്ഷം ആഗ്രഹിച്ചതു പോലെ എളുപ്പമോ ഫലപ്രദമോ ആയില്ല. അതിനു കാരണം സംഘടിതരായ തൊഴിലാളി വർഗം വലുതും ചെറുതുമായ സ്വകാര്യവൽക്കരണ ശ്രമങ്ങൾക്കെതിരെ പല്ലും നഖവും ഉപയോഗിച്ചു നടത്തിപ്പോന്നിട്ടുള്ള പ്രതിരോധമാണ്. പരാജയങ്ങളെക്കാളധികം വിജ­യ­ങ്ങൾ നേടാൻ ഈ പ്രതിരോധത്തിനായിട്ടുണ്ട്. ഇന്ത്യൻ സർക്കാർ നിരവധി പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുകയോ പൂട്ടുകയോ ചെയ്തിട്ടുണ്ടെങ്കിലും, അനേകം യൂണിറ്റുകൾ — പ്രത്യേകിച്ചും പൊതുമേഖലാ സ്റ്റീൽ പ്ലാന്റുകൾ പോലെ അവയിൽ ഏറ്റവും വലിയ പലതും — തൊഴിലാളി­കളുടെ ചെറുത്തുനിൽപ്പിന്റെ ഫലമായി പൊതുമേഖലയിൽത്തന്നെ നില­നിൽക്കുന്നു. ഇന്ത്യൻ തൊഴിലാളിവർഗം ഒരു വശത്തും ഇന്ത്യൻ ഭരണകൂടത്തെ മുമ്പിൽ നിർത്തി പ്രവർത്തിക്കുന്ന വൻകിടമൂലധനം മറുവശത്തുമായി നടക്കുന്ന ഈ പോരാട്ടം, നവലിബറലിസത്തിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമാണ്. അധികം ശ്രദ്ധനേടാതെ പോകുന്ന പോരാട്ടവിജയങ്ങളുടെ കഥകൂടിയാണിത്.

അചഞ്ചലമായ ഈ പോരാട്ടങ്ങളുടെ ഒരു പ്രധാന ഉദാഹരണമാണ് വിശാഖപട്ടണം സ്റ്റീൽ പ്ലാന്റിന്റെ കഥ. ആന്ധ്ര പ്രദേശിൽ, ബംഗാൾ ഉൾക്കടലിന്റെ തീരത്ത് സ്ഥിതി ചെയ്യുന്ന തുറമുഖ നഗരമാണ് വിശാഖപട്ടണം. വിശാഖാ സ്റ്റീൽ എന്ന് അവിടത്തുകാർ സ്നേഹപൂർവ്വം വിളിക്കുന്ന വിശാഖപട്ടണം സ്റ്റീൽ പ്ലാന്റ് ആന്ധ്ര പ്രദേശിന്റെ  വ്യാവസായിക ഭൂപടത്തിൽ വലിയ സ്ഥാനമാണ് അലങ്കരിക്കുന്നത്. ആന്ധ്രക്കാരുടെ അഭിമാനസ്തംഭം. ‘രാഷ്ട്രീയ ഇസ്പാത് നിഗം ലിമി­റ്റഡ്’ (RINL) എന്നാണ് വിശാഖാ സ്റ്റീലിന്റെ ഔദ്യോഗിക നാമം. പൊതു­മേഖലാവ്യവസായങ്ങൾക്ക് ഇന്ത്യൻ സമൂഹത്തിലുള്ള ആഴത്തിലുള്ള വേരുകളും അവ ഇപ്പോഴും നിലനിൽക്കുന്നതിന്റെ കാരണങ്ങളും വ്യക്തമാക്കുന്ന ഒന്നാണ് വിശാഖാ സ്റ്റീലിന്റെ ജനനത്തിന്റെ കഥ.

ജനങ്ങളുടെ ഇച്ഛാശക്തിയുടെ ഫലമായി 1982-ൽ പിറവിയെടുത്ത ഈ സ്ഥാപനം, അതിനെ സ്വകാര്യവൽക്കരിക്കാനുള്ള നിരവധി ശ്രമങ്ങളെയും മറ്റനവധി വെല്ലുവിളികളെയും അതിജീവിച്ചുകൊണ്ട് അഭിവൃദ്ധി നേടിയ ഒന്നാണ്. ഓരോ സമയത്തെയും രാഷ്ട്രീയ-സാമ്പത്തിക സ്ഥിതിഗതികൾക്കനുസരിച്ച് പല അടവുകളും പ്രയോഗിച്ച് ഈ പ്ലാന്റിനെ സ്വകാര്യവൽക്കരിക്കാൻ മാറി മാറി വന്ന സർക്കാരുകൾ ശ്രമിച്ചിട്ടുണ്ട്. സ്ഥാപനം താരതമ്യേന ദുർബലമായ സമയങ്ങളിൽ ഓഹരി വിറ്റഴിക്കൽ, പ്രത്യേകം പ്രത്യേകം വകുപ്പുകളുടെ സ്വകാര്യവൽക്കരണം, ആസ്തികളുടെ വിൽപ്പന എന്നിങ്ങനെയുള്ള നടപടികളും, പ്ലാന്റ് നല്ലനിലയിൽ പ്രവർത്തിക്കുമ്പോൾ വിഭവങ്ങൾ വഴിമാറ്റി ചെലവഴിക്കൽ, നയപരമായ അട്ടിമറികൾ, അനുമതികൾ നിഷേധിക്കൽ, സുപ്രധാന ബിസിനസ് തീരുമാനങ്ങൾ വൈകിപ്പിക്കൽ എന്നീ രീതികളും സർക്കാരുകൾ പയറ്റിനോക്കിയിട്ടുണ്ട്. എന്നാൽ അത്തരം ശ്രമങ്ങളെയെല്ലാം തന്നെ പ്ലാന്റിലെ തൊഴിലാളികളും അവരോടൊത്ത് പ്രവർത്തിക്കുന്ന മറ്റു സംഘടനകളും പ്രദേശത്തെ ജനങ്ങളും ചേർന്ന് പരാജയപ്പെടുത്തിയിട്ടുണ്ട്.

ജനകീയ സ്റ്റീൽ പ്ലാന്റ്: പ്രതീക്ഷകൾ

 

ഇന്ത്യയെ രണ്ടു നൂറ്റാണ്ടോളം നിഷ്‌ഠൂ‍രമായി ചൂഷണം ചെയ്യുകയും, സമ്പത്തും വിഭവങ്ങളും ആത്മവീര്യം തന്നെയും ഊറ്റിക്കുടിക്കുകയും ചെയ്ത ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്റെ നുകം വലി­ച്ചെറിഞ്ഞ് രാജ്യം 1947-ൽ സ്വാതന്ത്ര്യം നേടി. വേഗത്തിലുള്ള ആധുനികവൽക്കരണവും വ്യവസായവൽക്കരണവും പുതിയതായി രൂപം കൊണ്ട ഭരണകൂടത്തിന്റെ അജണ്ടകളിൽ പ്രധാനമായിരുന്നു. അവികസിതമായ സമ്പദ്‌വ്യവസ്ഥയും, വ്യാപകമായ ദാരിദ്ര്യവും, വിദേശ­നാണ്യത്തിന്റെ ദൗർലഭ്യവും, സാങ്കേതികവിദ്യകളിലെ പിന്നോ­ക്കാ­വസ്ഥയുമെല്ലാം തടസ്സങ്ങളായിരുന്നുവെങ്കിലും വിപുലമായ ഒരു വ്യവസായവൽക്കരണ പദ്ധതിക്ക് ഇന്ത്യ തുടക്കമിട്ടു.  സമ്പദ്‌വ്യവസ്ഥയുടെ ആധുനികവൽക്കരണത്തിനും വികസനത്തിനും ആവശ്യമായതും പൂർത്തീകരിക്കാൻ ദീർഘകാലമെടുക്കുന്നതുമായ വൻ­കിട, ഘനവ്യവസായങ്ങൾ സർക്കാർ പൊതുമേഖലയിൽ സ്ഥാപിച്ചു. സോവിയറ്റ് യൂണിയന്റെയും മറ്റ് രാജ്യങ്ങളുടെയും സഹായത്തോടെ ഇന്ത്യൻ ഭരണകൂടം സ്റ്റീൽ പ്ലാന്റുകൾ, എണ്ണശുദ്ധീകരണശാലകൾ, ഖനികൾ, വൈദ്യുതിനിലയങ്ങൾ, ഹെവി എഞ്ചിനീയറിംഗ് ഉപകരണങ്ങളും ഇലക്ട്രിക്കൽ ഉപകരണങ്ങളും പ്രതിരോധമേഖലയുമായി ബന്ധപ്പെട്ട ഉപകരണങ്ങളും നിർമ്മിക്കുന്ന വ്യവസായങ്ങൾ, മരുന്നുനിർമാണശാലകൾ എന്നിവ സ്ഥാപിച്ചു. പൊതുമേഖലാ സ്ഥാപന­ങ്ങളായിട്ടാണ് ഇവയിൽ മിക്കവാറും എല്ലാം തന്നെ സ്ഥാപിക്കപ്പെട്ടത്.

സ്റ്റീൽ പ്ലാന്റുകളുടെ സ്ഥാപനം ഇന്ത്യയുടെ സാമ്പത്തിക വികസനത്തിൽ ഒരു നാഴികക്കല്ലായിരുന്നു. റെയിൽവേ ശൃംഖല നിർമ്മിക്കുന്നതിനും തുറമുഖങ്ങൾ വികസിപ്പിക്കുന്നതിനും, ഘനവ്യവസായങ്ങൾ കെട്ടി­പ്പടുക്കുന്നതിനും, വലിയ ജലസേചന പദ്ധതികൾ നിർമ്മിച്ച് ആവശ്യത്തിന് ജലമില്ലാത്ത ദശലക്ഷക്കണക്കിന് ഏക്കർ ഭൂമിയിലേയ്‌ക്ക് കനാലുകൾ വഴി വെള്ളം എത്തിക്കുന്നതിനും സ്റ്റീൽ (ഉരുക്ക്) സുപ്രധാനമായതിനാൽ സ്റ്റീൽ ഉത്പാദനത്തിൽ സ്വയംപര്യാപ്തത നേടുക എന്നതിന് ഇന്ത്യയുടെ ആധുനികവൽക്കരണ പദ്ധതിയിൽ കേന്ദ്രസ്ഥാനമാണുണ്ടായിരുന്നത്. ഇന്ത്യക്കാർക്ക് ഉരുക്ക് എന്നാൽ ഇരുമ്പിൽ അല്പം കാർബൺ ചേർത്ത വെറും ലോഹസങ്കരം മാത്രമായിരുന്നില്ല. സ്വതന്ത്ര ഇന്ത്യയുടെ പ്രതീക്ഷ­കളുടെ പ്രതീകങ്ങളായി സ്റ്റീൽ പ്ലാന്റുകൾ മാറുകയായിരുന്നു.

ഇന്ത്യയുടെ വടക്കും കിഴക്കുമുള്ള ഇരുമ്പയിരിനാൽ സമ്പുഷ്ടമായ പ്രദേശങ്ങളിൽ നിർമ്മിച്ച ഉരുക്ക് പ്ലാന്റുകളെ തെക്കേ ഇന്ത്യൻ ജനത നോക്കിക്കണ്ടത് അഭിലാഷത്തോടെയും ഒട്ടൊക്കെ അസൂയയോടെയും ആണ്. അവരുടെ ദൃഷ്ടിയിൽ, ആയിരക്കണക്കിന് ഏക്കർ ഭൂമിയിൽ പരന്നുകിടക്കുന്നതും, ഒരു പുതിയ ഇന്ത്യ പണിതുയർത്താനായി ദശലക്ഷക്കണക്കിനു ടൺ ഉരുക്ക് നിർമിക്കുന്നതുമായ വമ്പൻ പൊതുമേഖലാ സ്റ്റീൽ പ്ലാന്റുകൾ, ഒരുതരത്തിൽ ആരാധനാലയങ്ങൾ തന്നെയായിരുന്നു. സ്റ്റീൽ പ്ലാന്റുകൾ സൃഷ്ടിക്കുന്ന ഗണ്യമായ തൊഴിലവസരങ്ങളും അവയ്‌ക്കു ചുറ്റും ഉയർന്നുവരുന്ന അനുബന്ധ വ്യവസായങ്ങളും അവർക്ക് വളരെ ആകർഷകമായിരുന്നു. തങ്ങളുടേതായ ഒരു സ്റ്റീൽ പ്ലാന്റ് എന്ന ആവശ്യമുയർത്താൻ ആന്ധ്ര പ്രദേശിലെ ജനങ്ങൾക്ക് ഇത് പ്രേരണയായി.

ദക്ഷിണേന്ത്യയിൽ ഒരു സ്റ്റീൽ പ്ലാന്റിന് അനുയോജ്യമായ സ്ഥലം തെരഞ്ഞെടുക്കാൻ ചുമതലപ്പെടുത്തിയ ആംഗ്ലോ-അമേരിക്കൻ ക­ൺ­­­സോർഷ്യത്തിന്റെ ശുപാർശ പ്രകാരം 1965-ൽ അന്നത്തെ പ്രധാന­മന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നേതൃത്വത്തിലുള്ള സർക്കാർ, വിശാഖ­പട്ടണത്ത് ഇന്ത്യയിലെ ആദ്യത്തെ തീരദേശമേഖലാ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചു. ഇത് അവിഭക്ത ആന്ധ്ര പ്രദേ­ശിൽ, പ്രത്യേകിച്ച് ആധുനിക വ്യവസായങ്ങളിൽ തൊഴിലാഗ്രഹിച്ച യുവാ­ക്കൾ­ക്കിടയിൽ, ആവേശമുണർത്തി.

തിരക്കേറിയ തുറമുഖ നഗരമാണെങ്കിലും വിശാഖപട്ടണം സ്ഥിതി ചെയ്യുന്നത് രാജ്യത്തെ ഏറ്റവും ദരിദ്രവും അവികസിതവുമായ പ്രദേശ­ങ്ങളിൽ ഒന്നിലായിരുന്നു. വിശാഖപട്ടണത്തിനു ചുറ്റുമുള്ള വടക്കൻ ആന്ധ്ര പ്രദേശ് മേഖല, വനങ്ങളിൽ ജീവിക്കുന്ന ആദിവാസികളുടെ ഗണ്യ­മായ ജനസംഖ്യയുള്ളതും ഭൂരിഭാഗം ദരിദ്രരുള്ളതുമായ ഒരു മേഖലയായി­രുന്നു അക്കാലത്ത്. പട്ടിണിയും രോഗങ്ങളും പോഷകാഹാരക്കുറവും വ്യാപകമായിരുന്ന ഇവിടെ ആയിരക്കണക്കിനാളുകൾ പലപ്പോഴും പകർച്ചവ്യാധികൾ മൂലം തുടച്ചുനീക്കപ്പെട്ടു. വിശാഖപട്ടണത്ത് നിലവി­ലുണ്ടായിരുന്ന വ്യവസായങ്ങൾ — ചിലത് പൊതുമേഖലയിലുള്ളവ, പക്ഷേ കൂടുതലും സ്വകാര്യമേഖലയിലുള്ളവ — അവിടുത്തെ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാൻ അപര്യാപ്തമായിരുന്നു. ഒരു സംയോജിത സ്റ്റീൽ പ്ലാന്റ് ധാരാളം തൊഴിലവസരങ്ങളും വലിയ വികസനസാധ്യതകളുമാണ് തുറന്നുതരുന്നത്. ജനങ്ങളുടെ ഉത്സാഹത്തിനു കാരണവും ഇതുതന്നെയായിരുന്നു.

പക്ഷേ സ്റ്റീൽ പ്ലാന്റ് സ്ഥാപിക്കുമെന്ന വാഗ്ദാനത്തിൽ നിന്നും പണത്തിന്റെ ദൗർലഭ്യം എന്ന ന്യായം പറഞ്ഞ് 1966-ൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധി പിന്മാറി. അതോടെ ജനങ്ങളുടെ ആഹ്ലാദം നിരാശയും അമർഷവുമായി മാറി. നിലപാടുകളും വാഗ്ദാനങ്ങളും ഒക്കെ പലകുറി മാറ്റിയും തിരുത്തിയും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിൽ സ്റ്റീൽ പ്ലാന്റിനായി ഒരു തർക്കം അഴിച്ചുവിടാനാണ് കേന്ദ്രസർക്കാർ അക്കാലത്തു ശ്രമിച്ചത്. ദക്ഷിണേന്ത്യയോടുള്ള വിവേചനവും അവഗണനയുമാണ് ഈ നടപടികൾ എന്ന് ആന്ധ്ര പ്രദേശിലെ ജനങ്ങൾക്ക് ബോധ്യം വന്നു. ഇതിൽ അസംതൃപ്‌തരായ അവർ ഈ അനീതിക്കെതിരെ രോഷത്തോടെ പ്രതികരിച്ചു. അവർ സ്റ്റീൽ പ്ലാന്റിനായി ഒരു പോരാട്ടം ആരംഭിച്ചു.

‘വിശാഖാ ഉക്കു, ആന്ധ്രുല ഹക്കു’

(വിശാഖാ സ്റ്റീൽ ആന്ധ്ര ജനതയുടെ അവകാശം)

സ്റ്റീൽ പ്ലാന്റിന് വേണ്ടിയുള്ള പോരാട്ടത്തിന് മുമ്പും ആധുനികവൽക്കരണത്തിനായുള്ള രാഷ്ട്രീയപ്രക്ഷോഭങ്ങൾ നയിച്ച ചരിത്രമുള്ള­വരാണ് ആന്ധ്രയിലെ ജനങ്ങൾ. നാഗാർജുനാ സാഗർ അണക്കെട്ടിന് വേണ്ടിയുള്ള അവരുടെ വിജയകരമായ പോരാട്ടം ഇതിന് ഉദാഹരണമാണ്. 1955-ൽ കൃഷ്‌ണാ നദിയിൽ പണികഴിപ്പിച്ച ഈ അണക്കെട്ടിൽ നിന്നുള്ള ജലം ആ പ്രദേശത്തെ ഗ്രാമങ്ങളിൽ വരുത്തിയ പരിവർത്തനം കണ്ട ജനങ്ങൾക്ക്, സ്റ്റീൽ പ്ലാന്റിനെക്കുറിച്ചുള്ള പ്രതീക്ഷകളും സമാനമായിരുന്നു. അതിനാൽ അവർ ഈ പുതിയ പദ്ധതിക്ക് വേണ്ടിയും പോരാടാൻ മുന്നിട്ടിറങ്ങി.

1966-ൽ ആന്ധ്ര യൂണിവേഴ്സിറ്റി, ആന്ധ്ര മെഡിക്കൽ കോളേജ്, വിശാഖപട്ടണത്തെ മറ്റ് കോളേജുകൾ, ഹൈസ്കൂളുകൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥി­കൾ സ്റ്റീൽ പ്ലാന്റ് നിർമിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടും പ്രമുഖ തെലുഗു നേതാവ് ടി. അമൃതറാവു ഇതേ ലക്ഷ്യത്തോടെ നടത്തിവന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തെ പിന്തുണച്ചുകൊണ്ടും നിരത്തിലിറങ്ങി. അതുവഴി അവർ വിശാലമായ ഒരു പ്രക്ഷോഭത്തിന്‌ തുടക്കമിട്ടു. വളരെ വേഗം തന്നെ ആന്ധ്ര പ്രദേശിന്റെ മറ്റുഭാഗങ്ങളിലേയ്ക്കും പ്രക്ഷോഭം വ്യാപിച്ചു. എല്ലായിടത്തും വിദ്യാർത്ഥികളും യുവാക്കളും ‘വിശാഖാ ഉക്കു, അന്ധ്രുല ഹക്കു’ (‘വിശാഖാ സ്റ്റീൽ ആന്ധ്രക്കാരുടെ അവകാശമാണ്’) എന്ന മുദ്രാവാക്യവുമായി മാസങ്ങളോളം തെരുവിൽ പ്രതിഷേധിക്കുന്ന അവസ്ഥയുണ്ടായി.

ആന്ധ്ര പ്രദേശിൽ പ്രബലമായ സാന്നിധ്യമായിരുന്ന കമ്മ്യൂണിസ്റ്റുകാർ ഈ പ്രക്ഷോഭത്തെ ശക്തമായി പിന്തുണച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) [സിപിഐ(എം)], കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) എന്നീ രണ്ടു പാർട്ടികൾക്കും കൂടി സംസ്ഥാന നിയമസഭയിൽ അമ്പത്തിയൊന്ന് അംഗങ്ങളുണ്ടായിരുന്നു. ഈ പാർട്ടികളായിരുന്നു സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷം. സമൂഹത്തിലെ പുരോഗമനപരമായ തുടിപ്പുകളെ ഞെരുക്കികളയുന്ന വികസന പിന്നോക്കാവസ്ഥയുടെയും ഫ്യൂഡൽ ചൂഷണത്തിന്റെയും ചങ്ങലകളിൽ നിന്ന് മോചനം നേടുന്നതിന് വ്യവസായവൽക്കരണം സുപ്രധാനമാണെന്ന ആഴത്തിലുള്ള വിശ്വാസം കമ്മ്യൂ­­ണിസ്റ്റുകാർക്കുണ്ടായിരുന്നു. അംഗബലമുള്ളതും മുതലാളിത്ത-ഭൂപ്രഭു ചൂഷ­ണത്തിനെതിരായ പോരാട്ടത്തിൽ (കർഷകരോടൊപ്പം) സംയുക്തമായ നേതൃത്വം വഹിക്കാൻ തക്ക ശക്തവുമായ ഒരു സംഘടിത തൊഴിലാളിവർഗം ഉണ്ടായിവരുന്നതിന് വ്യവസായവൽക്കരണം എത്ര പ്രധാനമാണെന്നും കമ്മ്യൂണിസ്റ്റുകാർ തിരിച്ചറിഞ്ഞു. ഈ ധാരണ, ആധുനിക വ്യവസായത്തിനുവേണ്ടിയുള്ള ബഹുജനമുന്നേറ്റത്തെ തങ്ങളുടെ ഗണ്യമായ രാഷ്ട്രീയശക്തിയും സംഘടനാശക്തിയും ഉപയോഗിച്ച് പിന്തുണയ്‌ക്കാൻ അവരെ പ്രേരിപ്പിച്ചു. ജനങ്ങൾക്കിടയിൽ സ്വാഭാവികമായി ഉടലെടുത്ത വികാരത്തെ സംസ്ഥാനമാകെ വ്യാപിച്ചതും തുടർച്ചയുള്ളതുമായ ഒരു പ്രക്ഷോഭമാക്കി മാറ്റുന്നതിൽ കമ്മ്യൂണിസ്റ്റുകാരുടെ ഇടപെടൽ സുപ്രധാനമായ ഒരു പങ്ക് വഹിച്ചു. തയ്യാറെടുപ്പില്ലാതെ വിദ്യാർത്ഥികൾ നടത്തിയിരുന്ന സമരം കമ്മ്യൂണിസ്റ്റുകാരുടെ പങ്കാളിത്തത്തോടെ കൂടുതൽ സംഘടിതവും ശക്തവുമായി. ഒപ്പം കമ്മ്യൂണിസ്റ്റുകാരുടെ നേതൃത്വത്തിൽ മുൻപുതന്നെ സംഘടിതരായിരുന്ന കൃഷിക്കാരിലേയ്‌ക്കും തൊഴിലാളികളിലേയ്‌ക്കുമെത്താൻ പ്രക്ഷോഭത്തിന് ഇതുവഴി കഴിഞ്ഞു. താമസിയാതെ, വിപുലമായ ഒരു ബഹുജനമുന്നേറ്റമായി സമരം വളർന്നു.

ജനങ്ങളുടെ ചെറുത്തുനില്പിൽ രോഷാകുലരായ കേന്ദ്രസർക്കാർ പ്രതിഷേധം അടിച്ചമർത്താൻ സൈന്യത്തോട് ആവശ്യപ്പെട്ടു. കേന്ദ്രസർക്കാർ രാജ്യത്തിന്റെ ശത്രുക്കളോടെന്നോണം തങ്ങളോട് പെരുമാറുന്നു എന്ന തോന്നൽ ജനങ്ങളെ കൂടുതൽ ചൊടിപ്പിച്ചു. രാജ്യത്തിന്റെ അതിർത്തികൾ കാക്കേണ്ട സൈന്യത്തെ, സ്വന്തം രാജ്യത്തെ ജനങ്ങളുടെ മേൽ അഴിച്ചുവിടുന്ന സാഹചര്യമാണ് അന്നുണ്ടായത്. വിശാഖപട്ടണത്ത് സായുധസേനയുടെ സാന്നിധ്യത്തിനെതിരെ പ്രതിഷേധിക്കാനായി വന്നെത്തിയ വലിയ ജനക്കൂട്ടത്തിനുനേരെ സൈന്യം വിവേചനരഹിതമായി നിറയൊഴിച്ചു. സൈന്യത്തിന്റെ അന്നത്തെ ഇരകളിൽ ഒമ്പതു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. ചുറ്റും തളംകെട്ടിയ രക്തത്തിൽ കിടന്നുകൊണ്ട് അവൻ ഇറ്റ്‌ വെള്ളത്തിനായി കേണപ്പോൾ അവന്റെ അടുത്തെത്താൻ തുനിഞ്ഞവർക്കുനേരെയും സേനാംഗങ്ങൾ വെടിയുതിർത്തു. ഒൻപതു പേരെക്കൂടി അന്നേദിവസം സായുധസേന കൊലപ്പെടുത്തി.

പ്രതിഷേധക്കാരെ സൈന്യം കൊലപ്പെടുത്തിയതിനെതിരെ ജനരോഷം ആളിപ്പടർന്നു. പ്രതിഷേധ പ്രകടനങ്ങളുടെയും നിരാഹാരസമരങ്ങളുടെയും ഭാഗമാകാനായി ആന്ധ്ര പ്രദേശിലുടനീളമുള്ള ചെറുപട്ടണങ്ങളിലും നഗരങ്ങളിലും കൂടുതൽ കൂടുതൽ ആളുകൾ തെരുവിലിറങ്ങി. ജില്ലകൾതോറും ഭരണസംവിധാനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയാതെ വന്നു. തീവണ്ടികളും റോഡുവഴിയുള്ള ഗതാഗതവും നിലച്ചു. ഭരണകൂടം അഴിച്ചുവിട്ട അക്രമങ്ങളിൽ മുപ്പത്തിരണ്ട് പേർ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു. പ്രവർത്തകരെ വ്യാപകമായി അറസ്റ്റു ചെയ്‌ത് പൊലീസ് കസ്റ്റഡിയിലിട്ട് പീഡിപ്പിച്ചു. എന്നിട്ടും സമരത്തെ അടിച്ചമർത്താൻ സർക്കാരിന് സാധിച്ചില്ല. അടിച്ചമർത്തൽ എത്രത്തോളം രൂക്ഷമായോ, ജനങ്ങളുടെ നിശ്ചയദാർഢ്യം അത്രകണ്ട് ശക്തിയാർജിച്ചു. തൊഴിലാളികൾ സർക്കാർ വകുപ്പുകളിലേയ്‌ക്കുള്ള വൈദ്യുതിബന്ധം വിച്ഛേദിച്ചു, വാർത്താവിനിമയ സംവിധാനങ്ങൾ അട്ടിമറിച്ചു, പൊതുപ്രക്ഷേപണം തടസ്സപ്പെടുത്തി. പണിമുടക്കുകളും ഹർത്താലുകളും നടത്തി. കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്നുള്ള അമ്പത്തിയൊന്ന് പേരടക്കം അറുപത്തിയേഴ് പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നിന്ന് രാജിവെച്ച് സർക്കാരിനെ സമ്മർദ്ദത്തിലാക്കി.

തെരുവുകളിലെ പ്രതിഷേധങ്ങളുടെ ആദ്യ മാസങ്ങൾക്ക് ശേഷം, ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ ജനഹിതത്തിനു വഴങ്ങാൻ നിർബന്ധിതരാകുന്നതുവരെ സ്റ്റീൽ പ്ലാന്റിനായുള്ള പോരാട്ടം വ്യത്യസ്ത രൂപങ്ങളിൽ തുടർന്നുകൊണ്ടേയിരുന്നു. ഒടുവിൽ വിശാഖപട്ടണത്ത് സ്റ്റീൽ പ്ലാന്റ് നിർമിക്കണമെന്ന ആവശ്യം അംഗീകരിച്ചു കൊണ്ട് 1971-ൽ പ്ലാന്റിന്റെ നിർമാണത്തിനുള്ള ആദ്യത്തെ തൂൺ (pylon) സ്ഥാപിച്ചു. ഈ വിജയത്തിൽ ആന്ധ്ര പ്രദേശിലെ ജനങ്ങൾ ആഹ്ലാദം പൂണ്ടു. ഇത് തങ്ങളുടെ സമരങ്ങളുടെ തുടക്കം മാത്രമാണെന്നും, തങ്ങളുടെ പരിശ്രമഫലമായി വിഭാവനം ചെയ്യപ്പെടുകയും സ്ഥാപിക്കപ്പെടുകയും ചെയ്‌ത ഈ സ്റ്റീൽ പ്ലാന്റിന്റെ തുടർന്നുള്ള നിലനിൽപ്പിനും അതിജീവനത്തിനും തങ്ങളുടെ നിരന്തരമായ പോരാട്ടവും പിന്തുണയും ഐക്യദാർഢ്യവും ആവശ്യമായിവരുമെന്നും അവരന്ന് ചിന്തിച്ചതേയില്ല.

നവലിബറലിസത്തിനുവേണ്ടിയുള്ള കയ്യൊഴിയൽ

 

അടുത്ത ഏതാനും വർഷം തെന്നേട്ടി വിശ്വനാഥം അടക്കമുള്ള പ്രമുഖ നേതാക്കൾ അക്ഷീണം പ്രചാരണം നടത്തിയിട്ടുപോലും നടപടിക്രമങ്ങൾ വലിച്ചിഴച്ച് കേന്ദ്രസർക്കാർ സ്റ്റീൽ പ്ലാന്റിന്റെ നിർമാണം വൈകിപ്പിച്ചു. എന്നിരുന്നാലും, 1977-ലെ തെരഞ്ഞെടുപ്പിൽ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ നാഷണൽ കോൺഗ്രസ് പരാജയപ്പെട്ടതും തെരഞ്ഞെടുപ്പ് വിജയിച്ച് ജനതാ പാർട്ടി സർക്കാർ രൂപീകരിച്ചതും സ്റ്റീൽ പ്ലാന്റിനായുള്ള പ്രവർത്തനങ്ങൾക്ക് വേഗം കൂട്ടി. പ്ലാന്റ് നിർമ്മിക്കാൻ പുതിയ സർക്കാർ സമ്മതം മൂളുകയും അതിനായി ആയിരം കോടി രൂപ വകയിരുത്തുകയും നിർമ്മാണത്തിനായി സോവിയറ്റ് യൂണിയനുമായി കരാറിൽ ഒപ്പുവയ്‌ക്കുകയും ചെയ്തു.1 എന്നാൽ ഇത് നീണ്ടുനിന്നില്ല. 1980-കളോടെ രാജ്യം വീണ്ടും കോൺഗ്രസ് ഭരണത്തിനു കീഴിലായി. ഇതിൽ 1984 മുതൽ 1989 വരെ രാജീവ് ഗാന്ധിയായിരുന്നു പ്രധാനമന്ത്രി. അപ്പോഴേയ്‌ക്കും വളർന്ന് ശക്തിപ്രാപിച്ചിരുന്ന ഇന്ത്യയിലെ വൻകിടമൂലധനം, കൂടുതൽ സാമ്പത്തിക ശക്തിക്കും രാജ്യത്തെ സമ്പത്തിന്റെ കൂടുതൽ വലിയ വിഹിതം കൈക്കലാക്കാനും വേണ്ടി അക്ഷമ കാട്ടിത്തുടങ്ങി. പ്രമുഖ രാഷ്ട്രീയശക്തികളുടെ മേൽ അതിന്റെ സ്വാധീനം വർദ്ധിച്ചുവന്നു. ഈ സ്വാധീനവും പടിഞ്ഞാറൻ മൂലധനത്തിന്റെ സമ്മർദ്ദവും കൂടിച്ചേർന്നപ്പോൾ ഇന്ത്യ സ്വാശ്രയത്വത്തിന്റെയും പൊതുമേഖലയുടെ നേതൃത്വത്തിലുള്ള വികസനത്തിന്റെയും പാതയിൽ നിന്ന് മാറി, ഉദാരവൽക്കരണത്തിന്റെയും സ്വകാര്യവൽക്കരണത്തിന്റെയും പാതയിലേയ്‌ക്ക് നീങ്ങിത്തുടങ്ങി.

ഒരുപക്ഷേ ഇന്ത്യയിൽ ഉദാരവൽക്കരണത്തിന്റെ കയ്പ്പ് അനുഭവിച്ച ആദ്യത്തെ പൊതുമേഖലാ സ്ഥാപനമായിരുന്നിരിക്കണം വിശാഖാ സ്റ്റീൽ. കാരണം അത് രൂപംകൊള്ളുന്നതിനു മുമ്പു തന്നെ നശിപ്പിച്ചുകളയാനാണ് രാജീവ് ഗാന്ധി സർക്കാർ ശ്രമിച്ചുകൊണ്ടിരുന്നത്. അധികാരത്തിന്റെ ഇടനാഴികളെ അന്ന് ഭരിച്ചു കൊണ്ടിരുന്നത് ഇറക്കുമതി ഉദാരവൽക്കരിക്കുന്നതിനുള്ള അടങ്ങാത്ത ത്വരയായിരുന്നു. സ്റ്റീൽ ഉൾപ്പെടെയുള്ള പല ചരക്കുകളും വളരെ കുറഞ്ഞ നിരക്കിൽ മറ്റു രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യാമെന്നിരിക്കെ, പുതിയ ഒരു സ്റ്റീൽ പ്ലാന്റിന്റെ ആവശ്യമില്ല എന്ന കാഴ്‌ചപ്പാടാണ് സർക്കാരിനുണ്ടായിരുന്നത്. യുഎസിലെയും യൂറോപ്പിലെയും ഉരുക്കു നിർമാണശാലകളുടെ ഉത്പാദനശേഷി വിറ്റഴിക്കാനാവുന്നതിനെക്കാളധികം ആയതുമൂലം അവ വൈഷമ്യത്തിലൂടെ കടന്നുപോകുന്ന കാലം കൂടിയായിരുന്നു ഇത്. എങ്ങനെയെങ്കിലും വികസ്വരരാജ്യങ്ങളുടെ വിപണികളിൽ തങ്ങളുടെ സ്റ്റീൽ കൊണ്ടുവന്നു തള്ളാനായിരുന്നു അവരുടെ ശ്രമം. ഉരുക്ക് തീരെക്കുറഞ്ഞ വിലയ്‌ക്ക് വിറ്റഴിക്കാൻ ആകർഷകമായ ഒരു വിപണിയായിരുന്നു അവരെ സംബന്ധിച്ചിടത്തോളം ഇന്ത്യ. ഇന്ത്യൻ സർക്കാരാകട്ടെ, സ്വാശ്രയത്വം കൈവരിക്കാനുള്ള ശ്രമങ്ങളെയെല്ലാം കാറ്റിൽ പറത്തികൊണ്ട് അന്താരാഷ്ട്ര മൂലധനത്തിന്റെയും അത് നിയന്ത്രിക്കുന്ന വിപണികളുടെയും ചാഞ്ചാട്ടങ്ങൾക്ക് വഴങ്ങാനുള്ള സന്നദ്ധത കൊണ്ട് ഈ ശ്രമങ്ങൾക്ക് ചൂട്ടുപിടിക്കുകയും ചെയ്തു. ചരക്കുകൾക്ക് ഒരു ദിവസം തീരെ വിലക്കുറവെങ്കിൽ അടുത്തദിവസം ജീവനെക്കാൾ വിലക്കൂടുതൽ എന്ന നിലയിലുള്ള അന്താരാഷ്ട്ര വിപണിയിലെ വന്യമായ വ്യതിയാനങ്ങൾ രാജ്യത്തിന് സ്വന്തംകാലിൽ നിൽക്കാനുള്ള അവസരങ്ങൾ തീരെ നൽകാത്തതായിരുന്നു.

അതിനോടകം വിശാഖാ സ്റ്റീൽ പദ്ധതിക്കു വേണ്ടി 1700 കോടി രൂപ ചെലവഴിച്ചിരുന്നുവെങ്കിലും, രാജീവ് ഗാന്ധി സർക്കാർ അത് ഉപേക്ഷിക്കാൻ നീക്കം നടത്തി.2 എന്നാൽ ഇത്തരമൊരു തീരുമാനം പ്ലാന്റിനായി പോരാടുകയും അതിനായി ഭൂമി വിട്ടു നൽകുകയും ചെയ്ത ജനങ്ങളുടെ രോഷം ക്ഷണിച്ചുവരുത്തും എന്നറിയാവുന്നതിനാൽ സ്റ്റീൽ പ്ലാന്റിലെ സാമൂഹ്യപ്രതിബദ്ധതയുള്ള ചില ഉദ്യോഗസ്ഥർ ഒരു ബദൽ നിർദ്ദേശം മുന്നോട്ടുവച്ചു. ഒരു വിട്ടുവീഴ്ച എന്ന നിലയിൽ, സ്റ്റീൽ പ്ലാന്റിനെ ആദ്യം വിഭാവനം ചെയ്‌തതിനെ അപേക്ഷിച്ച് ഗണ്യമായി ചെറുതാക്കുക. പ്രതിവർഷം 34 ലക്ഷം ടൺ സ്റ്റീൽ ഉത്പാദിപ്പിക്കാൻ ശേഷിയുള്ള ബ്ലാസ്റ്റ് ഫർണസുകളും സ്റ്റീൽ മെൽറ്റ് ഷോപ്പും, ഐ-ബീമുകൾ അടക്കമുള്ള മൂല്യവർധിത ഉല്പന്നങ്ങൾ നിർമിക്കുന്ന നിരവധി ഉരുക്കു മില്ലുകൾ, സമീപത്തുള്ള ഗംഗാവരത്ത് പ്ലാന്റിന്റെ മാത്രം ഉപയോഗത്തിനായി ഒരു തുറമുഖം (ഇതിനെ ക്യാപ്റ്റിവ് പോർട്ട് എന്ന് വിളിക്കുന്നു), അന്നത്തെ മധ്യപ്രദേശത്തിലെ (ഇപ്പോൾ ഛത്തീസ്ഗഢിൽ) ബൈലാദിലയിൽ വിശാഖാ സ്റ്റീലിനു മാത്രം ഇരുമ്പയിര് എത്തിച്ചുകൊടുക്കാനുള്ള ഖനികൾ (ക്യാപ്റ്റിവ് മൈൻ) എന്നിവയൊക്കെ ഉൾപ്പെട്ടതായിരിക്കും വിശാഖാ സ്റ്റീൽ എന്നാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. ഇതിനു പകരം സർക്കാർ അനുവദിക്കാൻ തയാറായത് 30 ലക്ഷം ടൺ സ്റ്റീലിനു താഴെ ഉൽപ്പാദന ശേഷിയുള്ള, ആദ്യം പറഞ്ഞതിനെ അപേക്ഷിച്ച് കുറവ് ഉത്പന്നങ്ങൾ നിർമിക്കുന്ന, മുമ്പുള്ളതിൽ നിന്നും വളരെക്കുറവ് തൊഴിലാളികളെ മാത്രം ആവശ്യമുള്ള ഒരു പ്ലാന്റ് ആയിരുന്നു. ഈ പ്ലാന്റിനോടനുബന്ധിച്ച് ക്യാപ്റ്റിവ് തുറമുഖമോ ക്യാപ്റ്റിവ് ഖനികളോ ഉണ്ടാവുകയുമില്ല.

ഇതിനർത്ഥം സ്റ്റീൽ പ്ലാന്റിന് കാര്യക്ഷമമായി പ്രവർത്തിക്കാനാവശ്യമായ ശേഷി ഉണ്ടായിരിക്കില്ല എന്നായിരുന്നു. സ്വന്തമുപയോഗത്തിനുള്ള ഖനികൾ ഉണ്ടായിരുന്നെങ്കിൽ കൊടുക്കേണ്ടി വരുന്നതിനെക്കാൾ നാലുമുതൽ പത്തിരട്ടി വരെ അധികം വിലയ്‌ക്ക് ഇരുമ്പയിര് പൊതുവിപണിയിൽനിന്നും വാങ്ങേണ്ടി വരുമെന്നതിനാലും, അസംസ്‌കൃത വസ്തുക്കൾ കൊണ്ടുവരുന്നതിനും ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിനും ഭീമമായ ചരക്കുകൂലി നൽകേണ്ടിവരുമെന്നതിനാലും വലിയ സാമ്പത്തികപരാധീനതയും നേരിടേണ്ടി വരും. സ്റ്റീലിന്റെ മൊത്തം ഉത്പാദനച്ചെലവിന്റെ നാലിലൊന്നും ഇരുമ്പയിരിന്റെ വിലയാണ് എന്നിരിക്കെ, ക്യാപ്റ്റിവ് ഖനികൾ ഉണ്ടോ ഇല്ലയോ എന്നത് ഒരു ഉരുക്കുനിർമാണശാലയെ സംബന്ധിച്ച് അതിന്റെ നിലനില്പിനെത്തന്നെ ബാധിക്കുന്ന വിഷയമാണ്.

ഒരു സ്റ്റീൽ പ്ലാന്റ് എന്നത് പക്വത പ്രാപിക്കാൻ ദീർഘകാലമെടുക്കുന്ന പദ്ധതിയാണ്. അത് വിഭാവനം ചെയ്യാനും അത് യാഥാർഥ്യമാക്കാനും പിന്നീട് പ്രവർത്തനക്ഷമമാക്കാനും അതിലുപരി സാമ്പത്തികമായി ലാഭകരമാക്കാനും വർഷങ്ങളെടുക്കും. ഒരു വശത്ത്, ഉരുക്കിന്റെ വിപണി അതാതു സമയത്തെ നിക്ഷേപ കാലാവസ്ഥയെ ആശ്രയിച്ചാണിരിക്കുന്നത് എന്ന വസ്‌തുതയുണ്ട്. ഈ വിപണി ചാക്രികമായ മാറ്റങ്ങൾക്കും വിധേയമാണ്. മറുവശത്ത്, പലതരം ഫർണസുകളുടെ (ചൂളകൾ) പ്രവർത്തനം ഉൾപ്പെടുന്ന ഉരുക്കുനിർമാണം വിപണിയിലെ ഡിമാൻ‌ഡിനനുസരിച്ച് എളുപ്പത്തിൽ ക്രമീകരിക്കുക സാധ്യമല്ല എന്ന പ്രശ്‌നവുമുണ്ട്. അവയിലുപയോഗിക്കുന്ന നിർമാണവസ്തുക്കളുടെ പ്രത്യേകതകൾ മൂലം, വിപണിയിലെ ഡിമാൻഡിനനുസൃതമായി ഫർണസുകൾ തുടരെത്തുടരെ തണുപ്പിക്കുകയും വീണ്ടും ചൂടാക്കുകയും ചെയ്യുന്നത് അവയ്‌ക്ക് സാരമായ കേടുപാടുകൾക്ക് കാരണമാകുകയും, ഉത്പാദനത്തിലെ ഏറ്റക്കുറച്ചിലുകൾ മൂലമുണ്ടാകുന്ന ചെലവുകൾ വർധിക്കുകയും ചെയ്യും. തുടർച്ചയായ ഉത്പാദനം കൊണ്ടുമാത്രമേ ഇത്തരം ചെലവുകൾ ഒഴിവാക്കാൻ സാധിക്കുകയുള്ളു. ഒരു ബ്ലാസ്റ്റ് ഫർണസ് ഇരുമ്പയിരിൽ നിന്നും ഉരുക്കുണ്ടാക്കുന്ന ജോലിചെയ്യുമ്പോൾ അതിന്റെ ശേഷി പൂർണമായി ഉപയോഗിച്ചാലും ഇല്ലെങ്കിലും അതിനുവരുന്ന ചെലവിൽ കാര്യമായ വ്യത്യാസമൊന്നും ഉണ്ടാകില്ല. ഇത് നമ്മെക്കൊണ്ടെത്തിക്കുക വിചിത്രമായ ഒരു സാഹചര്യത്തിലാണ് —  വിപണിയിൽ കുതിപ്പുണ്ടാവുകയും സ്റ്റീൽ ഉത്പന്നങ്ങളുടെ വില കൂടുകയും ചെയ്യുമ്പോൾ ഉത്പാദനച്ചെലവ് (ടണ്ണടിസ്ഥാനത്തിൽ) കുറയും; വിപണിയിൽ ഡിമാൻഡ് കുറയുകയും ഉത്പന്നങ്ങളുടെ വിലയിടിയുകയും ചെയ്യുമ്പോൾ ഉത്പാദനച്ചെലവ് (ടണ്ണടിസ്ഥാനത്തിൽ) കൂടും. മിക്കവാറും ഘനവ്യവസായങ്ങളുടെ (ഹെവി ഇൻഡസ്ട്രി) കാര്യം ഇങ്ങനെതന്നെയാണെങ്കിലും ഉരുക്കുവ്യവസായത്തിന്റെ കാര്യത്തിൽ ഈ പ്രശ്‌നം കൂടുതൽ രൂക്ഷമാണ്.

ഇക്കാരണംകൊണ്ടാണ് സംയോജിത സ്റ്റീൽ പ്ലാന്റുകൾക്ക് — പൊതുമേഖലയിലായാലും സ്വകാര്യമേഖലയിലായാലും — അവയുടെ തുടക്കം മുതൽ ക്യാപ്റ്റിവ് ഖനികൾ അനുവദിക്കുക എന്ന നയം ഇന്ത്യൻ സർക്കാർ സ്വീകരിച്ചിരുന്നത്. ഇതുവഴി അവരവർക്ക് അനുവദിച്ച ഖനികളിൽ നിന്ന് ഇരുമ്പയിര് സ്വന്തമായി ഉത്പാദിപ്പിക്കാൻ സ്റ്റീൽ പ്ലാന്റുകൾക്ക് കഴിയുമായിരുന്നു. സമ്പന്നമായ ഇന്ത്യൻ ഖനികളിൽ നിന്ന് ഉത്പാദനച്ചെലവു മാത്രം വഹിച്ചുകൊണ്ട് ഉയർന്ന നിലവാരമുള്ള ഇരുമ്പയിര്  കൊണ്ടുവരാൻ കഴിയുന്നത് ഈ പ്ലാന്റുകളുടെ ലാഭത്തിന്റെ മാർജിൻ സംരക്ഷിക്കുകയും പ്രവചനാതീതമായ വിപണിസാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വിപണിയിലെ എതിരാളികൾക്ക് സ്വന്തമായി ഖനികൾ ഉണ്ടായിരിക്കെ ഇത്രമേൽ നിർണായകമായ ക്യാപ്റ്റിവ് ഖനി സൗകര്യം നിഷേധിക്കപ്പെട്ട വിശാഖാ സ്റ്റീലിന് പൊതുവിപണിയിലെ വിലകൂടിയ ഇരുമ്പയിരിനെ ആശ്രയിക്കേണ്ടി വന്നു. അങ്ങനെ പൊതുമേഖലയ്‌ക്കെതിരായ നവലിബറലിസത്തിന്റെ ആക്രമണത്തിന്റെ മുറിവുകൾ വഹിക്കേണ്ടിവന്ന ആദ്യത്തെ കമ്പനിയായി വിശാഖാ സ്റ്റീൽ മാറി.

കൂടാതെ, സർക്കാർ ഫണ്ട് നൽകുന്നത് വൈകിപ്പിച്ചതു മൂലം പ്ലാന്റിന്റെ പൂർത്തീകരണത്തിനാവശ്യമായ സമയവും ചെലവും കണക്കുകൂട്ടലുകളെ മറികടന്നു വർദ്ധിച്ചു. മതിയായ ഫണ്ട് ലഭ്യമാക്കാൻ സർക്കാർ വിസമ്മതിച്ചതുമൂലം നിർമാണം ഒരു പതിറ്റാണ്ടിലേറെ ഇഴഞ്ഞുനീങ്ങി. ഇക്കാരണം കൊണ്ട്, പൂർണമായും സർക്കാർ ചെലവിൽ നിർമിക്കപ്പെട്ട മറ്റെല്ലാ പൊതുമേഖലാ സ്റ്റീൽ പ്ലാന്റുകളിൽ നിന്നും വ്യത്യസ്തമായി, വിശാഖാ സ്റ്റീലിന് വൻതുകകൾ കടം വാങ്ങേണ്ടി വന്നു. തത്ഫലമായി, 1992-ൽ കമ്മിഷൻ ചെയ്യപ്പെടുമ്പോൾ വിശാഖാ സ്റ്റീലിന് ഒരു ഭീമൻ തുക — 3700 കോടി രൂപ — കടമായിട്ടുണ്ടായിരുന്നു.3

അപ്പോഴേയ്‌ക്കും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധി നേരിടുകയായിരുന്നു. അന്താരാഷ്‌ട്ര നാണയ നിധിയുടെയും ലോക ബാങ്കിന്റെയും മാർഗനിർദേശമനുസരിച്ച് രാജ്യത്ത് നവലിബറൽ ആഗോളവൽക്കരണ നടപടികൾ സോത്സാഹം മുന്നേറിക്കൊണ്ടിരുന്നു. ഇന്ത്യൻ ധനകാര്യ മേഖലയിലുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞു തുടങ്ങിയതിനാൽ 1990-കളിലുടനീളം പലിശ നിരക്ക് കുത്തനെ ഉയർന്നു. 1990-കളിൽ വിദേശത്തും സ്വദേശത്തും നിലനിന്ന പ്രതികൂല സാമ്പത്തിക സാഹചര്യങ്ങൾ നിമിത്തം വിശാഖാ സ്റ്റീലിന്റെ പ്രവർത്തന ലാഭം തുടക്കം മുതൽ തന്നെ കുറവായിരുന്നു. കടം തിരിച്ചടയ്‌ക്കാനുള്ള ഭീമമായ ചെലവ് ലാഭത്തുക പിന്നെയും കരണ്ടുതിന്നുകൊണ്ടിരുന്നു.

പ്ലാന്റ് പ്രവർത്തനക്ഷമമായപ്പോൾ, അവിടുത്തെ ബ്ലാസ്റ്റ് ഫർണസിന്‌ പ്രതിവർഷം 34 ലക്ഷം ടൺ അസംസ്‌കൃത ഇരുമ്പ് (crude iron) ഉത്പാദിപ്പിക്കാനുള്ള ശേഷിയുണ്ടായിരുന്നെങ്കിലും, ഈ അസംസ്‌കൃത ഇരുമ്പ് സംസ്‌കരിച്ച് ഉരുക്കാക്കി മാറ്റുന്ന സ്റ്റീൽ മെൽറ്റ് ഷോപ്പിന്റെ ഉത്പാദനശേഷി ഗണ്യമായ തോതിൽ കുറവായിരുന്നു. തത്ഫലമായി, ബ്ലാസ്റ്റ് ഫർണസിൽ നിന്ന് ലഭിക്കുന്ന അസംസ്‌കൃത ഇരുമ്പിൻറെ ഗണ്യമായ പങ്കും ഉരുക്കാക്കി മാറ്റാതെ തന്നെ വിൽക്കാൻ പ്ലാന്റ് നിർബന്ധിതമായി. അസംസ്‌കൃത ഇരുമ്പ് വിൽക്കുമ്പോഴുണ്ടാകുന്ന ലാഭം സ്റ്റീൽ വിറ്റുകിട്ടുന്ന ലാഭത്തെക്കാൾ വളരെക്കുുറവായിരുന്നതിനാൽ, സ്റ്റീൽ മെൽറ്റ് ഷോപ്പിനു മതിയായ ഉത്പാദനശേഷിയില്ലാത്തത് പ്ലാന്റിന്റെ സാമ്പത്തികഭദ്രതയ്‌ക്ക് ഗുരുതരമായ തടസ്സമായിരുന്നു.

സ്വന്തം ഉപയോഗത്തിനുള്ള ക്യാപ്റ്റിവ് ഖനികളുടെ അഭാവവും സ്റ്റീൽ മെൽറ്റ് ഷോപ്പിന്റെ ശേഷിക്കുറവും ചേർന്ന് ലാഭത്തിന്റെ മാർജിൻ ഞെരുക്കിയിട്ടുപോലും, രാജ്യത്ത് ടണ്ണടിസ്ഥാനത്തിലുള്ള ഉത്പാദനച്ചെലവ് ഏറ്റവും കുറച്ച് ഉരുക്ക് നിർമിച്ചിരുന്നത് വിശാഖാ സ്റ്റീൽ ആയിരുന്നു. ഉത്പാദനപ്രക്രിയകൾ മെച്ചപ്പെടുത്തുന്നതിനും ഉത്പാദനം വർദ്ധിപ്പിക്കാനും ചെലവ് കുറയ്‌ക്കാനുമുള്ള വഴികൾ കണ്ടെത്തുന്നതിനും അവിടുത്തെ തൊഴിലാളികളും എഞ്ചിനിയർമാരും കാട്ടിയ പ്രതിബദ്ധതയും അവരുടെ അശ്രാന്തപരിശ്രമവുമാണ് ഇത് സാധ്യമാകാനുള്ള പ്രധാന കാരണം. ഉയർന്ന ഉത്പാദനക്ഷമതയുള്ള തൊഴിലാളികൾ ഉണ്ടായിരുന്നിട്ടും, തുടക്കത്തിൽ തന്നെ വലിയ കടബാധ്യതയിൽ കുടുങ്ങിപ്പോയിരുന്ന വിശാഖാ സ്റ്റീൽ പ്ലാന്റിന് ഉത്പാദനച്ചെലവായ ഓരോ നൂറുരൂപയ്‌ക്കൊപ്പവും പലിശയുൾപ്പെടെയുള്ള കടം തിരിച്ചടവിനായി കുറഞ്ഞത് അറുപത് രൂപയെങ്കിലും ചേർക്കേണ്ട അവസ്ഥയായിരുന്നു. തത്ഫലമായി, പ്രവർത്തനമാരംഭിച്ച ആദ്യ വർഷത്തിൽ തന്നെ വിശാഖാ സ്റ്റീൽ പ്ലാന്റ് 560 കോടി രൂപയുടെ നഷ്ടം രേഖപ്പെടുത്തി.4 ആദ്യ ദശകത്തിലുടനീളം അറ്റ നഷ്ടം (net losses) കുമിഞ്ഞുകൂടിക്കൊണ്ടിരുന്നു.

 

ആദ്യകാല വിജയങ്ങൾ

 

സ്റ്റീൽ പ്ലാന്റിനു ജന്മംനൽകിയ ജനകീയ സമരവും വിശാഖപട്ടണത്തെ തൊഴിലാളിപ്രസ്ഥാനത്തിനുള്ളിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ശക്തമായ സാന്നിധ്യവും നിമിത്തം വിശാഖാ സ്റ്റീലിലെ തൊഴിലാളികൾ തുടക്കം മുതലേ വളരെ സമരോത്സുകരായിരുന്നു. തൊഴിലാളികൾ എന്ന നിലയിലുള്ള തങ്ങളുടെ അവകാശങ്ങൾക്കായുള്ള പോരാട്ടങ്ങൾ വിശാലമായ ജനകീയ പ്രസ്ഥാനങ്ങളോട് ബന്ധിപ്പിക്കുകയും, തങ്ങളുടെ വ്യവസായത്തിനും രാജ്യത്തിന്റെ മൊത്തം സാമ്പത്തിക സ്വാതന്ത്ര്യത്തിനും വികസനത്തിനുമുള്ള ഒരു ബദൽ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ അടിയുറച്ചതാണ് ഈ പോരാട്ടങ്ങൾ എന്ന് ഉറപ്പുവരുത്തുകയും ചെയ്‌തില്ലെങ്കിൽ ഈ അവകാശസമരങ്ങൾ തുടർന്നുകൊണ്ടുപോകാൻ കഴിയില്ലെന്ന് അവർ വളരെ നേരത്തെ തന്നെ തിരിച്ചറിഞ്ഞിരുന്നു. വിശാഖാ സ്റ്റീലിനെ ദുർബലപ്പെടുത്താനും അട്ടിമറിക്കാനും സ്വകാര്യവൽക്കരിക്കാനുമുള്ള എല്ലാ ശ്രമങ്ങൾക്കും എതിരെയുള്ള അവരുടെ പോരാട്ടങ്ങൾക്കെല്ലാം അടിസ്ഥാനമായി മാറിയത് ഈ കാഴ്‌ചപ്പാടാണ്.

ആദ്യ വർഷങ്ങളിൽ, ഇടതുപക്ഷ തൊഴിലാളി സംഘടനയായ സെന്റർ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻസിന്റെ (സിഐടിയു) നേതൃത്വത്തിൽ തൊഴിലാളികൾ തുടർച്ചയായ പ്രക്ഷോഭങ്ങൾ നടത്തി. പ്ലാന്റുമായി ബന്ധപ്പെട്ട മൂന്ന് ആവശ്യങ്ങൾക്കു വേണ്ടിയായിരുന്നു ഈ സമരങ്ങൾ:

1. പ്ലാന്റിന്റെ കടബാധ്യതകൾ സർക്കാർ പുനഃക്രമീകരിക്കുകയും അവയെ സർക്കാർ ഓഹരിയാക്കി (state equity) മാറ്റുകയും ചെയ്യുക.

2. പ്ലാന്റിന്റെ മാത്രം ഉപയോഗത്തിനായി സർക്കാർ ഇരുമ്പയിർ ഖനികൾ (ക്യാപ്റ്റിവ് ഖനികൾ) അനുവദിക്കുക.

3. സ്റ്റീൽ മെൽറ്റ് ഷോപ്പിന്റെ ഉത്പാദനശേഷി ബ്ലാസ്റ്റ് ഫർണസിന്റെ ഉത്പാദനശേഷിയോടൊപ്പം ഉയർത്താൻ സർക്കാർ അനുവാദം നൽകുക.

ഇതിൽ ആദ്യത്തെ നടപടി പ്ലാന്റിന്റെ പലിശഭാരം കുറയ്‌ക്കും. അടുത്ത രണ്ടെണ്ണമാകട്ടെ, വിശാഖാ സ്റ്റീലിന്റെ ലാഭത്തിന്റെ മാർജിൻ വളരെയധികം വർദ്ധിപ്പിക്കുകയും, അതിനെ ലാഭകരവും ജീവനക്ഷമവുമായ ഒരു സ്ഥാപനമാക്കുകയും ചെയ്യും.

എന്നാൽ, തൊഴിലാളികൾ ഉയർത്തിയ പുതിയതായി ഒരു സ്റ്റീൽ മെൽറ്റ് ഷോപ്പ് എന്ന ആവശ്യം അട്ടിമറിച്ചുകൊണ്ട്, വിശാഖാ സ്റ്റീൽ പ്ലാന്റ് ക്രമേണ സ്വകാര്യവൽക്കരിക്കാനുള്ള ഒരവസരമാക്കി ഇതിനെ മാറ്റാനാണ് സർക്കാർ തുനിഞ്ഞത്. വിശാഖാ സ്റ്റീലിന്റെ ഭൂമിയിൽ പ്രതിവർഷം 15 ലക്ഷം ടൺ ഉത്പാദനശേഷിയുള്ള ഒരു സ്റ്റീൽ മെൽറ്റ് ഷോപ്പ് സ്ഥാപിക്കാൻ ഒരു സ്വകാര്യ കമ്പനിയെ അനുവദിച്ചു കൊണ്ട് സർക്കാർ 1994-ൽ ആ കമ്പനിയുമായി ഒരു ധാരണാപത്രം ഒപ്പുവച്ചു. വിശാഖാ സ്റ്റീലിന്റെ ബ്ലാസ്റ്റ് ഫർണസുകളിൽ നിന്നുള്ള ഉരുകിയ ഇരുമ്പ് (molten iron) നേരിട്ട് സ്വകാര്യ കമ്പനിയുടെ സ്റ്റീൽ മെൽറ്റ് ഷോപ്പിലേയ്‌ക്ക് എത്തിച്ച്, അവിടെ നിർമ്മിക്കുന്ന സംസ്‌കരിച്ച ഉരുക്ക് വലിയ മാർജിൻ ലാഭത്തിൽ വിപണിയിൽ വിൽക്കാൻ അവരെ അനുവദിക്കുക — ഇതായിരുന്നു പദ്ധതി. അതായത്, ഇരുമ്പയിര് കൈകാര്യം ചെയ്യൽ, സിന്റർ പ്ലാന്റുകൾ, കോക്ക് ഓവനുകൾ, എയർ സെപ്പറേഷൻ പ്ലാന്റുകൾ, താപ വൈദ്യുതി നിലയം, ബ്ലാസ്റ്റ് ഫർണസുകൾ തുടങ്ങിയ സങ്കീർണ്ണവും അപകടകരവുമായ ഘടകങ്ങൾ പ്രവർത്തിപ്പിക്കുന്നത് വിശാഖാ സ്റ്റീൽ പ്ലാന്റിന്റെ ഉത്തരവാദിത്വമായി തുടരുമ്പോഴും അവർക്ക് അസംസ്‌കൃത ഇരുമ്പ് വിറ്റുകിട്ടുമ്പോഴുള്ള കുറഞ്ഞ വില മാത്രം ലഭിക്കുന്നു. താരതമ്യേന കുറഞ്ഞ നിക്ഷേപം ആവശ്യമുള്ളതും ഉത്പാദനത്തിൽ ഏറ്റവുമധികം ലാഭം ലഭിക്കുന്നതുമായ ഉരുക്കുത്പാദനം എന്ന ഭാഗം സ്വകാര്യ കമ്പനിക്ക് തീറെഴുതപ്പെടുന്നു. ഇത് പകൽകൊള്ളയല്ലാതെ മറ്റൊന്നുമായിരുന്നില്ല — സ്വകാര്യ കമ്പനിയുടെ ലാഭം വർധിപ്പിക്കാനായി വിശാഖാ സ്റ്റീലിന്റെ ജീവരക്തം ഊറ്റിയെടുക്കാനുള്ള നഗ്നമായ ശ്രമം.

ഇതിനു മറുപടിയായി സിഐടിയു ഒരു വലിയ ശിൽപശാല സംഘടിപ്പിച്ചു. തൊഴിലാളികളെയും ട്രേഡ് യൂണിയൻ പ്രവർത്തകരെയും സ്റ്റീൽ പ്ലാന്റിലെ ഉദ്യോഗസ്ഥരെയും വരെ ഈ ശിൽ‌പശാലയിൽ പങ്കെടുപ്പിക്കുകയും കമ്പനിപ്രവർത്തനങ്ങളെ സ്വകാര്യവൽക്കരിക്കുന്നതിനുള്ള പിൻവാതിൽ ശ്രമങ്ങൾക്കെതിരെ പോരാടാൻ അവരോട് ആഹ്വാനം ചെയ്യുകയും ചെയ്തു. വിശാഖാ സ്റ്റീലിനു മേൽ സ്വകാര്യ താത്പര്യങ്ങൾ നടത്തുന്ന കടന്നുകയറ്റം തടയാൻ തൊഴിലാളികൾ ഫാക്‌ടറിക്കുള്ളിൽ കുത്തിയിരിപ്പ് സമരം നടത്തി. ഒടുവിൽ, 1997-ൽ മേൽപ്പറഞ്ഞ പദ്ധതികൾ ഉപേക്ഷിക്കാനും സ്വന്തം നിലയ്‌ക്ക് സ്റ്റീൽ മെൽറ്റ് ഷോപ്പുകൾ സ്ഥാപിക്കാൻ വിശാഖാ സ്റ്റീലിനെ അനുവദിക്കാനും സർക്കാർ നിർബന്ധിതമായി.

ഒരഗ്നിപരീക്ഷയും നിർണായകമായ ജയവും

 

വിശാഖാ സ്റ്റീൽ പ്ലാന്റ് നേരിട്ടിരുന്ന നിരവധി പ്രതികൂലാവസ്ഥകൾ കാരണം, 1999 ആയപ്പോഴേയ്‌ക്കും അതിന്റെ നഷ്‌ടം പെരുകി ഏതാണ്ട് 4,600 കോടി രൂപയായി. തങ്ങളുടെ സ്വകാര്യവൽക്കരണ അജണ്ട മുന്നോട്ടുകൊണ്ടുപോകാൻ ഇത് സർക്കാരിന് സൗകര്യപ്രദമായ ഒരു കാരണമായി.5 വിശാഖാ സ്റ്റീലിന്റെ പ്രവർത്തനങ്ങൾക്ക് തുരങ്കം വയ്‌ക്കാൻ സർക്കാർ എടുത്ത നടപടികൾ തന്നെയാണ് ഈ സാമ്പത്തികപ്രതിസന്ധിക്ക് കാരണമായത് എന്ന വസ്തുത അവഗണിച്ചുകൊണ്ട്, പ്ലാന്റിന്റെ സ്വകാര്യവൽക്കരണത്തിന് കളമൊരുക്കാൻ മാധ്യമങ്ങളും കുപ്രചരണങ്ങൾ അഴിച്ചുവിട്ടു. കാര്യങ്ങൾ തങ്ങൾ തെളിച്ചവഴിയേ പോകുന്നു എന്നു കണക്കാക്കിയ  ഭാരതീയ ജനതാ പാർട്ടിയുടെ (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ വിശാഖാ സ്റ്റീൽ പ്ലാന്റ് വിലയ്‌ക്കുവാങ്ങാൻ താൽപര്യമുള്ള ഇന്ത്യൻ, വിദേശ കമ്പനികളെ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. വിൽപ്പന ആകർഷകമാക്കാനായി സ്റ്റീൽ പ്ലാന്റിന്റെ വായ്പകൾ ഇളവ് ചെയ്തുകൊണ്ട് അതിന്റെ ബാലൻസ് ഷീറ്റ് ക്ലിയർ ചെയ്‌തു കൊടുക്കാമെന്നുപോലും വാഗ്ദാനം ചെയ്തു. വർഷങ്ങളായി വായ്പകൾ പുനഃക്രമീകരിക്കാനോ പലിശനിരക്ക് കുറയ്‌ക്കാനോ വിസമ്മതിച്ചുകൊണ്ടിരുന്ന  സർക്കാർ ഇപ്പോൾ വിശാഖാ സ്റ്റീലിനെ സ്വകാര്യ, വിദേശ കമ്പനികൾക്ക് വിൽക്കാനുള്ള സൗകര്യത്തിനുവേണ്ടി മുഴുവൻ വായ്‌പയും എഴുതിത്തള്ളാൻ തയ്യാറായി എന്നത് തൊഴിലാളികളെ ക്ഷുഭിതരാക്കി. അവർ വിൽപ്പനനീക്കത്തെ ശക്തമായി എതിർത്തു.

ഇതിനിടെ തൊഴിലാളികളെ ഭിന്നിപ്പിക്കാനായി, സർക്കാരിന്റെ മാർഗനിർദ്ദേശപ്രകാരം മാനേജ്മെന്റിലെ ചിലർ, ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായശൃംഖലയായ ടാറ്റാ ഗ്രൂപ്പ് പോലെയുള്ള ഒരു ‘നല്ല കമ്പനി’യാണ് വിശാഖാ സ്റ്റീൽ വാങ്ങുന്നതെങ്കിൽ അവരുടെ ഭാവി സുരക്ഷിതമായിരിക്കും എന്ന് തൊഴിലാളികളെ ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളുമായി മുന്നിട്ടിറങ്ങി. ഈ പ്രചാരണം തൊഴിലാളികളിലും ട്രേഡ് യൂണിയനുകളിലും ഒരു വലിയവിഭാഗത്തെ സ്വാധീനിച്ചു. എന്നാൽ സിഐടിയു അംഗങ്ങളായ തൊഴിലാളികളും പ്രവർത്തകരും ഇതിനെതിരെ രംഗത്തിറങ്ങി. സ്റ്റീൽ പ്ലാന്റിലെ ഓരോ ഷോപ്പ് ഫ്ലോറും സന്ദർശിച്ചും, യോഗങ്ങൾ നടത്തിയും ആഴ്ചകളോളം നീണ്ടുനിന്ന പ്രചാരണത്തിന്റെ ഭാഗമായി അവർ തൊഴിലാളികളോട് സംവദിച്ചു. സ്വകാര്യ കമ്പനികൾ — അവ ‘നല്ലത്’ ആയാലും ‘മോശം’ ആയാലും — എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നത് പെട്ടെന്ന് ലാഭമുണ്ടാക്കുന്നതിലാണെന്നും, രാജ്യത്തിന്റെയോ ജനങ്ങളുടെയോ തൊഴിലാളികളുടെയോ താല്പര്യങ്ങളല്ലെന്നും അവർ വാദിച്ചു. തൊഴിലാളികളെന്ന നിലയിലുള്ള തങ്ങളുടെ തന്നെ താല്പര്യങ്ങൾക്ക് വിരുദ്ധമായി സ്വകാര്യവൽക്കരണത്തോട് അവരെ സമരസപ്പെടുത്തുന്നതിനും പ്ലാന്റിനായി പോരാടിയ സംസ്ഥാനത്തെ ജനങ്ങളുടെ താത്പര്യങ്ങളെ ഒറ്റിക്കൊടുക്കാൻ അവരെ പ്രേരിപ്പിക്കുന്നതിനുമുള്ള ഉപായം മാത്രമാണ് ഈ ‘നല്ല മുതലാളി’ വാദം എന്ന് മറ്റു തൊഴിലാളികളെ ബോധ്യപ്പെടുത്താൻ സിഐടിയു പ്രവർത്തകർക്കു സാധിച്ചു.

തൊഴിലാളികൾ ഒത്തൊരുമിച്ചതോടെ, പ്ലാന്റിന്റെ വിൽപ്പനയ്‌ക്കെതിരെ ദ്രുതഗതിയിൽ ഒരു മുന്നേറ്റത്തിന് രൂപംകൊടുത്ത് രണ്ടായിരാമാണ്ടിന്റെ തുടക്കത്തിൽ അവർ തെരുവിലിറങ്ങി. നഗരത്തിലെ ജനങ്ങളുടെ പിന്തുണയോടെ ബന്ദ് നടത്തി. പ്രദേശത്തെ വിദ്യാർത്ഥികളുടെയും യുവാക്കളുടെയും സ്ത്രീകളുടെയും പ്രസ്ഥാനങ്ങൾ തൊഴിലാളികൾക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധങ്ങളും നിരാഹാരസമരങ്ങളും സംഘടിപ്പിച്ചു. പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ പാട്ടി ശേഷയ്യയും ബൈരാഗി നായിഡുവും അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചു. സർക്കാർ അതിനു നേരെ കണ്ണടച്ചപ്പോൾ അവർ കഴുത്തിൽ കല്ലുകെട്ടി കടലിലേയ്‌ക്ക് മാർച്ച് ചെയ്‌തു. ആയിരക്കണക്കിന് തൊഴിലാളികളും പൊതുജനങ്ങളും അവരോടൊപ്പം മാർച്ച് ചെയ്‌തു. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും തൊഴിലാളികളെയും സ്വാതന്ത്ര്യസമര സേനാനികളെയും അറസ്റ്റ് ചെയ്യുകയും ചെയ്‌തിട്ടും അവർ പിൻവാങ്ങാൻ തയാറായില്ല. വിവിധ രൂപങ്ങളിലുള്ള പ്രതിഷേധങ്ങൾ തുടർന്നു. ഓരോ ചുവടിലും കൂടുതൽ ജനങ്ങൾ അവർക്കൊപ്പം ചേർന്നുകൊണ്ടിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്‌തിട്ടു പോലും സമരത്തിന്റെ തീവ്രത നിയന്ത്രിക്കാൻ പൊലീസിന് കഴിഞ്ഞില്ല. അത്രയ്‌ക്ക് വ്യാപകവും നിരന്തരവുമായിരുന്നു പ്രതിഷേധസമരങ്ങൾ. സംസ്ഥാന മുഖ്യമന്ത്രി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി നഗരത്തിലെത്തിയപ്പോൾ തൊഴിലാളികൾ നഗരത്തിലെ റോഡുകൾ ഉപരോധിച്ചു. തൊഴിലാളികളെ കാണേണ്ടി വരുന്നത് ഒഴിവാക്കാനായി മുഖ്യമന്ത്രി പൊതുയോഗ വേദിയിൽ എത്തിയത് ഹെലികോപ്റ്ററിലാണ്. എന്നാൽ അവിടെയും അദ്ദേഹത്തിന് പ്രതിഷേധിക്കുന്ന തൊഴിലാളികളെ അഭിമുഖീകരിക്കേണ്ടി വന്നു.

മുഖ്യമന്ത്രിയുടെ കോപമടക്കാനുള്ള സംസ്ഥാന ഭരണകൂടത്തിന്റെ വെപ്രാളം കലാശിച്ചത് യോഗസ്ഥലത്തെത്തിയ തൊഴിലാളികൾക്കും പൊതുജനങ്ങൾക്കുമെതിരെയുള്ള ഭീകരമായ പൊലീസ് അതിക്രമത്തിലാണ്. ഗുരുതരമായ രക്തസ്രാവം മുതൽ തലയോട്ടിക്ക് പൊട്ടലും കൈകാലുകൾക്ക് ഒടിവും വരെയുള്ള പരിക്കുകളാണ് അവിടെ കൂടിയവരുടെ മേൽ പൊലീസുകാർ അവശേഷിപ്പിച്ചത്. നിരാഹാരസമരം നടത്തുന്നവരെപ്പോലും വെറുതെവിടാതെ ക്രൂരമായി തല്ലിച്ചതച്ച് പൊലീസ് അഴിഞ്ഞാടി.

ഈ പൊലീസ് അക്രമം വിശാഖാ സ്റ്റീൽ വിഷയം കൂടുതൽ ജനശ്രദ്ധയാകർഷിക്കാൻ ഇടയാക്കി. ആന്ധ്ര പ്രദേശിലെ ജനങ്ങൾ വർദ്ധിതമായ വീര്യത്തോടെ സ്റ്റീൽ പ്ലാന്റ് തൊഴിലാളികൾക്കു പിന്നിൽ അണിനിരന്നു. ഇതിന്റെ ഫലമായി, സംസ്ഥാനത്ത് അധികാരത്തിലിരുന്ന തെലുങ്കുദേശം പാർട്ടിയെയും (ടിഡിപി) കേന്ദ്രത്തിൽ അവരുടെ സഖ്യകക്ഷിയായിരുന്ന ബിജെപിയെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്‌ക്കുള്ള തെരഞ്ഞെടുപ്പിൽ ജനം കയ്യൊഴിഞ്ഞു. ജനങ്ങളുടെ രോഷത്തിൽ നിന്ന് പാഠം പഠിച്ച ടിഡിപി, അതുവരെ അവർ സ്വകാര്യവൽക്കരണത്തിന് അനുകൂലമായി എടുത്തിരുന്ന നിലപാട് തിരുത്തി. ജനരോഷവും ഫാക്‌ടറിയിൽ കുത്തിയിരിപ്പ് സമരങ്ങളുൾപ്പെടെയുള്ള പ്രതിഷേധങ്ങൾ നടത്തുന്ന തൊഴിലാളികളുടെ ചെറുത്തുനിൽപ്പിനെയും നേരിടേണ്ടിവരുമെന്ന് മനസ്സിലാക്കിയതോടെ, സ്റ്റീൽ പ്ലാന്റ് ഏറ്റെടുക്കാൻ ശ്രമിച്ചുകൊണ്ടിരുന്ന വൻകിട സ്വകാര്യ കോർപ്പറേഷനുകൾ അത്തരം ഉദ്യമങ്ങളിൽ അയവുവരുത്തി. ഈ സംഭവവികാസങ്ങൾ, ടിഡിപിയുടെ പിന്തുണയെ ആശ്രയിച്ച് അധികാരത്തിലിരുന്ന ബിജെപി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാരിനെ തൊഴിലാളികളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ നിർബന്ധിതമാക്കി. ഒടുവിൽ, പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ പ്ലാന്റ് വിൽക്കാനുള്ള നീക്കം പിൻവലിക്കുകയും മൂലധന പുനഃക്രമീകരണത്തിന് സമ്മതിക്കുകയും ചെയ്‌തതോടെ തൊഴിലാളികൾ സുപ്രധാനമായ ഒരു വിജയം കരസ്ഥമാക്കി.

 

ഫലവത്തായ ഒരു ദശകം

 

കഠിനമായ പോരാട്ടങ്ങളുടെ ഫലമായി 2000-ൽ തൊഴിലാളികൾ നേടിയ വിജയത്തെത്തുടർന്നുള്ള ദശകത്തിൽ സ്വകാര്യവൽക്കരണത്തെ നിരന്തരം ചെറുക്കേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് പ്ലാന്റ് താരതമ്യേന സ്വതന്ത്രമായി. അതോടൊപ്പം, 2004 മുതൽ 2009 വരെ പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് ഉണ്ടായിരുന്ന ശക്തമായ പ്രാതിനിധ്യം പൊതുമേഖലാ വ്യവസായങ്ങൾക്ക് സ്വകാര്യവൽക്കരണത്തിനെതിരായ ഒരു കവചം നൽകി. കോൺഗ്രസ് നയിച്ചിരുന്ന ഐക്യ പുരോഗമന സഖ്യത്തിന് (യുണൈറ്റഡ് പ്രോഗ്രസീവ് അലയൻസ്; യുപിഎ) 2004-ലെ തെരഞ്ഞെടുപ്പിനു ശേഷം സർക്കാർ രൂപീകരിക്കാനും സർക്കാരിനെ നിലനിർത്താനും ഇടതുപക്ഷത്തിന്റെ പിന്തുണ ആവശ്യമായിരുന്നതിനാൽ അവർ സ്വകാര്യവൽക്കരണ നീക്കങ്ങൾ ഒഴിവാക്കി.

സ്വകാര്യവൽക്കരണത്തിനായുള്ള രണ്ടു ശ്രമങ്ങളും പരാജയപ്പെടുത്തിയ വിശാഖാ സ്റ്റീൽ ആഗോളതലത്തിൽ ഉരുക്കിന്റെ ഡിമാൻഡ് ഉയർന്നതോടെ ലാഭത്തിന്റെ മാർജിനും ജീവനക്ഷമതയും വർദ്ധിപ്പിച്ചു. സ്വന്തം നിലയ്‌ക്ക് സ്റ്റീൽ മെൽറ്റ് ഷോപ്പിന്റെ ശേഷി വർധിപ്പിക്കാൻ നടത്തിയ നീക്കം ഫലം കണ്ടു. ആഗോള സാമ്പത്തിക വളർച്ചയുടെ പശ്ചാത്തലത്തിൽ സ്റ്റീലിനുള്ള ആവശ്യം കൂടിയതോടെ വിശാഖാ സ്റ്റീൽ നിർമിക്കുന്ന ഉന്നത ഗുണനിലവാരമുള്ള ഉരുക്കിനുള്ള ഡിമാൻഡും ഉയർന്നു. പ്ലാന്റ് ഗണ്യമായ ലാഭം നേടുകയും വായ്പകൾ അടച്ചുതീർക്കുകയും ചെയ്യുക മാത്രമല്ല, 2004-ഓടെ, പ്ലാന്റ് വിപുലീകരണത്തിനാവശ്യമായ മിച്ചം സ്വരൂപിക്കുകയും ചെയ്‌തു.

പ്ലാന്റ് വികസിപ്പിക്കാൻ അനുമതി നൽകണമെന്ന് സ്റ്റീൽ പ്ലാന്റ് തൊഴിലാളികൾ സർക്കാരിനോട് ആവശ്യപ്പെട്ടു. എന്നാൽ കോർപ്പറേറ്റ് ലോബിയുടെ സമ്മർദ്ദത്തിനു വഴങ്ങിയ യുപിഎ സർക്കാർ അതിനുള്ള അനുമതി തുടർച്ചയായി വൈകിപ്പിച്ചു. ഒടുവിൽ ഇടതുപാർട്ടികളുടെ സമ്മർദ്ദം മൂലം വിപുലീകരണത്തിന് അനുമതി നൽകാൻ 2006-ൽ സർക്കാർ നിർബന്ധിതമായി. തുടർന്നുള്ള വർഷങ്ങളിൽ, സ്വന്തം ലാഭവും ബാങ്ക് വായ്പകളും ഉപയോഗിച്ച് വിശാഖാ സ്റ്റീൽ അതിന്റെ ഉത്പാദന ശേഷി 2006-ൽ പ്രതിവർഷം 34 ലക്ഷം ടൺ സ്റ്റീൽ ആയിരുന്നത് 2015-ഓടെ പ്രതിവർഷം 63 ലക്ഷം ടണ്ണായി ഉയർത്തി.6

ഈ സാഹചര്യത്തിൽ സവിശേഷശ്രദ്ധ അർഹിക്കുന്ന മറ്റൊരു വസ്തുതയുണ്ട്. വിശാഖാ സ്റ്റീലിലെ തൊഴിലാളികൾ സ്വകാര്യവൽക്കരണത്തിനെതിരെ പോരാടുക മാത്രമല്ല ചെയ്തിട്ടുള്ളത്. സാങ്കേതികമായി കാര്യക്ഷമവും സാമ്പത്തികമായി ലാഭകരവുമായ ഒരു പ്ലാന്റ് എന്ന നിലയിലേയ്‌ക്ക് കമ്പനിയെ വളർത്തുന്നതിന് തീർത്തും പ്രതിജ്ഞാബദ്ധരാണ് അവർ എന്നതാണത്. പ്ലാന്റിന്റെ വികസനത്തിനു വേണ്ടി അവർ നടത്തിയ സമരങ്ങളും, ക്യാപ്റ്റിവ് ഖനികൾ നേടിയെടുക്കാൻ അവർ നടത്തിയ പ്രയത്നവും, സാങ്കേതികത്തകരാറുകളും മറ്റു പ്രശ്‌നങ്ങളും പരിഹരിക്കാൻ അവർ നടത്തിയിട്ടുള്ള ശ്രമങ്ങളും ഈ പ്രതിബദ്ധതയ്‌ക്ക് നിദർശനമാണ്. പ്ലാന്റിൽ സാങ്കേതികത്തകരാറുകൾ ഉണ്ടാകുമ്പോഴെല്ലാം — അവ കോക്ക് ഓവനുകളിലായാലും വൈദ്യുത നിലയങ്ങളിലായാലും സ്റ്റീൽ മെൽറ്റ് ഷോപ്പിലോ മറ്റെവിടെയെങ്കിലുമോ ആയാലും — തൊഴിലാളികളും ട്രേഡ് യൂണിയനുകളും സമഗ്രമായ പഠനവും വിശകലനവും നടത്തുകയും മതിയായ പരിഹാരങ്ങൾ കണ്ടെത്തി നടപ്പിലാക്കുകയും ചെയ്തിട്ടുണ്ട്.

 

പുതിയൊരു ഭീഷണി

മൂന്നു സ്വകാര്യവൽക്കരണ തന്ത്രങ്ങൾ

ഇടതുപക്ഷം ഒന്നാം യുപിഎ സർക്കാരിന്റെ മേൽ ചെലുത്തിയ സ്വാധീനം മൂലം പൊതുമേഖലയ്‌ക്കു ലഭിച്ചിരുന്ന സംരക്ഷണം 2009-ൽ യുപിഎ രണ്ടാം തവണ തെരഞ്ഞെടുക്കപ്പെടുകയും പാർലമെന്റിൽ കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ശക്തി ക്ഷയിക്കുകയും ചെയ്‌തപ്പോൾ ഇല്ലാതെയായി. ഇത് വിശാഖാ സ്റ്റീൽ സ്വകാര്യവൽക്കരിക്കാനുള്ള പുതിയ ശ്രമങ്ങൾക്ക് കളമൊരുക്കി.

2010-ൽ സർക്കാർ വിശാഖാ സ്റ്റീൽ പ്ലാന്റിനെ ഒരു നവരത്നാ പൊതുമേഖലാ കമ്പനിയായി പ്രഖ്യാപിച്ചതാണ് ഈ ശ്രമങ്ങളിൽ ആദ്യത്തേത്.7 പ്ലാ‍ന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ച് തീരുമാനങ്ങളെടുത്ത് 1000 കോടി രൂപ വരെ സർക്കാരിന്റെ അനുമതി കൂടാതെ തന്നെ ചെലവഴിക്കാൻ കമ്പനിയുടെ ഡയറക്‌ടർ ബോർഡിന് അനുവാദം നൽകുന്നതാണ് ഈ പദവി.8 സർക്കാരിൽ നിന്നും അനുമതികൾക്കായി കാത്തുനിൽക്കാതെ ആവശ്യാനുസരണം കമ്പനിയുടെ പ്രവർത്തനം വിപുലപ്പെടുത്താൻ ഇതുവഴി സാധിക്കും എന്നായിരുന്നു ഇതിനർത്ഥം. പക്ഷേ സർക്കാർ ഒരു നിബന്ധന കൂട്ടിച്ചേർത്തു: നവരത്നാ പദവി നിലനിർത്തുന്നതിന്, വിശാഖാ സ്റ്റീൽ അതിന്റെ പത്ത് ശതമാനം ഓഹരികൾ രണ്ടു വർഷത്തിനുള്ളിൽ വിറ്റഴിക്കണം. 2012-ൽ വിശാഖാ സ്റ്റീലിന്റെ പത്തുശതമാനം ഓഹരികൾ ഒരു ഇനിഷ്യൽ പബ്ലിക് ഓഫർ (ഐപിഓ — ഒരു കമ്പനിയുടെ ഓഹരികൾ ആദ്യമായി പൊതുജനങ്ങൾക്ക് വിൽക്കുന്ന നടപടി) നടത്തി വിൽക്കാൻ തീരുമാനിച്ചപ്പോൾ പ്ലാന്റിലെ 36,000 തൊഴിലാളികൾ ജൂലൈയിൽ ഒരു ദിവസത്തെ പണിമുടക്ക് നടത്തുകയും തുടർന്നുള്ള സമരപരിപാടികളുടെ ഷെഡ്യൂൾ പ്രഖ്യാപിക്കുകയും ചെയ്‌തു. തൊഴിലാളികളുടെ ഈ ചെറുത്തുനിൽപ്പിൻറെ ഫലമായി ഐപിഓ പിൻവലിക്കാൻ സർക്കാർ നിർബന്ധിതമായി.

അതിനിടെ സർക്കാർ രണ്ടാമതൊരു തന്ത്രം പരീക്ഷിച്ചു: പ്ലാന്റ് ചെറിയ ചെറിയ ഭാഗങ്ങളായി സ്വകാര്യവൽക്കരിക്കുക. 1990-കളിൽ വിശാഖാ സ്റ്റീലിന്റെ താപവൈദ്യുത നിലയവും എയർ സെപ്പറേഷൻ പ്ലാന്റും സ്വകാര്യവൽക്കരിക്കാൻ സർക്കാർ തുനിഞ്ഞതിനെ അനുസ്‌മരിപ്പിക്കുന്ന നീക്കമായിരുന്നു ഇത്. ഈ രണ്ടു പ്ലാന്റുകളും വിശാഖാ സ്റ്റീലിന്റെ പ്രവർത്തനത്തിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. താപവൈദ്യുത നിലയം സ്റ്റീൽ പ്ലാന്റിനാവശ്യമായ ഊർജവും ബ്ലാസ്റ്റ് ഫർണസിന് ആവശ്യമുള്ള ഉയർന്ന മർദ്ദമുള്ള വായുവും ഉത്പാദിപ്പിക്കുന്നു. എയർ സെപ്പറേഷൻ പ്ലാന്റ് ഉരുക്ക് ഉത്പാദനത്തിന് ആവശ്യമായ വിവിധ വാതകങ്ങൾ ഉത്പാദിപ്പിക്കുന്നു. ഈ പ്ലാന്റുകൾ സ്വകാര്യവൽക്കരിച്ചാൽ വൈദ്യുതിയും ഓക്‌സിജൻ പോലെയുള്ള വാതകങ്ങളും സ്വകാര്യകമ്പനികൾക്ക് കൂടുതൽ തുക കൊടുത്ത് വാങ്ങേണ്ടിവരികയും സ്റ്റീൽ പ്ലാന്റിന് അധിക സാമ്പത്തിക ബാധ്യത ഉണ്ടാവുകയും ചെയ്യും.

താപവൈദ്യുത നിലയവും എയർ സെപ്പറേഷൻ പ്ലാന്റും സ്വകാര്യവൽക്കരിക്കാൻ 1990-കളിൽ നടന്ന ശ്രമങ്ങളെ വിജയകരമായി ചെറുക്കാൻ തൊഴിലാളികൾക്ക് കഴിഞ്ഞിരുന്നു. പക്ഷേ 2010-ൽ, വിശാഖാ സ്റ്റീലിൽ ആവശ്യമായിരുന്ന രണ്ട് പുതിയ എയർ സെപ്പറേഷൻ യൂണിറ്റുകൾ നിർമ്മിക്കാനും സ്വന്തമാക്കാനും പ്രവർത്തിപ്പിക്കാനും ഫ്രഞ്ച് കമ്പനിയായ എയർ ലിക്വിഡിനെ അനുവദിക്കുന്നതിൽ സർക്കാർ വിജയിച്ചു. എയർ ലിക്വിഡിന്റെ എയർ സെപ്പറേഷൻ യൂണിറ്റുകളുടെ രൂപകൽപനയിൽ വന്ന പോരായ്‌മകൾ നിമിത്തം, 2012-ൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ യൂണിറ്റുകൾ പ്രവർത്തിപ്പിച്ചപ്പോൾ ഉയർന്ന മർദ്ദത്തിലുള്ള ഓക്‌സിജൻ പൈപ്പുകൾ പൊട്ടിത്തെറിച്ച് പത്തൊമ്പത് ഉദ്യോഗസ്ഥരും തൊഴിലാളികളും വെന്തുമരിച്ചു. സംഭവത്തിനു ശേഷം പത്തുവർഷമായിട്ടും ആ എയർ സെപ്പറേഷൻ പ്ലാന്റുകൾ ഇപ്പോഴും പ്രവർത്തനക്ഷമമായിട്ടില്ല. എയർ ലിക്വിഡിന് അവരുദ്ദേശിക്കുന്ന ലാഭം കിട്ടുന്നില്ല എന്നതാണ് പ്ലാന്റുകൾ പ്രവർത്തിപ്പിക്കാത്തതിന് അവർ നിരത്തുന്ന ന്യായം. അതേസമയം, പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി പ്ലേറ്റ്സ് ആൻഡ് വെസ്സൽസ് (ബി‌എച്ച്പിവി) രൂപകല്പന ചെയ്ത പഴയ ഓക്സിജൻ പ്ലാന്റുകൾ ഇന്നും വിശാഖാ സ്റ്റീൽ പ്ലാന്റിൽ കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ട്. സുവ്യക്തമായ ഈ അന്തരം സ്വകാര്യവൽക്കരണത്തിന്റെ അപകടങ്ങൾ വ്യക്തമാക്കുന്ന ഉദാഹരണങ്ങളിൽ ഒന്നാണ്.

സർക്കാരിന്റെ മൂന്നാമത്തേതും ഏറ്റവും വിജയകരവുമായ സ്വകാര്യവൽക്കരണ തന്ത്രം, പൊതുമേഖലാ സ്ഥാപനങ്ങൾക്ക് പലവിധത്തിലുള്ള അനുമതികൾ വൈകിപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്‌തുകൊണ്ട് അവയുടെ വളർച്ച മുരടിപ്പിക്കുകയും, അതുവഴി സ്വകാര്യ സ്റ്റീൽ കമ്പനികൾക്ക് കമ്പോളത്തിൽ കൂടുതൽ വലിയ പങ്ക് കയ്യടക്കാൻ അവസരമൊരുക്കുകയും ചെയ്യുക എന്നതാണ്. ഉദാഹരണത്തിന്, ഉയർന്ന മൂല്യവർദ്ധനയുള്ള ഉൽപ്പന്നമായ സീംലെസ്സ് (വിളക്കിച്ചേർക്കലുകൾ ഇല്ലാത്ത തരം) പൈപ്പുകൾ നിർമ്മിക്കുന്ന ഒരു മില്ല് സ്ഥാപിക്കാൻ വിശാഖാ സ്റ്റീൽ തീരുമാനിച്ച് അതിന്റെ ജോലികൾ ആരംഭിച്ച ശേഷവും ഈ പദ്ധതി വേണ്ടെന്നു വയ്‌ക്കാൻ സർക്കാരിന്റെ ഭാഗത്തുനിന്നും സമ്മർദ്ദമുണ്ടായി. ഈ ഉത്പന്നത്തിന്റെ കാര്യത്തിൽ ഗണ്യമായ വിപണി വിഹിതമുള്ള വലിയ സ്വകാര്യ സ്റ്റീൽ നിർമാതാക്കൾക്ക് ഗുണകരമാകാൻ വേണ്ടിയായിരുന്നു പ്രധാനമായും സർക്കാർ ഇങ്ങനെയൊരു നിലപാടെടുത്തത്. വിശാഖാ സ്റ്റീൽ പുറത്തിറക്കുന്ന ഉത്പന്നങ്ങളുടെ വൈവിധ്യം കൂട്ടാനുള്ള ശ്രമങ്ങൾക്ക് കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകാലത്ത് പല ഘട്ടങ്ങളിലും ഇതുപോലെ സർക്കാർ അനുമതി നിഷേധിച്ചിരുന്നു.

മോദിഭരണത്തിനു കീഴിൽ

2000-കളുടെ തുടക്കം മുതൽ 2010-കളുടെ ആരംഭം വരെയുള്ള കാലത്ത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ വളർച്ചാനിരക്ക് വളരെ ഉയർന്നതായിരുന്നു; ഈ വളർച്ചയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഇന്ത്യയിലെ പടുകൂറ്റൻ കോർപറേറ്റുകളും. പൊതുമേഖലയുടെ വിഭവങ്ങൾ കൊള്ളയടിച്ചാണ് ഈ കോർപ്പറേറ്റുകൾ വളർന്നത്. പൊതുമേഖലാ ടെലികോം കമ്പനികളുടെ ആസ്‌തികൾ തങ്ങളുടെയിഷ്‌ടത്തിന് ഉപയോഗിച്ചതും, പൊതുമേഖലയിലുള്ള വാതക ഖനികളിൽ നിന്നും പ്രകൃതിവാതകം നിയമവിരുദ്ധമായി ഊറ്റിയെടുത്തതും, ഖനികളെ കണക്കറ്റ് ചൂഷണംചെയ്‌തതും, പൊതുമേഖലാ ബാങ്കുകളിൽ നിന്നെടുത്ത സഹസ്രകോടിക്കണക്കിന് രൂപയുടെ വായ്‌പകൾ തിരിച്ചടയ്‌ക്കാതെ ദുരുപയോഗം ചെയ്‌തതുമൊക്കെ കോർപ്പറേറ്റുകൾ നടത്തിയ കൊള്ളകളുടെ ഉദാഹരണങ്ങളാണ്.9 ഇതോടൊപ്പം സർക്കാർ ഒരുപടികൂടി കടന്ന് പൊതുമേഖലാ വ്യവസായങ്ങളുടെ ഭൂമി സ്വകാര്യ കമ്പനികൾക്ക് സൗജന്യമായോ വളരെക്കുറഞ്ഞ വിലയ്‌ക്കോ അനുവദിച്ചു. പൊതുമേഖലയിലുള്ള ഇന്ത്യൻ റെയിൽവേയെ വാഹന നിർമാതാക്കളായ സ്വകാര്യ കമ്പനികളുടെ നേട്ടത്തിനായി ബോധപൂർവം അവഗണിച്ചു. കോർപ്പറേറ്റുകൾക്ക് വൻതോതിൽ നികുതിയിളവുകൾ നൽകി. ഇതെല്ലാം ഇന്ത്യയിലെ വൻകിട മുതലാളിമാരെ പരാന്നഭോജികളായി, അരാജകമായി വളരാൻ അനുവദിക്കുകയും, അവരെ മുമ്പെങ്ങുമില്ലാത്തത്ര വലിയ സ്വാധീനമുള്ള മെഗാ കോർപ്പറേഷനുകളായി മാറ്റിത്തീർക്കുകയും ചെയ്‌തു.

വർദ്ധിച്ചുവരുന്ന കോർപ്പറേറ്റ് സ്വാധീനവും ഈ കോർപ്പറേറ്റുകൾ ബിജെപിക്ക് നൽകിയ ഉദാരമായ സംഭാവനകളും 2014 മുതൽ കേന്ദ്രസർക്കാരിന്റെ ചുക്കാൻ ബിജെപിയുടെയും നരേന്ദ്ര മോദിയുടെയും കയ്യിലൊതുങ്ങുന്നതിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബിജെപിയുടെയും മോദിയുടെയും ഭരണത്തിനു കീഴിൽ കോർപ്പറേറ്റുകൾ സമ്പത്ത് കുന്നുകൂട്ടുന്ന പ്രക്രിയ വർദ്ധിച്ച ഊർജത്തോടെ തുടരുന്നു. കോർപ്പറേറ്റ് താൽപ്പര്യങ്ങൾ നിറവേറ്റുന്നതിന് അചഞ്ചലമായ പ്രതിബദ്ധത കാട്ടുന്ന ഒന്നാണ് മോദിയുടെ സ്വേച്‌ഛാധിപത്യ ഭരണം. മോദി ഭരണകാലത്ത് നിരവധി പൊതു ആസ്തികൾ ചുരുക്കം ചില കോർപ്പറേറ്റുകൾക്ക് കൈമാറിയിട്ടുണ്ട്. മോദിയുടെ പ്രധാന   ധനസ്രോതസ്സായ ഗൗതം അദാനി­യാണ് ഇക്കൂട്ടത്തിൽ ഏറ്റവും വലിയ കോർപ്പറേറ്റ് ഭീമന്റെ തലവൻ. മോദിയുടെ ഭരണകാലത്ത് അദാനിയുടെ ആസ്തിയിൽ ഉണ്ടായ വർദ്ധന 1,600 ശതമാനമാണ്. വളരെ വിലപ്പെട്ട തുറമുഖങ്ങൾ, വിമാനത്താവളങ്ങൾ, സ്റ്റീൽ പ്ലാന്റുകൾ, റെയിൽവേ ലൈനുകൾ, ഖനികൾ, ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌സിഐ) രാജ്യവ്യാപകമായ ധാന്യസംഭരണ ശൃംഖല എന്നിവ ഇത്തരത്തിൽ കോർപ്പറേറ്റുകൾക്ക് കൈമാറിയ പൊതു ആസ്‌തികളിൽപ്പെടും.10

ഇന്ന് ഗംഗാവരം തുറമുഖം അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലാണ്. അവരാണ് തുറമുഖം  പ്രവർത്തിക്കുന്നതും. തങ്ങളുടെ ക്യാപ്റ്റിവ് തുറമുഖം ആയി പ്രവർത്തിപ്പിക്കാനായി വിശാഖാ സ്റ്റീൽ നിർമിക്കാനിരുന്ന അതേ ഗംഗാവരം തുറമുഖം. അതിനുപകരം, സ്റ്റീൽ പ്ലാന്റിനു സ്വന്തമായിരുന്ന 2,800 ഏക്കർ ഭൂമിയിൽ നിർമിച്ച അദാനിയുടെ സ്വകാര്യ തുറമുഖം ഭീമമായ തുക ഫീസായി നൽകിയാണ് വിശാഖാ സ്റ്റീൽ ഇന്ന് ഉപയോഗിക്കുന്നത്. സർക്കാരിന്റെ നയത്തിലെ പൊരുത്തക്കേടുകൾ ഒന്നുകൂടെ വ്യക്തമാക്കുന്ന മറ്റൊരു വസ്തുത, അദാനിയുടെ സ്വകാര്യ തുറമുഖത്തെ നഗരത്തിൽ വസ്‌തു­നികുതി അടയ്‌ക്കുന്നതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ടെങ്കിലും അത്തരമൊരു ഇളവ് വിശാഖാ സ്റ്റീലിനു നൽകിയിട്ടില്ല എന്നതാണ്.

പോസ്‌കോയുമായി പിൻ‌വാതിൽ ഇടപാട്

മോദി അധികാരത്തിൽ വന്നതിനു ശേഷം സ്വകാര്യവൽക്കരിക്കാൻ സർക്കാർ പരിഗണിക്കുന്ന സ്ഥാപനങ്ങളിലൊന്നായി വിശാഖാ സ്റ്റീൽ ഇടയ്‌ക്കിടെ വാർത്തകളിൽ പരാമർശിക്കപ്പെടാറുണ്ട്. ‘സർക്കാരിന് ബിസിനസ്സ് ചെയ്യേണ്ട യാതൊരു കാര്യവുമില്ല’ എന്നും പൊതുമേഖലാ സ്ഥാപനങ്ങളുടെ വിൽപന തന്റെ അജണ്ടയിൽ പ്രധാന സ്ഥാനമാണ് അലങ്കരിക്കുന്നതെന്നും മോദി പലപ്പോഴും ആവർത്തിച്ചിട്ടുണ്ട്.11 ഈ ചിന്താഗതിയുടെ തീവ്രമായ പ്രകടനമാണ് രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ആരംഭിച്ച നാഷണൽ മോണെറ്റൈസേഷൻ പൈപ്പ്‌ലൈൻ (എൻഎംപി). എൻഎംപി ലക്ഷ്യമിടുന്നത് 2025-ഓടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും ആസ്‌തികളും ഉൾപ്പെടെയുള്ള സാധ്യമായ എല്ലാ പൊതുമേഖലാ അടിസ്ഥാനസൗകര്യങ്ങളും വിൽക്കുകയോ പാട്ടത്തിന് നൽകുകയോ ചെയ്യുക എന്നതാണ്.

ഈ കാഴ്‌ചപ്പാടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ സർക്കാർ 2019-ൽ ഒരു നിർദേശം മുന്നോട്ടു വച്ചു. വിശാഖാ സ്റ്റീൽ പ്ലാന്റിന്റെ ഉടമസ്ഥതയിലുള്ള 3,000 ഏക്കർ ഭൂമിയിൽ ദക്ഷിണ കൊറിയൻ സ്റ്റീൽ ഭീമനായ പോസ്‌കോയുമായി ചേർന്നുള്ള ഒരു സംയുക്തസംരംഭത്തിന്റെ ആഭിമുഖ്യത്തിൽ സ്പെഷ്യൽ ഓട്ടോ ഗ്രേഡ് സ്റ്റീൽ ഉത്പാദിപ്പിക്കുന്ന ഒരു റോളിംഗ് മിൽ സ്ഥാപിക്കാം എന്നതായിരുന്നു ഈ നിർദ്ദേശം. വിശാഖാ സ്റ്റീലിന് ഈ സംയുക്ത സംരംഭത്തിൽ ചെറിയ ഓഹരി മാത്രമായിരിക്കും ഉണ്ടാവുക. ഇരുകൂട്ടർക്കും ഇതുകൊണ്ട് നേട്ടമായിരിക്കും ഉണ്ടാവുക എന്ന് സർക്കാർ അവകാശപ്പെട്ടു. പക്ഷേ വിപണിയിൽ 30,000 കോടി രൂപ വിലവരുന്നതും വിശാഖാ സ്റ്റീലിന് ഭാവിയിൽ വിപുലീകരണത്തിന് ആവശ്യമായി വന്നേക്കാവുന്നതുമായ ഇത്രയധികം ഭൂമി വേണ്ടെന്നു വയ്‌ക്കുന്നത് വിശാഖാ സ്റ്റീലിന് പ്രയോജനം ചെയ്യില്ല എന്നത് തൊഴിലാളികൾക്ക് വ്യക്തമായി മനസ്സിലായി.12 പതിറ്റാണ്ടുകൾക്കു മുമ്പ് വിശാഖാ സ്റ്റീലിനെ ദുർബലപ്പെടുത്താൻ സർക്കാർ സ്വീകരിച്ച ചില അടവുകൾക്ക് സമാനമായിരുന്നു ഇതും. അയിര് ശേഖരിച്ചോ വാങ്ങിയോ പ്ലാന്റിലെത്തിക്കൽ, കോക്ക് ഓവനുകൾ പ്രവർത്തിപ്പിക്കൽ, ഓക്‌സിജൻ പ്ലാന്റുകളും വിവിധ ഫർണസുകളും കൈകാര്യം ചെയ്യൽ എന്നിങ്ങനെ സ്റ്റീൽ നിർമാണത്തിലെ ഏറ്റവും സങ്കീർണ്ണവും അപകടകരവും കുഴഞ്ഞുമറിഞ്ഞതുമായ പ്രക്രിയകൾ വിശാഖാ സ്റ്റീലിന്റെ ഉത്തരവാദിത്വമായിത്തന്നെ തുടരും. മൂല്യശൃംഖലയിലെ ഏറ്റവും ലാഭകരമായ ഭാഗം പോസ്‌കോയ്‌ക്ക് കൈമാറ്റം ചെയ്യപ്പെടും. കൂടാതെ, വിശാഖാ സ്റ്റീലിന്റെ സ്റ്റീൽ മെൽറ്റ് ഷോപ്പുകളിൽ നിന്ന് പോസ്‌കോയുടെ മില്ലുകളിലേയ്‌ക്ക് ഉരുക്കിന്റെ വലിയൊരു പങ്ക് വഴിതിരിച്ചുവിടേണ്ടി വരുമ്പോൾ, വിശാഖാ സ്റ്റീലിന്റെ സ്വന്തം മില്ലുകളിൽ ഉരുക്കിന്‌ ദൗർലഭ്യം ഉണ്ടാകുകയും, അവ ഒടുവിൽ അടച്ചുപൂട്ടേണ്ടി വരികയും ചെയ്യും. ഈ പദ്ധതിയുടെ ആത്യന്തികമായ ലക്‌ഷ്യം വ്യക്തമായിരുന്നു — വിശാഖാ സ്റ്റീലിനെ പൂർണമായി ഏറ്റെടുക്കുവാൻ പോസ്‌കോയ്‌ക്ക് വഴിയൊരുക്കുക എന്നതായിരുന്നു അത്.

വിശാഖാ സ്റ്റീലിന്റെ ഭൂമിയിൽ പോസ്‌കോ പ്ലാന്റ് നിർമ്മിക്കാൻ സർക്കാർ അനുവാദം നൽകുന്നത് തടയാൻ തൊഴിലാളികൾ വീണ്ടും സമരത്തിനിറങ്ങി. വിശാല ട്രേഡ് യൂണിയൻ പ്രസ്ഥാനത്തോടൊപ്പം അവർ സംസ്ഥാനത്തുടനീളം വ്യാപകമായ പ്രചാരണം നടത്തി. വിശാഖപട്ടണത്തിന്റെ തെരുവുകളിൽ നടത്തിയ സ്‌കൂട്ടർ റാലികളിൽ ആയിരക്കണക്കിന് തൊഴിലാളികൾ പങ്കെടുത്തു. 2019 ഡിസംബറിൽ നിരവധി പട്ടണങ്ങളിലൂടെയും ഗ്രാമങ്ങളിലൂടെയും കടന്നുപോയി 400 കിലോമീറ്റർ സഞ്ചരിച്ച് സംസ്ഥാന തലസ്ഥാനമായ അമരാവതിയിൽ അവസാനിച്ച മോട്ടോർ സൈക്കിൾ റാലിയിലും തൊഴിലാളിസഹസ്രങ്ങൾ പങ്കാളികളായി. വിശാഖാ സ്റ്റീൽ നിർമ്മിക്കാനുള്ള പോരാട്ടത്തിന്റെയും 1966-ൽ കൊല്ലപ്പെട്ട മുപ്പത്തിരണ്ട് രക്തസാക്ഷികളുടെ ത്യാഗത്തിന്റെയും ഓർമകൾ ഉണർത്തിക്കൊണ്ട് ആന്ധ്ര പ്രദേശിലെ മറ്റ് നഗരങ്ങളിലും പട്ടണങ്ങളിലും ട്രേഡ് യൂണിയനുകളും വിദ്യാർത്ഥി സംഘടനകളും പ്രചാരണം നടത്തി. ബിജെപി ഒഴികെയുള്ള എല്ലാ രാഷ്‌ട്രീയ പാർട്ടികളും — ഭരണത്തിലിരിക്കുന്നവരായാലും പ്രതിപക്ഷത്തുള്ളവരായാലും — തൊഴിലാളികളുടെ പ്രക്ഷോഭത്തെ പിന്തുണയ്‌ക്കാൻ നിർബന്ധിതരായി.

2020-21-ൽ കർഷകസമരം നടക്കവേ 2021-ലെ റിപ്പബ്ലിക് ദിനത്തിൽ (ജനുവരി 26)  ആയിരക്കണക്കിന് കർഷകർ രാജ്യതലസ്ഥാനത്ത് ഇരച്ചുകയറിയപ്പോൾ, രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധയും അവരിലേയ്‌ക്കെത്തി.13 ജനശ്രദ്ധ കർഷകരിൽ കേന്ദ്രീകരിച്ചപ്പോൾ, അടുത്ത ദിവസം തന്നെ സാമ്പത്തിക കാര്യങ്ങൾക്കായുള്ള സർക്കാരിന്റെ ക്യാബിനറ്റ് കമ്മിറ്റി വിശാഖാ സ്റ്റീൽ പ്ലാന്റിന്റെ സമ്പൂർണ്ണവും തന്ത്രപരവുമായ വിൽപന തീരുമാനിച്ചു. എന്നാലത് ഉടനടി പ്രഖ്യാപിച്ചില്ല. തീരുമാനമെടുത്തതോടെ മോദി സർക്കാർ സ്വകാര്യവൽക്കരണത്തിനായി പലതരം ഒഴിവുകഴിവുകൾ പടച്ചുണ്ടാക്കാൻ തുടങ്ങി.

സ്ഥാപനം വൈകാതെ പോസ്‌കോ ഏറ്റെടുക്കുമെന്ന് പ്രതീക്ഷിച്ച് ബിജെപി സർക്കാർ 2019-ൽ വിശാഖാ സ്റ്റീലിന് ജാർഖണ്ഡിൽ ഒരു ക്യാപ്റ്റിവ് ഖനി അനുവദിച്ചിരുന്നു — അതായത് സ്റ്റീൽ പ്ലാന്റ് തുടങ്ങി മൂന്നു പതിറ്റാണ്ടിനു ശേഷം! പോസ്‌കോയെ സംബന്ധിച്ചിടത്തോളം ഇന്ത്യയുടെ പ്രധാന ആകർഷണം, രാജ്യത്ത് ഉയർന്ന നിലവാരമുള്ള ഇരുമ്പയിര് വലിയ അളവിൽ ലഭിക്കും എന്നതാണ്. ക്യാപ്റ്റിവ് ഖനികളുള്ള ഒരു സ്റ്റീൽ പ്ലാന്റ് ഇന്ത്യയിൽ സ്ഥാപിക്കുക വഴി പോസ്‌കോയ്‌ക്ക് കിഴക്കൻ ഏഷ്യയിലുള്ള അതിന്റെ മറ്റു പ്ലാന്റുകളിലേയ്‌ക്കും കുറഞ്ഞവിലയ്‌ക്ക് അയിര് ലഭ്യമാക്കാൻ സാധിക്കും. എന്നാൽ, പോസ്‌കോയുമായുള്ള ഇടപാട് തൊഴിലാളികൾ പരാജയപ്പെടുത്തിയതോടെ, പ്രതികാര നടപടിയായി സർക്കാർ വിശാഖാ സ്റ്റീലിന് ഖനി അനുവദിച്ചത് റദ്ദാക്കി. എന്തൊരു വിരോധാഭാസമാണെന്നു നോക്കൂ. നിലവിൽ ഇന്ത്യയിൽ ഒരു സ്റ്റീൽ പ്ലാന്റ് പോലുമില്ലാത്ത പോസ്‌കോ, ഇനിയും പണിയാത്ത പ്ലാന്റിനുവേണ്ടി അവർക്ക് ഒഡിഷയിൽ അനുവദിച്ച ക്യാപ്റ്റിവ് ഖനികൾ ഇപ്പോഴും കൈവശം വച്ചിരിക്കുന്നു. വിശാഖാ സ്റ്റീലിനു നൽകപ്പെട്ട ജാർഖണ്ഡിലെ ക്യാപ്റ്റിവ് ഖനിയാകട്ടെ, ഒരു സ്പൂൺ അയിര്‌ പോലും അവിടെ നിന്നെടുക്കാൻ സാധിക്കും മുമ്പേ മിന്നായം പോലെ തിരിച്ചെടുക്കപ്പെടുന്നു.

2022-ഓടെ വിശാഖാ സ്റ്റീലിന്റെ കടബാധ്യത 22,000 കോടി രൂപയായി. ഇതിലധികവും 2006 മുതൽ 2015 വരെ കമ്പനിയിൽ നടത്തിയ വികസന പ്രവർത്തനങ്ങൾക്ക് വേണ്ടി വന്ന ചെലവു മൂലമായിരുന്നു. എയർ ലിക്വിഡ് വരുത്തിവച്ച ദുരന്തവും, 2014-ലെ ഹുദ്ഹുദ് ചുഴലിക്കാറ്റ് പ്ലാന്റിലുണ്ടാക്കിയ ഗുരുതരമായ നാശനഷ്‌ടങ്ങളും വിപുലീകരണത്തിന് കാലതാമസമുണ്ടാക്കുകയും വിപുലീകരണത്തിനുള്ള ചെലവു വർദ്ധിക്കാനിടയാക്കുകയും ചെയ്‌തു. വികസനം ഫലംകണ്ടു തുടങ്ങിയപ്പോഴേയ്‌ക്കും ഉരുക്കു വ്യവസായത്തിന് കനത്ത തിരിച്ചടിയേൽപ്പിച്ചുകൊണ്ട് കോവിഡ്-19 മഹാമാരി ലോകത്തെ കീഴ്മേൽ മറിച്ചു. മഹാമാരി പൊട്ടിപ്പുറപ്പെട്ടതു മുതൽ മറ്റ് പല സ്റ്റീൽ നിർമാതാക്കളെയും പോലെ വിശാഖാ സ്റ്റീലും ഡിമാൻഡ് തകർച്ച മൂലം ഗുരുതരമായ മാന്ദ്യം നേരിടുകയാണ്. 2019-ൽ അനുവദിച്ച ഖനി നിലനിർത്താൻ അനുവദിച്ചിരുന്നെങ്കിൽ കുറഞ്ഞ ചെലവിൽ ഇരുമ്പയിര് ലഭ്യമാവുകയും മഹാമാരി പ്രതിസന്ധി സമയത്തുണ്ടായ നഷ്‌ടം കുറയുകയും ചെയ്‌തേനേ.

പിന്നീട് പ്രതിസന്ധി ഒന്നയയുകയും വിപണിയിൽ ഡിമാൻഡ് ഉയരുകയും ചെയ്‌തു തുടങ്ങിയപ്പോൾ, അന്താരാഷ്ട്ര വിപണിയിലെ കൽക്കരി ദൗർലഭ്യം കമ്പനിയെ ബാധിച്ചു. ഉക്രെയ്‌നിലെ യുദ്ധം മൂലം ഈ ദൗർലഭ്യം വഷളാവുകയും ചെയ്‌തു. അതോടെ ഓസ്‌ട്രേലിയയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന കോക്കിംഗ് കൽക്കരിയുടെ വില കുതിച്ചുയർന്നു. ടണ്ണടിസ്ഥാനത്തിൽ ഇരുമ്പയിരിന്റെ വിലയേക്കാൾ കൂടുതലായി കോക്കിംഗ് കൽക്കരിയുടെ വില. തത്ഫലമായി, ഇന്ത്യയിലെ എല്ലാ സ്റ്റീൽ പ്ലാന്റുകളുടെയും കാര്യത്തിലെന്നപോലെ വിശാഖാ സ്റ്റീലിന്റെ പ്രവർത്തന മൂലധനച്ചെലവുകളും വർദ്ധിച്ചു.

സർക്കാർ ഏർപ്പെടുത്തിയ 27,000 കോടി രൂപ വായ്പാപരിധിയുടെ 80 ശതമാനത്തോളം എടുത്തുകഴിഞ്ഞതു മൂലം വിശാഖാ സ്റ്റീലിന് അതിന്റെ പ്രവർത്തനമൂലധനത്തിനു വേണ്ട പണം പൂർണമായി കണ്ടെത്താൻ സാധിക്കുന്നില്ല. ഇതിന്റെ ഫലമായി, ഉരുക്കിന്റെ വിപണിയിൽ ഉണർവുണ്ടായിട്ടും പ്ലാന്റ് അതിന്റെ ശേഷിക്ക് താഴെ മാത്രം പ്രവർത്തിപ്പിക്കാൻ കമ്പനി നിർബന്ധിതമാവുകയാണ്. 2021-22 ൽ ഉൽപ്പാദിപ്പിച്ച 52 ലക്ഷം ടൺ സ്റ്റീൽ, പ്ലാന്റിന്റെ മൊത്തം ശേഷിയായ 73 ലക്ഷം ടണ്ണിനെ അപേക്ഷിച്ച് വളരെക്കുറവാണ്.

വിശാഖാ സ്റ്റീൽ നിലവിൽ അഭിമുഖീകരിക്കുന്ന പ്രവർത്തന മൂലധന പ്രതിസന്ധി തികച്ചും സർക്കാർ നിർമിതമാണ്.  പ്രവർത്തനമാരംഭിച്ച ശേഷമുള്ള മൂന്നു പതിറ്റാണ്ടുകാലത്ത്, കടബാധ്യതകൾ നിറവേറ്റാനുള്ള ശേഷി വിശാഖാ സ്റ്റീൽ വീണ്ടും വീണ്ടും തെളിയിച്ചിട്ടുള്ളതാണ്. ബാങ്കുകളിൽ നിന്നെടുത്ത വായ്‌പകളുടെ പലിശയോ മുതലോ അടയ്‌ക്കുന്നതിൽ കമ്പനി ഒരിക്കലും വീഴ്‌ച വരുത്തിയിട്ടില്ല. മറിച്ച്, ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളിൽ നിന്ന് ഭീമമായ തുകകൾ വായ്‌പയെടുത്ത് വൻതോതിൽ വികസിച്ച ഭൂഷൺ സ്റ്റീൽ, എസ്സാർ സ്റ്റീൽ തുടങ്ങിയവ ഉൾപ്പെടെയുള്ള പല സ്വകാര്യ സ്റ്റീൽ കമ്പനികളും ഈ  ബാങ്കുകൾക്ക് കൊടുത്തു തീർക്കാനുള്ളത് മൊത്തം ഒരു ലക്ഷം കോടി രൂപയിലധികം വരുന്ന വായ്‌പകളാണ്.14

വിശാഖാ സ്റ്റീലിന്റെ വായ്‌പാ പരിധി ഉയർത്താൻ സർക്കാർ വിസമ്മതിക്കുന്നത് പ്ലാന്റിനെ ദുർബലപ്പെടുത്താനും അതുവഴി വിൽപ്പനയ്‌ക്കെതിരായ ജനരോഷത്തെ നേർപ്പിക്കാനുമുള്ള മറ്റൊരു ഉപാധിയെന്ന നിലയ്‌ക്കാണ്. സർക്കാരിന്റെ ഇത്തരം ശ്രമങ്ങൾക്കിടയിലും, 2021-22-ൽ വിശാഖാ സ്റ്റീൽ 940 കോടി രൂപയുടെ അറ്റാദായം (net profit) രേഖപ്പെടുത്തി.15

2021-ലെ വേനൽക്കാലത്ത് മാരകമായ ഒരു കോവിഡ്-19 തരംഗം രാജ്യത്ത് ആഞ്ഞടിക്കുകയും ചികിത്സയുടെ അഭാവവും ഓക്‌സിജൻ ക്ഷാമവും മൂലം ദിനംപ്രതി ആയിരക്കണക്കിന് ആളുകൾ മരിക്കുകയും ചെയ്‌തപ്പോൾ ജനങ്ങൾക്ക് ആശ്വാസം പകരാൻ മുന്നിട്ടിറങ്ങുന്നതിന് വിശാഖാ സ്റ്റീലിനും അതിന്റെ തൊഴിലാളികൾക്കും അവർ അഭിമുഖീകരിക്കുന്ന വെല്ലുവിളികൾ തടസ്സമായില്ല. സർക്കാർ ആശുപത്രികൾ നിറഞ്ഞുകവിയുകയും, മിക്കവാറും സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കാൻ വിസമ്മതിക്കുകയും ചെയ്‌ത ഈ ഘട്ടത്തിൽ, തെരുവുകളിൽ ശ്വാസം മുട്ടി നിന്ന മനുഷ്യർക്ക് ആശ്വാസമായി ആന്ധ്ര പ്രദേശിലും രാജ്യത്തുടനീളവുമുള്ള ആശുപത്രികൾക്ക് മെഡിക്കൽ ഓക്‌സിജൻ നൽകാൻ മുന്നിട്ടിറങ്ങിയ ആദ്യത്തെ സ്റ്റീൽ വ്യവസായ സ്ഥാപനങ്ങളിലൊന്ന് വിശാഖാ സ്റ്റീലായിരുന്നു. മഹാമാരി മൂലമുണ്ടായ പ്രതിസന്ധിയിൽ സ്റ്റീൽ പ്ലാന്റ് ബുദ്ധിമുട്ടിയപ്പോഴും ആയിരക്കണക്കിന് ടൺ മെഡിക്കൽ ഓക്‌സിജൻ ആശുപത്രികളിൽ എത്തിക്കാനായി വിശാഖാ സ്റ്റീലിന്റെ ഓക്‌സിജൻ പ്ലാന്റുകൾ നിരന്തരം പ്രവർത്തിച്ചു.16

മുന്നോട്ടുള്ള പാത

 

പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപിക്ക് കേവല ഭൂരിപക്ഷമുള്ളതിനാൽ തെലുങ്കു മേഖലയിലെ ജനങ്ങളുടെ ആഗ്രഹങ്ങൾ പരിഗണിക്കേണ്ട കാര്യമൊന്നും തനിക്കില്ല എന്ന മട്ടിലാണ് മോദി മുന്നോട്ടു പോകുന്നത്. പക്ഷേ മോദിസർക്കാരിനെതിരെ കർഷകർ നേടിയ അതിശയകരമായ വിജയം വിശാഖാ സ്റ്റീലിലെ തൊഴിലാളികൾക്ക് പകർന്നു നൽകിയ പാഠം, മോദി സർക്കാരിന്റെ മർക്കടമുഷ്‌ടിയെ അതിജീവിക്കാൻ കഴിയുന്ന ശക്തവും തുടർച്ചയുള്ളതുമായ സമരത്തിലൂടെ സർക്കാരിനെ മുട്ടുകുത്തിക്കാൻ സാധിക്കും എന്നതാണ്. കർഷക സമരവും അതിന്റെ വിജയവും ഉരുക്കുത്തൊഴിലാളികളെ ഊർജസ്വലരാക്കുകയും അവർക്ക് ഈ പോരാട്ടത്തിൽ വിജയിക്കാൻ കഴിയും എന്ന വിശ്വാസം അരക്കിട്ടുറപ്പിക്കുകയും ചെയ്തു — കാരണം അവർക്ക് ഈ പോരാട്ടത്തിൽ വിജയിച്ചേ മതിയാകൂ.

ഈ സാഹചര്യത്തിൽ കർഷകരും തൊഴിലാളികളും തമ്മിലുള്ള ഐക്യദാർഢ്യം അത്യന്താപേക്ഷിതമാണ്. സ്റ്റീൽ പ്ലാന്റ് തൊഴിലാളികളിൽ പലരും കർഷകകുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ തുടക്കം മുതൽ തന്നെ അവർ സ്വയം‌പ്രേരിതരായി കർഷക പ്രക്ഷോഭത്തിന് പിന്തുണ നൽകി. ഉദാഹരണത്തിന്, സ്റ്റീൽ പ്ലാന്റിൽ നിന്നുള്ള ഒരു പ്രതിനിധി സംഘം 2021 ജനുവരിയിൽ ഡൽഹിയിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ച് തൊഴിലാളികളിൽ നിന്ന് സമാഹരിച്ച ഫണ്ട് കൈമാറുകയുണ്ടായി. ട്രേഡ് യൂണിയൻ പ്രസ്ഥാനം, സമരം ചെയ്യുന്ന കർഷകരുമായി കൂടിയാലോചിച്ച് പണിമുടക്കുകളും മറ്റ് സംയുക്ത സമരപരിപാടികളും നടത്താൻ ആഹ്വാനം നൽകി.  വിജയകരമായി നടപ്പാക്കപ്പെട്ട രാജ്യവ്യാപകമായ ഒരു ബന്ദ് ഈ സമരപരിപാടികളിൽപ്പെട്ടതാണ്. കർഷക പ്രസ്ഥാനത്തിന്റെ നേതൃത്വത്തെ പൊതുമേഖലാ സ്ഥാപനങ്ങളുടെ, പ്രത്യേകിച്ചും വിശാഖാ സ്റ്റീലിന്റെ, സ്വകാര്യവൽക്കരണത്തിനെതിരെ നിലപാടെടുക്കുന്നതിനു പ്രേരിപ്പിക്കുന്നതിൽ ഈ കൊടുക്കൽ‌വാങ്ങലുകൾ വലിയ പങ്കുവഹിച്ചു.

രാകേഷ് ടിക്കേയത്തും അശോക് ധവളെയും കർഷക പ്രസ്ഥാനത്തിന്റെ മറ്റ് പ്രമുഖ നേതാക്കളും 2021 ഏപ്രിലിൽ വിശാഖപട്ടണത്തെത്തി ഒരു പൊതുയോഗത്തിൽ വച്ച് അവിടുത്തെ തൊഴിലാളി സമരത്തിന് പൂർണപിന്തുണ പ്രഖ്യാപിച്ചത് സംസ്ഥാനത്തിന്റെ, പ്രത്യേകിച്ച് കർഷകരുടെ, മുഴുവൻ ശ്രദ്ധ നേടിയിരുന്നു. ഇത് പൊതുമേഖലയെയും വിശാഖാ സ്റ്റീൽ പ്ലാന്റിനെയും രക്ഷിക്കാനുള്ള പോരാട്ടത്തിന് ഒരു വിശാല സ്വഭാവം നൽകുകയും പ്ലാന്റ് സ്വകാര്യവൽക്കരിക്കാനുള്ള നീക്കത്തിനെതിരെ കൂടുതൽ ശക്തമായ പൊതുജനാഭിപ്രായം ഉയർത്തിക്കൊണ്ടുവരുന്നതിന് സഹായകരമാവുകയും ചെയ്‌തു.

വിശാഖാ സ്റ്റീൽ പണിയാൻ ഭൂമി നൽകിയ ഏകദേശം 16,000 കുടുംബങ്ങളിൽ പലരും തൊഴിലാളികൾക്കൊപ്പം പോരാട്ടം തുടരുകയാണ്. ഈ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിൽക്കുന്നത് ജനങ്ങൾക്ക് നൽകിയ വാഗ്ദാനത്തിന്റെ ലംഘനവും തങ്ങളുടെ ത്യാഗത്തിന്റെ യഥാർത്ഥ ഉദ്ദേശ്യത്തിന് നിരക്കാത്തതും ആണെന്നാണ് അവർ വാദിക്കുന്നത്. ഈ കുടുംബങ്ങൾ ട്രേഡ് യൂണിയനുകൾക്കൊപ്പം ചേർന്നുകൊണ്ട് നടത്തിയ വർഷങ്ങൾ നീണ്ട പോരാട്ടങ്ങളുടെ ഫലമായി ഈ കുടുംബങ്ങളിൽ നിന്നുള്ള 8,000 പേർക്ക് തൊഴിൽ ലഭിച്ചിട്ടുണ്ട്. കൂടുതൽ പേരെ നിയമിക്കുന്നതിനായുള്ള പോരാട്ടം അവർ തുടരുകയുമാണ്. സ്വകാര്യവൽക്കരണത്തിനെതിരായി 2021 ഫെബ്രുവരി 12 മുതൽ 500 ദിവസത്തിലധികമായി ദേശീയപാതയായ NH-16-ൽ തൊഴിലാളികൾ നടത്തിവരുന്ന അനിശ്ചിതകാല ധർണയിൽ ഈ കുടുംബങ്ങളിൽ നിന്നുള്ളവരും പങ്കുചേർന്നിട്ടുണ്ട്.

അനിശ്ചിതകാല ധർണയ്‌ക്കു പുറമേ, വിശാഖാ സ്റ്റീലിനെ രക്ഷിക്കാനുള്ള പോരാട്ടം സംസ്ഥാനത്തിന്റെ ഓരോ മുക്കിലും മൂലയിലേയ്‌ക്കും കൊണ്ടുപോകാനുള്ള പ്രചാരണവും ട്രേഡ് യൂണിയനുകൾ തുടങ്ങി. ഇതിന്റെ ഭാഗമായി പ്ലാന്റിന്റെ സ്വകാര്യവൽക്കരണത്തെ എതിർക്കുന്ന ഒരു പ്രസ്‌താവനയിൽ കുറഞ്ഞത് ഒരു കോടി ഒപ്പുകൾ എങ്കിലും ശേഖരിക്കാനാണു തീരുമാനം. സംസ്ഥാനത്തെ മിക്കവാറും എല്ലാ ഗ്രാമങ്ങളിലും സാന്നിധ്യമുള്ള സംഘടിതരായ അംഗൻവാടി തൊഴിലാളികൾ, വിശാഖാ സ്റ്റീലിലെ തൊഴിലാളികൾക്ക് തങ്ങളുടെ പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് തങ്ങൾ പ്രവർത്തിക്കുന്ന ഗ്രാമങ്ങളിൽ ഓരോന്നിലും നിന്ന് കുറഞ്ഞത് പത്ത് ഒപ്പുകൾ വീതമെങ്കിലും ശേഖരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. വിശാഖപട്ടണം മുനിസിപ്പൽ കോർപ്പറേഷനിലെ മേയറും അംഗങ്ങളും തൊട്ടു തുടങ്ങി 2022 മെയ് മാസം ആയപ്പോഴേയ്‌ക്കും സംസ്ഥാനത്തെ 60 ലക്ഷത്തിലധികം ജനങ്ങൾ ഇതിൽ ഒപ്പുവച്ചിരുന്നു; ഗ്രാമങ്ങളിൽ ഒപ്പുശേഖരണം തുടരുകയുമാണ്.

മൂന്നു പതിറ്റാണ്ടത്തെ തുടർച്ചയായ സമരങ്ങൾ വിശാ‍ഖാ സ്റ്റീൽ തൊഴിലാളികളെ തഴക്കം ചെന്ന രാഷ്‌ട്രീയ പോരാളികളാക്കി മാറ്റിത്തീർത്തിട്ടുണ്ട്. പോരാട്ടത്തിന്റെ പാതയിൽ തുടരാനും, സമ്മർദ്ദങ്ങളെ അതിജീവിക്കാനും, സ്വകാര്യവൽക്കരണത്തിനെതിരായ പോരാട്ടത്തിൽ വിജയിക്കാനും കഴിയുമെന്ന ആത്മവിശ്വാസം ഇന്ന് തൊഴിലാളികൾക്കുണ്ട്. സംസ്ഥാനത്തും രാജ്യത്തുടനീളവും നാനാതുറയിൽ പെട്ട വ്യക്തികളിൽ നിന്നും സംഘടനകളിൽ നിന്നും അവർക്കു ലഭിക്കുന്ന വ്യാപകമായ പിന്തുണ സൂചിപ്പിക്കുന്നത് അവർ ശരിയായ ദിശയിലാണു നീങ്ങുന്നത് എന്നു തന്നെയാണ്.

കൃതജ്ഞത

 

ഈ ദോസിയർ തയാറാക്കിയിരിക്കുന്നത് പ്രധാനമായും ച. നരസിംഗറാവു (സിഐടിയു ആന്ധ്ര പ്രദേശ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ്), ജെ. അയോധ്യ റാം (സ്റ്റീൽ പ്ലാന്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്), യു. രാമസ്വാമി (സ്റ്റീൽ പ്ലാന്റ് എംപ്ലോയീസ് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറി), ഡി. ആദി നാരായണ (വിശാഖാ സ്റ്റീൽവർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി) എന്നിവരുമായുള്ള അഭിമുഖങ്ങളെ അടിസ്ഥാനമാക്കിയാണ്.

 

കുറിപ്പുകൾ

 

1 ച. നരസിംഗറാവു (സിഐടിയു ആന്ധ്ര പ്രദേശ് സംസ്ഥാന കമ്മിറ്റിയുടെ പ്രസിഡന്റ്), ജെ. അയോധ്യ റാം (സ്റ്റീൽ പ്ലാന്റ് എംപ്ലോയീസ് യൂണിയൻ പ്രസിഡന്റ്), യു. രാമസ്വാമി (സ്റ്റീൽ പ്ലാന്റ് എംപ്ലോയീസ് യൂണിയൻ ഓർഗനൈസിംഗ് സെക്രട്ടറി), ഡി. ആദി നാരായണ (വിശാഖാ സ്റ്റീൽവർക്കേഴ്‌സ് യൂണിയൻ ജനറൽ സെക്രട്ടറി) എന്നിവരുമായി നടത്തിയ അഭിമുഖങ്ങൾ, 2022.

2 Ch. Narasinga Rao, Visakha Ukku Andhrula Hakku Mahodhyamam [Visakha Steel Is the Andhra People’s Right] (Vijayawada: CITU, 2021).

3 Ch. Narasinga Rao, Visakha Ukku Andhrula Hakku Mahodhyamam.

4 Ch. Narasinga Rao, Visakha Ukku Andhrula Hakku Mahodhyamam.

5 Ch. Narasinga Rao, Visakha Ukku Andhrula Hakku Mahodhyamam.

6 Rashtriya Ispat Nigam Limited / Visakhapatnam Steel Plant, Annual Report (various years), Visakhapatnam, www.vizagsteel.com.

7 ലാഭക്ഷമത, വലിപ്പം തുടങ്ങിയ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്ക് കേന്ദ്ര സർക്കാർ നൽകാറുള്ള പദവികളിലൊന്നാണ് ‘നവരത്ന’. നവരത്നാ കമ്പനികളെക്കാൾ വലുതും കൂടുതൽ ലാഭമുണ്ടാക്കുന്നതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ‘മഹാരത്ന’ എന്ന പദവിയും നവരത്നാ കമ്പനികളെക്കാൾ ചെറുതും ലാഭം കുറഞ്ഞതുമായ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങൾക്കായി ‘മിനിരത്ന’ എന്ന പദവിയുമുണ്ട്.

8 Utpal Bhaskar, ‘Power Finance Corp Set to Be India’s 11th Maharatna CPSE’, Mint, 20 September 2021, https://www.livemint.com/companies/news/power-finance-corp-set-to-be-india-s-11th-maharatna-cpse-11632161171972.html.

9 Ashish Rukhaiyar, ‘60 Listed Firms Disclose Rs. 75,000 Cr. Default’, The Hindu, 9 January 2020, https://www.thehindu.com/business/60-listed-firms-disclose-75000-cr-default/article30526706.ece; Vivek Kaul, ‘Banks Have Written off Bad Loans Worth Rs 10.8 Lakh Crore in Last Eight Years’, Newslaundry, 23 July 2021, https://www.newslaundry.com/2021/07/23/banks-have-written-off-bad-loans-worth-rs-108-lakh-crore-in-last-eight-years.

10 ‘ഫോർബ്‌സ്’ മാസിക പ്രസിദ്ധീകരിച്ച സ്ഥിതിവിവരക്കണക്കുകളുടെ അടിസ്ഥാനത്തിൽ കണക്കാക്കിയത്. ‘India Rich List 2014 – Forbes India Magazine’, Forbes India, accessed 26 July 2022, https://www.forbesindia.com/lists/india-rich-list-2014/1483/1; Chase Peterson-Withorn, ‘India’s Gautam Adani Passes Warren Buffett to Become World’s 5th Richest Person’, Forbes, 23 April 2022, https://www.forbes.com/sites/chasewithorn/2022/04/23/indias-gautam-adani-passes-warren-buffett-to-become-worlds-5th-richest-person/.

11 ET Bureau, ‘Red Carpet, Not Red Tape for Investors, Is the Way Out of Economic Crisis: Narendra Modi’, The Economic Times, 7 June 2012, https://economictimes.indiatimes.com/opinion/interviews/red-carpet-not-red-tape-for-investors-is-the-way-out-of-economic-crisis-narendra-modi/articleshow/13878238.cms; Mail Today Bureau, ‘Batting for Privatisation, Narendra Modi Presents Himself as a Right-Wing Alternative to Congress Party’s Centre-Left Policies’, India Today, 9 April 2013, https://www.indiatoday.in/india/north/story/narendra-modi-ficci-address-gujarat-chief-minister-right-wing-alternative-privatisation-158190-2013-04-09; Business Today Desk, ‘Government Has No Business to Do Business: PM Narendra Modi’, Business Today, 9 February 2022, https://www.businesstoday.in/latest/economy/story/government-has-no-business-to-do-business-pm-narendra-modi-322064-2022-02-09.

12 ച. നരസിംഗറാവു തുടങ്ങിയവരുമായി നടത്തിയ അഭിമുഖങ്ങൾ.

13 കർഷകസമരത്തെപ്പറ്റി കൂടുതലറിയാൻ ട്രൈക്കോണ്ടിനെന്റൽ: ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സോഷ്യൽ റിസർച്ച് ഈ വിഷയത്തെപ്പറ്റി പ്രസിദ്ധീകരിച്ച ദോസിയർ കാണുക: Tricontinental: Institute for Social Research, The Farmers’ Revolt in India, dossier no. 41, 14 June 2021, https://thetricontinental.org/dossier-41-india-agriculture/

14 Abhijit Lele, ‘Steel Firms Dominate RBI’s List of 12 Defaulters’, Business Standard, 17 June 2017, https://www.business-standard.com/article/finance/steel-firms-dominate-list-of-rbi-s-12-defaulters-117061601393_1.html.

15 Parliament of India, Rajya Sabha, ‘Cost of Production of Steel in CPSEs’, Question by Rajya Sabha MP G.V.L. Narasimha Rao and answer by Faggan Singh Kulaste, Minister of State in the Ministry of Steel, unstarred question no. 159 for answer on 18 July 2022 (New Delhi: Rajya Sabha Secretariat, July 2022).

16 Telangana Today, ‘Visakhapatnam RINL Dispatched over 11,900 MT Oxygen So Far’, Telangana Today, 5 May 2021, https://telanganatoday.com/visakhapatnam-rinl-dispatched-over-11900-mt-oxygen-so-far.

 

ഗ്രന്ഥസൂചി

 

‘India Rich List 2014 – Forbes India Magazine’, Forbes India, accessed 26 July 2022, https://www.forbesindia.com/lists/india-rich-list-2014/1483/1.

Bhaskar, Utpal. ‘Power Finance Corp Set to Be India’s 11th Maharatna CPSE’. Mint, 20 September 2021. https://www.livemint.com/companies/news/power-finance-corp-set-to-be-india-s-11th-maharatna-cpse-11632161171972.html.

Bhattacharjee, Sumit. ‘Vizag Steel Plant, a Saga of Steely Grit, Struggle, and Sacrifice’, The Hindu, 9 February 2021. https://www.thehindu.com/news/national/andhra-pradesh/vizag-steel-plant-a-saga-of-steely-grit-struggle-and-sacrifice/article33786508.ece.

Business Today Desk. ‘Government Has No Business to Do Business: PM Narendra Modi’, Business Today, 9 February 2022, https://www.businesstoday.in/latest/economy/story/government-has-no-business-to-do-business-pm-narendra-modi-322064-2022-02-09.

Comptroller and Auditor General of India. Report of the Comptroller and Auditor General of India on Production and Sale of Iron Ore by NMDC Limited, for the year ended March 2012. New Delhi: Union Government, Ministry of Steel, Report no. 20 of 2012-13 (Performance Audit), 2012. https://cag.gov.in/cag_old/content/report-no-20-2012-13-%E2%80%93-performance-audit-production-and-sale-iron-ore-nmdc-limited-ministry.

Comptroller and Auditor General of India. Report of the Comptroller and Auditor General of India on Capacity Expansion of Rashtriya Ispat Nigam Limited, for the year ended March 2014. New Delhi: Union Government (Commercial), Ministry of Steel, no. 10 of 2015 (Performance Audit), 2015. https://cag.gov.in/cag_old/sites/default/files/audit_report_files/Union_Performance_Commercial_Capacity_Expansion_Rashtriya_Ispat_Nigam_Ltd%20_Ministry_Steel_10_2015.pdf.

ET Bureau. ‘Red Carpet, Not Red Tape for Investors, Is the Way Out of Economic Crisis: Narendra Modi’, The Economic Times, 7 June 2012, https://economictimes.indiatimes.com/opinion/interviews/red-carpet-not-red-tape-for-investors-is-the-way-out-of-economic-crisis-narendra-modi/articleshow/13878238.cms.

Ghoshal, Sumantra, Gita Piramal, and Sudeep Budhiraja. World Class in India: A Case Book of Companies in Transformation. New Delhi: Penguin, 2001.

Kaul, Vivek. ‘Banks Have Written off Bad Loans Worth Rs 10.8 Lakh Crore in Last Eight Years’, Newslaundry, 23 July 2021, https://www.newslaundry.com/2021/07/23/banks-have-written-off-bad-loans-worth-rs-108-lakh-crore-in-last-eight-years.

Lele, Abhijit. ‘Steel Firms Dominate RBI’s List of 12 Defaulters’, Business Standard, 17 June 2017, https://www.business-standard.com/article/finance/steel-firms-dominate-list-of-rbi-s-12-defaulters-117061601393_1.html.

Mail Today Bureau. ‘Batting for Privatisation, Narendra Modi Presents Himself as a Right-Wing Alternative to Congress Party’s Centre-Left Policies’, India Today, 9 April 2013, https://www.indiatoday.in/india/north/story/narendra-modi-ficci-address-gujarat-chief-minister-right-wing-alternative-privatisation-158190-2013-04-09.

Narasinga Rao, Ch. Visakha Ukku Andhrula Hakku Mahodhyamam [Visakha Steel Is the Andhra People’s Right]. Vijayawada: CITU, 2021.

Parliament of India, Rajya Sabha, Department-Related Parliamentary Standing Committee on Industry. Thirty-Fourth Report on Problems Being Faced by Steel Industry (Both in Public and Private Sectors). Presented to Rajya Sabha and laid in Lok Sabha on 2 May 2000. New Delhi: Rajya Sabha Secretariat, May 2000. https://rajyasabha.nic.in/rsnew/Committee_site/Committee_File/ReportFile/17/17/34_2016_7_12.pdf.

Parliament of India, Rajya Sabha, Department-Related Parliamentary Standing Committee on Industry. One Hundred Thirteenth Report on Action Taken by the Government on Recommendations Contained in Committee’s 88th Report on Performance Review of Rashtriya Ispat Nigam Ltd. (Ministry of Steel). Presented to Rajya Sabha and laid on the table of Lokh Sabha on 8 May 2003. New Delhi: Rajya Sabha Secretariat, May 2003. https://rajyasabha.nic.in/rsnew/Committee_site/Committee_File/ReportFile/17/17/113_2016_7_13.pdf.

Parliament of India, Rajya Sabha. ‘Cost of Production of Steel in CPSEs’. Question by Rajya Sabha MP G.V.L. Narasimha Rao and answer by Faggan Singh Kulaste, Minister of State in the Ministry of Steel, unstarred question no. 159 for answer on 18 July 2022. New Delhi: Rajya Sabha Secretariat, July 2022.

Peterson-Withorn, Chase. ‘India’s Gautam Adani Passes Warren Buffett to Become World’s 5th Richest Person’. Forbes, 23 April 2022. https://www.forbes.com/sites/chasewithorn/2022/04/23/indias-gautam-adani-passes-warren-buffett-to-become-worlds-5th-richest-person/.

Rukhaiyar, Ashish. ‘60 Listed Firms Disclose ₹75,000 Cr. Default’, The Hindu, 9 January 2020, https://www.thehindu.com/business/60-listed-firms-disclose-75000-cr-default/article30526706.ece.

Telangana Today. ‘Visakhapatnam RINL Dispatched over 11,900 MT Oxygen So Far’, Telangana Today, 5 May 2021, https://telanganatoday.com/visakhapatnam-rinl-dispatched-over-11900-mt-oxygen-so-far.

 

ഈ ദോസിയർ പിഡി‌എഫ് ആയി ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.